ചിത്രയോഗം

HIGHLIGHTS
  • വാരികകളിലെ വരയുടെ വിശിഷ്ട ലോകം
Kadhakkoottu1248-Nov-27
കെ.ജെ. മാത്യു, എം.വി. ദേവൻ, നമ്പൂതിരി, എ.എസ്.
SHARE

ആർട്ടിസ്റ്റ് കെ.ജെ. മാത്യുവിനെ ഓർമിക്കുമ്പോഴൊക്കെ ഞാൻ അദ്ഭുതപ്പെടാറുണ്ട്. എരുമേലിക്കടുത്തുള്ള കനകപ്പലം ഗ്രാമത്തിൽനിന്ന് മാത്യു എങ്ങനെ അൻപതുകളുടെ ആദ്യം മുംബൈയിലെ ജെജെ സ്കൂൾ ഓഫ് ആർട്സിൽ എത്തിപ്പെട്ടെന്ന്. പ്രശസ്തമായ ഇത്തരം പരിശീലന സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തികളൊന്നും അന്നു മലയാള പത്രങ്ങളിൽ ഇല്ലായിരുന്നു. ബി.എസ്. വാരിയരൊക്കെ എഴുതിത്തുടങ്ങിയത് അതിനു ശേഷമാണ്. മാത്യുവിന്റെ ജെജെ പ്രവേശനത്തിനുശേഷം ദശകങ്ങൾ കഴിഞ്ഞ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്, ചെങ്ങന്നൂരിൽ ചായ കുടിക്കാൻ കയറിയ ഒരു കടയിൽ മനോരമ പത്രത്തിലെ പരസ്യം കണ്ടാണ് പുണെയിൽ ഇങ്ങനെയൊരു പരിശീലന സ്ഥാപനമുണ്ടെന്നു താൻ അറിഞ്ഞതെന്ന്. 

ശങ്കർ കഴിഞ്ഞാൽ ഇന്ത്യ കണ്ട വിഖ്യാത കാർട്ടൂണിസ്റ്റായ ആർ.കെ. ലക്ഷ്മണിനു ജെജെ സ്കൂൾ പ്രവേശനം നിഷേധിക്കുന്ന കാലത്താണ് നമ്മുടെ കനകപ്പലത്തുകാരൻ ‘പയ്യൻ’ അവിടെ ഫൈൻ ആർട്സ് ആൻഡ് അപ്ലൈഡ് ആർട്സിൽ ചേർന്നു ബിരുദമെടുക്കുന്നത്. അൻപതുകളുടെ ആദ്യ പാദങ്ങളിൽ ആർട്ടിസ്റ്റും കാർട്ടൂണിസ്റ്റും ഫൊട്ടോഗ്രഫറുമായി മനോരമയിൽ ചേരുമ്പോൾ ഉന്നത പരിശീലനത്തിനുശേഷം കേരളത്തിലെ ഒരു പത്രസ്ഥാപനത്തിൽ ആർട്ട് വിഭാഗത്തിൽ ചേരുന്ന ആദ്യത്തെയാളായി മാത്യു. 1955ൽ മനോരമ പത്രത്തിൽ മാത്യുവിന്റെ ധാരാളം കാർട്ടൂണുകൾ കാണാം. 1958ൽ സ്വീഡനിലെ പ്രശസ്ത ആർട്ടിസ്റ്റ് ജാൻ തോമസിന്റെ കീഴിൽ ഒന്നരമാസത്തെ പരിശീലനത്തിനായി മാത്യു വീണ്ടും ജെജെയിൽ പോയി.

അതിനു മുൻപ് എം. ഭാസ്കരൻ ‘മാതൃഭൂമി’ വാരികയിലും ‘സഞ്ജയൻ’ മാസികയിലുമൊക്കെ വരച്ചു തുടങ്ങിയിരുന്നു. സ്വയാർജിത കഴിവുകൾ വികസിപ്പിച്ചു വരയിൽ അദ്ഭുതങ്ങൾ കാട്ടിയ ആളായിരുന്നു അദ്ദേഹം. മാതൃഭൂമിയിൽകൂടി വരയ്ക്കുമെന്നല്ലാതെ അവിടത്തെ ഒരു സ്റ്റാഫ് ആയിരുന്നില്ല ഭാസ്കരൻ എന്നാണ് എന്റെ തോന്നൽ.

ഒരുജാതി കുഷ്ഠവാതം പിടിപെട്ടു കുരുടിച്ച കൈവിരലുകൾക്കിടയിൽ തൂലിക ഇറുക്കിപ്പിടിച്ചുകൊണ്ടാണ് ഭാസ്കരൻ ചിത്രകലാരംഗത്ത് അദ്ഭുതങ്ങൾ കാട്ടിയത്. മാതൃഭൂമി വാരികയിൽ എസ്.കെ. പൊറ്റെക്കാട്ടിന്റെ പുള്ളിമാൻ (1941), സ്ത്രീ (1941) എന്നീ കഥകൾക്കു ചിത്രരൂപം നൽകി ഭാസ്കരൻ അവയെ അനശ്വരമാക്കി. മാതൃഭൂമിയുടെ വാർഷികപ്പതിപ്പിലും ഭാസ്കരൻ ചില ചിത്രങ്ങൾ വരച്ചു. മാതൃഭൂമിയിൽ കുറെ കാർട്ടൂണുകൾ വരയ്ക്കുകയും ചെയ്തു.

സഞ്ജയനും ഭാസ്കരനും കൂടിയുള്ള കൂട്ടുകെട്ട് നാലു വർഷമേ ദീർഘിച്ചുള്ളൂ. ആദ്യം സഞ്ജയനും പിന്നാലെ ഭാസ്കരനും മരിച്ചു.

ആർട്ട് സ്കൂളിലെ പരിശീലനവുമായി ഒരു മലയാള പത്രത്തിൽ ചേരുന്ന രണ്ടാമത്തെയാൾ എം.വി. ദേവൻ ആണ്. 1948ൽ ദേവൻ പഠിക്കാൻ ചെല്ലുമ്പോൾ മദ്രാസ് സ്കൂൾ ഓഫ് ആർട്സിന്റെ പേര് ‘ചിത്രവേലൈ വിദ്യാശാലൈ’ എന്നായിരുന്നു. കെ.സി.എസ്. പണിക്കരുടെ ശിഷ്യനായി കഴിയുമ്പോഴാണ് ഒരു കവിത പ്രസിദ്ധീകരണത്തിന് അയച്ചുകൊണ്ട് ‘മാതൃഭൂമി’യുമായി ദേവൻ ബന്ധപ്പെടുന്നത്. പെണ്ണിന്റെ പേരുവച്ച് എഴുതിയാൽ മുന്തിയ പരിഗണന കിട്ടുമെന്ന ധാരണയിൽ ഭാനു എന്ന പേരുവച്ചാണ് കവിത അയച്ചത്. അന്തരിച്ച എം. ഭാസ്കരനെപ്പറ്റിയുള്ളതായിരുന്നു, ‘ചിത്രകാരൻ’ എന്ന ആ കവിതയെന്നതു ചരിത്രം കാത്തുസൂക്ഷിക്കുന്ന ഒരു ഏടാണ്. അതിനുശേഷം 1952ൽ മാതൃഭൂമിയിൽ ചേരുന്ന ദേവൻ ബഷീറിന്റെയും ഉറൂബിന്റെയും രചനകൾക്കു ദൃശ്യഭംഗി ചാർത്തി.

ദേവനുശേഷം നമ്പൂതിരിയും അത്തിപ്പറ്റ ശിവരാമൻ നായർ എന്ന എഎസും (എല്ലാവരെയും വരയിലൂടെ കുറുക്കുന്ന ശിവരാമൻ തന്റെ പേരും കുറുക്കിക്കളഞ്ഞു) ഷെരിഫും പ്രദീപ്കുമാറും ചേർന്നതോടെ ‘മാതൃഭൂമി’യിൽ വരയുടെ പഞ്ചവാദ്യമായി. എന്തൊരു വരക്കാലമായിരുന്നു അത്! ദേവൻ, ഭാസ്കരനെപ്പറ്റി കവിത എഴുതിയെങ്കിൽ ജോസഫ് പനയ്ക്കൽ എ.എസ് കുടുംബജീവിതത്തിൽ സന്തോഷത്തോടെ തലയിലേറ്റിയ ദുരിതപർവത്തെപ്പറ്റി ‘കൃഷ്ണപ്പരുന്തിന്റെ വിലാപം’ എന്ന പേരിൽ ഒരു നോവൽതന്നെ പ്രസിദ്ധീകരിച്ചു.

ആദ്യം ‘ദേശാഭിമാനി’യിലും പിന്നീട് ‘കലാകൗമുദി’, ‘ഇന്ത്യാ ടുഡെ മലയാളം’, ‘സമകാലിക മലയാളം’ എന്നിവയിലും വരയുടെ ലാവണ്യംകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ചന്ദ്രശേഖരൻ എന്ന ചൻസിന്, നമ്പൂതിരി പോയപ്പോൾ മാതൃഭൂമിയിൽനിന്നു ക്ഷണം വന്നതാണ്. പക്ഷേ, ‘ദേശാഭിമാനി’യോടുള്ള കടപ്പാടു കാരണം ചൻസ് പോയില്ല.

മനോരമ ആഴ്ചപ്പതിപ്പിലെ പി.കെ.രാജനും മലയാളരാജ്യത്തിലെയും ദേശബന്ധുവിലെയും ശങ്കരൻകുട്ടിയും കൊല്ലത്തെയും തിരുവനന്തപുരത്തെയും പ്രസിദ്ധീകരണങ്ങളിൽ ഒരു കാലത്തു നിറഞ്ഞുനിന്ന ആർട്ടിസ്റ്റ് ഗോപാലനും ‘ദ് വീക്ക്’ലും ‘ഭാഷാപോഷിണി’യിലും വരയ്ക്കുന്ന ബാര ഭാസ്കരനും സവിശേഷ ശ്രദ്ധ നേടി.

മനോരമ ആഴ്ചപ്പതിപ്പിൽ മോഹൻ എന്ന പേരിൽ വരയ്ക്കുന്ന മോഹൻ മണിമല, സജീവ് എന്ന പേരിൽ വരയ്ക്കുന്ന സജീവ് സെബാസ്റ്റ്യൻ എന്നിവർക്കു പുറമേ ഭാഗ്യനാഥ്, ടി.എ. ജോസഫ്, കെ. സുധീഷ്, ഗോപിദാസ്, കബിത, സുനിൽ അശോകപുരം, സഗീർ, വി.ആർ. രാഗേഷ്, കെ.പി. മുരളീധരൻ എന്നിങ്ങനെ നീളുന്നു ആ പരമ്പര.

ഞാൻ കെ.ജെ. മാത്യുവിലേക്കു മടങ്ങിവരട്ടെ. മനോരമ പത്രത്തിൽ ഇന്നും തിളങ്ങി നിൽക്കുന്ന ‘കുഞ്ചുക്കുറുപ്പി’ന്റെ രൂപമാതൃക മാത്യു വരച്ചതാണ്.

പല ആർട്ടിസ്റ്റുമാരും നൽകിയ മാതൃകയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടത് കെ.ജെ. മാത്യുവിന്റെ വരയാണ്. മാത്യു അതിനു മാതൃകയാക്കിയത് അന്നു മനോരമയിലെ ഒരു നിത്യസന്ദർശകനായിരുന്ന കെ.വി. കോശിയെ. കുഞ്ചാക്കോയുമായി ചേർന്ന് കെ ആൻഡ് കെ പ്രൊഡക്ഷൻസിന്റേതായി ‘ജീവിതനൗക’, ‘നല്ലതങ്ക’ തുടങ്ങിയ ഹിറ്റ് ചലച്ചിത്രങ്ങൾ നിർമിച്ച കോശി മലയാളത്തിലെ ആദ്യ സിനിമാ പ്രസിദ്ധീകരണത്തിന്റെ ഉടമസ്ഥനുമായിരുന്നു. ആ ഹിറ്റ്ലർ മീശവരെ കുഞ്ചുക്കുറുപ്പിൽ ശരിയായി വന്നപ്പോൾ കോശി പറഞ്ഞു: ഇത് എന്നെപ്പോലെയുണ്ടല്ലോ.

മാത്യു മനോരമ ആഴ്ചപ്പതിപ്പിലെയും വാർഷികപ്പതിപ്പിലെയും കഥകൾക്കു വരയ്ക്കുക മാത്രമല്ല, കുട്ടികൾക്കുള്ള ചിത്രകഥകൾ വരയ്ക്കുകയും നർമലേഖനങ്ങളും നോവലുകളും എഴുതുകയും ചെയ്തു; ഒരു സർവകലാ വല്ലഭൻ.

Content Summary: Kadhakkoottu column on comic strips in Malayalam weeklies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS