പേരിടൽ കല

HIGHLIGHTS
  • പുസ്തകപ്പേര് മാറ്റിയെഴുതിയ കഥകൾ
Kadhakkoottu1248-AUG-07
എംടി, വൈക്കം, ഡോ. ബാബു പോൾ, എൻ.കെ. ശേഷൻ
SHARE

പല രചനകളുടെയും പേരുമാറ്റത്തിനു പിന്നിൽ ഒരു പത്രാധിപരുടെ കയ്യുണ്ട്. അല്ലെങ്കിൽ രചയിതാവിന്റെ സുഹൃത്തിന്റെ. മറ്റു ഭാഷകളിലെ നോവലുകളുടെ പരിഭാഷ ‘ജനയുഗം’ വാരിക പ്രസിദ്ധീകരിക്കുന്ന കാലം. യശ്പാലിന്റെ പ്രശസ്ത നോവലായ ‘ജൂഠാ സച്ച്’ന്റെ പരിഭാഷ പ്രസിദ്ധീകരണത്തിനു ലഭിച്ചു. ആ നോവൽപേരിന്റെ നേരർഥം ‘കള്ളമായ സത്യം’ എന്നാണ്. മറ്റൊരർഥമുള്ള കള്ളസത്യം എന്ന വാക്ക് മലയാളത്തിലുള്ളതുകൊണ്ട് ആ പേരു മാറ്റിയേ പറ്റൂ. നോവൽ വായിച്ചശേഷം പത്രാധിപർ വൈക്കം ചന്ദ്രശേഖരൻ നായർ ‘കള്ളമായ സത്യം’ വെട്ടി പകരം ‘നിറംപിടിപ്പിച്ച നുണകൾ’ എന്നെഴുതി. മൂലഗ്രന്ഥത്തിനെക്കാൾ മനോഹരമായ പേര്.

പുനത്തിൽ കുഞ്ഞബ്ദുള്ള തന്റെ ഇതിഹാസ നോവൽ മാതൃഭൂമി വാരിക പത്രാധിപർ എം.ടി. വാസുദേവൻ നായരെയല്ല ഏൽപിച്ചിരുന്നതെങ്കിൽ അതു ‘കാരക്കാടൻ കുന്നുകൾ’ എന്നോ ‘കാരക്കാട്ടിൽ സൂര്യോദയം’ എന്നോ ഉള്ള പേരിലായേനേ പുറത്തുവരിക. പരമ്പരയായി പ്രസിദ്ധീകരിക്കുന്നതിനു മുൻപ് എംടി അതിന് അവിസ്മരണീയമായ ഒരു പേരു നൽകി: സ്മാരകശിലകൾ. പക്ഷേ, അതു സിനിമയായപ്പോൾ വീണ്ടും പേരു മാറി: രാമാനം.

‘ചമയം’ എന്ന പേരിട്ടാണ് അഷ്ടമൂർത്തി നോവൽ അയച്ചത്. പക്ഷേ, തുടരനായി പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ചീഫ് എഡിറ്റർ എൻ.വി. കൃഷ്ണവാരിയർ പറഞ്ഞതനുസരിച്ച് അഷ്ടമൂർത്തി പേര് ‘റിഹേഴ്സൽ ക്യാംപ്’ എന്നാക്കിക്കൊടുത്തു.

പേരുമാറ്റാൻ ശ്രമിച്ചിട്ട് ഒടുവിൽ ആദ്യ പേരിലേക്കു തന്നെ മടങ്ങിപ്പോയ രചനകളുമുണ്ട്. രാജലക്ഷ്മിയുടെ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി വാരികയിൽ കൊടുക്കാൻ തിരഞ്ഞെടുത്തെങ്കിലും കൃഷ്ണവാരിയർക്ക് ആ പേര് ഇഷ്ടപ്പെട്ടില്ല. ‌‘പൊന്നിന്റെ മതിൽ’ എന്നായാലോ എന്ന് രാജലക്ഷ്മി ചോദിച്ചു. പൊന്നിന്റെ മതിലിനെക്കാൾ നല്ലത് ‘പൊൻമതിൽ’ ആണെന്ന് എൻവി മറുപടി അയച്ചെങ്കിലും അവസാനം ‘ഞാനെന്ന ഭാവം’ എന്നപേരിൽ തന്നെ അതു പരമ്പരയാക്കുകയാണ് എൻവി ചെയ്തത്.

പത്രാധിപർ പറഞ്ഞിട്ടും പേരു മാറ്റാൻ സമ്മതിക്കാത്ത കഥ പറയുന്നു ഡോ. ഡി. ബാബു പോൾ. സർവീസ് സ്റ്റോറി എഴുതാൻ തീരുമാനിച്ചപ്പോൾ പത്തുപന്ത്രണ്ടു പേരുകൾ എഴുതി നോക്കി. ഒന്നും തൃപ്തിയായില്ല. ‘‘ഇന്ന് അങ്ങു പറഞ്ഞില്ലെങ്കിൽ ഞാൻ നറുക്കിട്ടെടുക്കും’’ എന്നു പ്രാർഥിച്ച ഒരു ദിവസം പ്രഭാതസവാരിക്കിടെ തിരുവനന്തപുരത്തെ മ്യൂസിയം വളപ്പിൽ പടിഞ്ഞാറേ കമാനത്തിന്റെ വളവു തിരിയുമ്പോൾ അശരീരി കേട്ടു: ‘കഥ ഇതുവരെ’. മാധ്യമം പത്രാധിപർ അത് ‘ഇതുവരെ’ എന്നാക്കണമെന്നു പറഞ്ഞപ്പോൾ സമ്മതിക്കാതിരുന്നതു ദൈവം നിശ്ചയിച്ച പേരു മാറ്റാൻ തനിക്ക് അവകാശമില്ല എന്ന ബോധംകൊണ്ടാണെന്നു ബാബു പോൾ.

‘കിഞ്ചിച്ഛേഷം അഥവാ ഇത്തിരി ബാക്കി’ എന്ന പേരിട്ട ഒരു കഥാസമാഹാരവുമായി വൈലോപ്പിള്ളി സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ വന്ന കഥ പ്രസിദ്ധമാണ്.

കുടിയൊഴിക്കൽ പോലെ കാവ്യാത്മകമായ പേരുകൾക്കുശേഷം വൈലോപ്പിള്ളി കവിതയ്ക്ക് ഇങ്ങനെയൊരു പേരോ എന്നു ജോർജ് ഓണക്കൂർ ഭവ്യതയോടെ ചോദിച്ചു. കവിതയ്ക്ക് എന്തു പേരിടണമെന്നു തീരുമാനിക്കാൻ കവിക്കാണ് അവകാശമെന്നു പറഞ്ഞു പരിഭവിച്ച് വൈലോപ്പിള്ളി കയ്യെഴുത്തുപ്രതി തിരികെയെടുത്തെങ്കിലും പിന്നീടു പേരുമാറ്റി ‘മകരക്കൊയ്ത്ത്’ എന്നാക്കി.

‘മലയാളനാട് രാഷ്ട്രീയ വാരിക’ 1981ൽ ആരംഭിക്കുന്നതു തകഴിയുടെ നോവലുമായാണ്. ‘തേടിപ്പോകുന്നു, കിട്ടുമോ?’ എന്ന നോവൽ പേരു കണ്ട ചില കുസൃതികൾ അതിനൊരു ഭാഷ്യം ചമച്ചു: പ്രതിഫലത്തെപ്പറ്റി തകഴിയുടെ ആത്മഗതമാണ് അതെന്ന്. അക്കഥ തകഴിയുടെ ചെവിയിലും എത്തിയതുകൊണ്ടാണോ എന്തോ നോവൽ പുസ്തകമാക്കിയപ്പോൾ പേര് ‘ബലൂൺ’ എന്നാക്കി.

മലയാളത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഒരേയൊരു യാത്രാപുസ്തകമായ ‘ഹൈമവതഭൂവിൽ’–ന് ആ പേരു നൽകിയത് ഡോ. സുകുമാർ അഴീക്കോടാണ്. അവർ തമ്മിൽ പിണങ്ങുന്നതിനും വീണ്ടും ഇണങ്ങുന്നതിനുമൊക്കെ മുൻപാണിത്. വീരേന്ദ്രകുമാർ പറയുന്നു: അഴീക്കോടും ഞാനും ഒരു കാറിൽ യാത്ര ചെയ്യുമ്പോൾ അതു പുസ്തകമാക്കാനുള്ള ആലോചന നടക്കുകയാണ്. അതിന് എന്തു പേരാണിടുക എന്നു ഞാൻ ചോദിച്ചു. കുറച്ചു നേരത്തെ ഏകാഗ്രമൗനം. ഹൈമവതഭൂവിൽ എന്നു പോരേ എന്നായിരുന്നു മൗനഭഞ്ജനം. ആ ശീർഷകം മനംകുളിർപ്പിക്കുന്നതായി.

നേരത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അതു ഖണ്ഡശ്ശയായി വന്നത് ‘തളരുന്ന താഴ്‌വരകളും വരളുന്ന നദികളും’ എന്ന പേരിലായിരുന്നു.

ഒരു പുസ്തകപ്പേരിനെപ്പറ്റിയുള്ള നല്ല ഫലിതങ്ങളിലൊന്ന് ധനകാര്യമന്ത്രി എൻ.കെ. ശേഷന്റേതാണ്. മുണ്ടശ്ശേരി മാഷിനു തണ്ട് ശ്ശിയുണ്ട് എന്ന് എതിരാളികൾ പ്രചരിപ്പിക്കുന്ന കാലം. മാഷിന്റെ ആത്മകഥയായ ‘കൊഴിഞ്ഞ ഇലകൾ’ പുറത്തുവരുന്നു. 

‘‘മാഷ്ടെ ആത്മകഥ ഉഗ്രൻ. പക്ഷേ, പുസ്തകത്തിന്റെ പേര് ഇങ്ങനെ വേണ്ടായിരുന്നു’’ എന്നു വെടിവട്ടത്തിൽ ശേഷൻ.

‘‘ഇപ്പോഴത്തെ പേരിന് എന്താണാവോ തകരാറ്?’’ എന്ന് അഴീക്കോട്.

‘‘തകരാർ ഇത്രേയുള്ളൂ: ഇല കൊഴിഞ്ഞാൽ പിന്നെ ബാക്കിയാവുന്നത് തണ്ട് മാത്രമല്ലേ?’’

English Summary: ‘Kadhakoottu’ Column written by Thomas Jacob, Stories behind the titles of famous books

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA