തൂക്കുമരം

HIGHLIGHTS
  • ബ്രിട്ടിഷ് ഭരണാധികാരികൾ സൗമനസ്യമൊന്നും കാട്ടിയില്ല.
  • തൂക്കുമരത്തിലേക്കു നടക്കാനുള്ള ആജ്ഞയാണുണ്ടായത്.
tribute-to-the-brave-patriotics
SHARE

ജാലിയൻവാലാബാഗിന്റെ ശതാബ്ദി കാരണം ഭഗത്​സിങ് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.

എന്റെ മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രം അന്ത്യനിമിഷങ്ങളിൽപോലും ഒരു പുതിയ പുസ്തകം വായിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന ആവേശമാണ്. നമ്മളൊക്കെയാണെങ്കിൽ ആ അവസാന ദിവസം പുസ്തകം പോയിട്ടു ഭക്ഷണത്തിലെങ്കിലും താൽപര്യമുണ്ടാവുമോ?

ലെനിനെപ്പറ്റിയുള്ള ഒരു പുസ്തകം ജയിലിലെത്തുന്നതു ഭഗത്​സിങ്ങിന്റെ തൂക്കിക്കൊലയ്ക്കു രണ്ടു മണിക്കൂർ മുൻപു മാത്രമാണ്.

അഭിഭാഷകൻ ജയിലിൽനിന്നു പോയിക്കഴിഞ്ഞ ശേഷമാണു ജയിലധികൃതർ ഭഗത്​സിങ്ങിനോടു പറയുന്നത്, തൂക്കിക്കൊല മുൻപു പറഞ്ഞതിനേക്കാൾ പതിനൊന്നു മണിക്കൂർ നേരത്തേ നടത്താൻ നിശ്ചയിച്ചിരിക്കുന്നുവെന്ന്. നാളെ കാലത്ത് ആറുമണിക്ക് എന്നു പറഞ്ഞിരുന്നത് ഇന്നു സന്ധ്യയ്ക്ക് ഏഴുമണിക്കത്തേക്കാക്കിയിരിക്കുന്നു.

ഭഗത്​സിങ് പുസ്തകത്തിന്റെ ഏതാനും താളുകൾ മാത്രമേ വായിച്ചിരുന്നുള്ളൂ. ‘‘ഒരധ്യായം മുഴുമിപ്പിക്കാൻ എന്നെ അനുവദിച്ചുകൂടെ?’’ എന്ന് ഭഗത്​സിങ് ചോദിച്ചു.

ബ്രിട്ടിഷ് ഭരണാധികാരികൾ സൗമനസ്യമൊന്നും കാട്ടിയില്ല. പകരം തൂക്കുമരത്തിലേക്കു നടക്കാനുള്ള ആജ്ഞയാണുണ്ടായത്.

മരണത്തിലേക്കുള്ള എന്തൊരു ധീരമായ നടത്തമായിരുന്നു അത്!   ഭഗത്​സിങ്ങും കൂടെ  തൂക്കിലിടപ്പെടേണ്ട രണ്ടുപേരും കൂടി പരസ്പരം കൈ കോർത്തു നടക്കുമ്പോൾ പതിവു വിപ്ലവഗാനം ഉറക്കെ പാടി. കഭി വോ ദിൻഭി ആയേഗ എന്നു തുടങ്ങുന്ന ഗാനം.

എന്നിട്ടു മറ്റു തടവുകാർക്ക് ആവേശം പകരാനായി സെല്ലുകളിൽ അവർക്കു കേൾക്കത്തക്കവിധം  ഭഗത്​സിങ്ങ് ഒരു പ്രസംഗം ചെയ്തു. എന്തൊരു വിടവാങ്ങൽ!

പിന്നീടു മൂന്നുപേരും ചെന്നു കൊലക്കയറിൽ മുത്തമിട്ടു.

കൊലമരത്തിനു മുന്നിൽപോലും മൂന്നുപേരും കാട്ടിയ ധൈര്യം കണ്ട് ഒരു ജയിലുദ്യോഗസ്ഥൻ തീർത്തും വികാരാധീനനായിപ്പോയിരുന്നു. കൊലമരത്തിൽ മരിച്ചവർ ഇന്നയിന്നയാളുകളാണെന്നു സാക്ഷ്യപ്പെടുത്തേണ്ടിയിരുന്ന ആ ഉദ്യോഗസ്ഥൻ കൽപന ധിക്കരിച്ചു മൃതദേഹങ്ങൾ തിരിച്ചറിയാൻ വിസമ്മതിച്ചു. അധികൃതർ ആ ഉദ്യോഗസ്ഥനെ തൽക്ഷണം സസ്പെൻഡ് ചെയ്ത ശേഷം ഒരു ജൂനിയർ ഉദ്യോഗസ്ഥനെക്കൊണ്ടാണ് ആ ജോലി ചെയ്യിച്ചത്.

തൂക്കിക്കൊല്ലലിന്റെ വിവരമറിയാൻ അവരവരുടെ സെല്ലുകളിൽ കാത്തുനിന്ന തടവുകാരോടു ജയിൽ വാർഡർ ചരത് സിങ് പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു: മുപ്പതുവർഷത്തെ എന്റെ സർവീസിൽ ഞാൻ ഒരുപാടു തൂക്കിക്കൊലകൾ കണ്ടിട്ടുണ്ട്. പക്ഷേ, ഈ മൂന്നു പേരും കഴുമരത്തിൽ കയറിയത്ര ധീരമായി, അത്ര പുഞ്ചിരിച്ചുകൊണ്ട് ആരും ഇവിടെ കയറിയിട്ടില്ല.

തൂക്കാൻ കൊണ്ടുപോകും മുൻപുള്ള ചടങ്ങനുസരിച്ചു  ഭഗത്​സിങ്, സുഖ്ദേവ്, രാജഗുരു എന്നീ മൂന്നുപേരുടെയും തൂക്കം നോക്കി. തൂക്കിക്കൊല വിധിച്ചതിനുശേഷം ആ മൂന്നു വിപ്ലവകാരികൾക്കും തൂക്കം കൂടിയിരുന്നു. എന്തൊരു ആത്മധൈര്യം!

പിന്നീടു നമ്മൾ ഇതുപോലൊരു കഥ കേട്ടതു കണ്ണൂരിൽ നിന്നാണ്, ബ്രിട്ടീഷ് ഭരണകാലത്തു തൂക്കിക്കൊലയ്ക്കു വിധിക്കപ്പെട്ട കെ.പി.ആർ. ഗോപാലനു പിന്നീടുള്ള ജയിൽ വാസക്കാലത്തു തൂക്കം കൂടി. ഗാന്ധിജിയൊക്കെ ഇടപെട്ടാണു കെ.പി.ആറിനെ പിന്നീടു തൂക്കുമരത്തിൽ നിന്നു രക്ഷിച്ചത്.

ഭഗത്​സിങ്ങിന്റെ ധീരതയെപ്പറ്റി പറയുമ്പോൾ നമ്മൾ വക്കംകാരനായ അബ്ദുൽ ഖാദറെയും ഓർമിക്കണം. തൊഴിൽ തേടി മലേഷ്യയിലേക്കു പോയ ഇരുപത്തിരണ്ടുകാരനായിരുന്നു അബ്ദുൽ ഖാദർ. 

ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷനൽ ആർമി (ഐഎൻഎ)യും അതിനു മുൻപ് അതിന്റെ പ്രാഗ്രൂപമായ ഇന്ത്യൻ ഇൻഡിപെൻഡൻഡ് ലീഗും മലേഷ്യയിൽ സജീവമായപ്പോൾ അബ്ദുൽ ഖാദർ അതിൽ മുന്നണിപ്പോരാളിയായി. സംഘടനയുടെ ചാവേർപ്പടയിൽ അംഗവുമായി.

ആത്മഹത്യാ സ്ക്വാഡിൽപെട്ട ഇരുപതുപേർ നാലു സംഘങ്ങളായി 1942 സെപ്റ്റംബറിൽ ഇന്ത്യയിലേക്കു പുറപ്പെട്ടു വിവിധ സ്ഥലങ്ങളിൽ വച്ച് ആ ഇരുപതുപേരും പിടിയിലായി. മുങ്ങിക്കപ്പലിൽ വന്ന അബ്ദുൽ ഖാദർ കോഴിക്കോട്ടുവച്ചാണു ബ്രിട്ടിഷ്കാരുടെ പിടിയിലായത്.

അവരിൽ നാലുപേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. വക്കം അബ്ദുൽ ഖാദർ, തിരുവനന്തപുരത്തുകാരനായ അനന്തൻ നായർ, എസ്.സി. ബർദാൻ, ഫൗ ജാസിങ്.

മതമൈത്രിയുടെ പ്രതീകമായി തന്നോടൊപ്പം ഒരു ഹിന്ദുവിനെക്കൂടി തൂക്കിലിടണമെന്നതായിരുന്നു ഖാദറിന്റെ അവസാനത്തെ അഭ്യർഥന. അതനുസരിച്ചു ഖാദറെയും അനന്തൻ നായരെയും ഒന്നിച്ചു തൂക്കിലേറ്റുകയായിരുന്നു.

തൂക്കിലിടും മുൻപു  ഭഗത്​സിങ് ഒരു പ്രസംഗം നടത്തുകയായിരുന്നെങ്കിൽ ഖാദർ തലേ രാത്രി രണ്ടു കത്തുകൾ തയ്യാറാക്കിവച്ചു. ഒന്ന് തന്റെ  വാപ്പ വാവാക്കുഞ്ഞിനും മറ്റൊന്നു പ്രിയസുഹൃത്തു ബോണിഫസ് പെരേരയ്ക്കും. കേസിൽ കൂട്ടുപ്രതിയായിരുന്നു പെരേര.

ഇരുപത്താറാം വയസ്സിൽ 1943 സെപ്റ്റംബർ പത്തിനു മദ്രാസ് സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ട ആ ധീരയോദ്ധാവിനെ കേരളം അവഗണനയുടെ പടുകുഴിയിലേക്കാണു തള്ളിയത്. സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ആ തൂക്കിലേറലിന്റെ അൻപതാം വാർഷികത്തിന് ഒരു ചടങ്ങു സംഘടിപ്പിക്കാൻ സി.ജി.കെ. റെഡ്ഡി കേരളത്തിൽ വരേണ്ടിവന്നു.

ബറോഡ ഡൈനമൈറ്റ് കേസിൽ ജോർജ് ഫെർണാണ്ടസിന്റെ കൂട്ടുപ്രതിയായിരുന്ന പത്രമാനേജ്മെന്റ് വിദഗ്ധൻ സി.ജി.കെ. റെഡ്ഡി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ