ആശയശിഷ്ടം

Kadhakkoottu-07
SHARE

ഒരു കാര്യം ചെയ്യാൻ ഇറങ്ങിത്തിരിച്ചതാണു നിങ്ങൾ. അതിനുവേണ്ടി പത്ത് ആശയങ്ങൾ പരീക്ഷിക്കുന്നു. ഒന്നും ഫലിക്കുന്നില്ല. ആ പത്ത് ആശയങ്ങളിൽ ഒന്നും കളയരുത്, അതു വേറേ എവിടെയെങ്കിലും പ്രയോജനപ്പെടുത്താം എന്നു പറയും തോമസ് ആൽവാ എഡിസൻ. 

ആ ആശയമൊന്നു തിരിച്ചിട്ടു നോക്കിക്കേ, ചിലപ്പോൾ വിജയിക്കും എന്ന് എഡിസൻ പറയും. അദ്ദേഹം അങ്ങനെയാണ് 1093 കണ്ടുപിടിത്തങ്ങളുടെ പേറ്റന്റ ് നേടിയത്. ഒരിടത്തു ഫലിക്കാത്ത ഒരാശയം മറ്റൊരിടത്തു വിജയിച്ചതിന് എഡിസന്റെ ജീവിതത്തിനു പുറത്തുനിന്ന് ഒരു സംഭവം പറയാം. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞന്മാർ പത്തു കിലോമീറ്റർ വരെ അകലെയുള്ള കെട്ടിടം കാണിച്ചുതരുന്ന റഡാർ 1944 ൽ രൂപകൽപന ചെയ്തു. 

പക്ഷേ ഈർപ്പം വർധിച്ചാൽ റഡാർ സംവിധാനം പ്രവർത്തിക്കുകയില്ല. നീരാവിയുടെ ഫ്രീക്വൻസിയിൽ കിടന്നു കളിക്കുന്ന ഒരു റഡാറായിപ്പോയി തങ്ങൾ കണ്ടുപിടിച്ചതെന്ന് ആ ശാസ്ത്രജ്ഞന്മാർ നിരാശയോടെ തിരിച്ചറിഞ്ഞു. ആ കണ്ടുപിടിത്തം വലിച്ചെറിയുന്നതിനു പകരം പ്രയോജനകരമായ മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാമോ എന്നവർ പരതി. മൈക്രോവേവ് അവ്നിലെ ടെക്നോളജി അങ്ങനെയാണുണ്ടായത്. 

രാക്ഷസബുദ്ധി എന്ന മോശമായ വാക്ക് തിരിച്ചിട്ടപ്പോഴല്ലേ ബുദ്ധിരാക്ഷസൻ എന്ന ബഹുമതി വചനം ഉണ്ടായത്! എല്ലാ ശക്തികളും എതിരായി നിന്നിട്ടും വിജയിക്കുന്നവരെ വാഴ്ത്താനുള്ള വാചകമാണ് They snatched victory from the jaws of defeat  എന്നത്. ഒന്നാം പകുതിയിൽ എതിരില്ലാത്ത അരഡസൻ ഗോളിനു മുന്നിട്ടുനിന്ന ടീം അവസാനം തോറ്റമ്പിയപ്പോൾ  റിപ്പോർട്ടർ ആ വാചകം തിരിച്ചിട്ടു: They snatched defeat from the jaws of victory. 

ഒരാളുടെ സാധാരണ ആശയത്തെ മറ്റൊരാളുടെ ഇടപെടൽ സമ്പുഷ്ടമാക്കുന്നതിനുമുണ്ട് ഉദാഹരണങ്ങൾ.

സൗന്ദര്യത്തെപ്പറ്റി ടെലിവിഷനിൽ ഒരു ചർച്ച. അതിസുന്ദരികളായ യുവനടികളെയും ഏറെ ആരാധകരുള്ള യുവ നടന്മാരെയും കാണാൻ ചന്തമുള്ള ബ്യൂട്ടീഷന്മാരെയും വിളിക്കാൻ തീരുമാനമായി. അപ്പോഴാണ് ഒരാൾ പറഞ്ഞത്, ഈ ചർച്ച സജീവമാക്കാൻ ജോൺ ഏബ്രഹാമിനെയും നവാബ് രാജേന്ദ്രനെയും കൂടി വിളിക്കണമെന്ന്.

തിരിച്ചിട്ടതിന്റെ ഏറ്റവും വലിയ വിജയകഥ പറയുന്നത് ഹൈജംപും പോൾവോൾട്ടുമല്ലേ? പണ്ടൊക്കെ ഓടിവരുന്ന അത്‌ലീറ്റ് കാലായിരുന്നു കുറുകെയുള്ള പോളിനപ്പുറത്തേക്ക് ആദ്യം കടത്തിയിരുന്നത്. പിന്നീട് തല കടത്താൻ ശ്രമിക്കുമ്പോൾ തല മുട്ടി പോൾ താഴെ വീഴും. ഓട്ടത്തിന്റെ വേഗത്തിൽ ആദ്യം പടികടത്തേണ്ടത് ഭാരക്കൂടുതലുള്ള തലയാണെന്നും തലയെക്കാൾ വളരെ എളുപ്പമാണ് കാൽ ചലിപ്പിക്കാനും ഉയർത്താനും എന്നു കണ്ട ഒരു കോച്ച് ചാട്ടത്തിന്റെ തല തിരിച്ചതോടെ എല്ലാ മീറ്റുകളിലും റെക്കോർഡായില്ലേ!

പെനൽറ്റി കിക്ക് നേരിടുന്ന ഗോളിയുടെ ഏകാന്തതയെപ്പറ്റി തന്നോടു പറഞ്ഞത് അറുപതുകളിൽ കേരളത്തിന്റെ ഗോളിയായിരുന്ന ചാലക്കുടിക്കാരൻ ജേക്കബാണെന്ന് എൻ.എസ്. മാധവൻ എഴുതി.

ഇതു വായിച്ച എന്റെ സഹപ്രവർത്തകൻ ചോദിച്ചു: ഗോളിക്ക് എന്ത് ഏകാന്തതയാണ്? പെനൽറ്റി കിക്ക് എടുക്കുന്നവനല്ലേ ഏകാന്തത. അയാൾ പെനൽറ്റി കിക്ക് എടുക്കുമ്പോഴേക്ക് ഗോളി ഏതെങ്കിലുമൊരു വശത്തേക്കു ഡൈവ് ചെയ്തിട്ടുണ്ടാവും. 

പന്ത് ആ ഭാഗത്തേക്കാണു വരുന്നതെങ്കിൽ ചിലപ്പോൾ കൈയിൽ തട്ടി പുറത്തേക്കു തെറിക്കും. ഗോൾ രക്ഷപ്പെടുത്തിയതിന് ഗോളിയെ എല്ലാവരും അഭിനന്ദിക്കും. മറുവശത്തേക്കാണ് കിക്കെടുത്തതെങ്കിൽ ഗോളാകും. ഒരു പെനൽറ്റി ഗോളായെന്നുവച്ച് ആരും ഗോളിയെ പഴിക്കില്ല. എന്നാൽ പെനൽറ്റി കിക്കെടുക്കുന്നവന് അതു ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ എന്തൊക്കെയാവും പുകിൽ. അവന്റേതല്ലേ ഏകാന്തത? 

അമിതാബ് കാന്ത് കോഴിക്കോടു കലക്ടറായിരുന്നപ്പോൾ മാനവീയത്തിന്റെ ഭാഗമായി നടത്തിയ ഒരു ചിത്രംവര സംരംഭം അതിലെ ആശയത്തിന്റെ മൗലികത കൊണ്ട് ഇന്നും ശ്രദ്ധയിൽ നിൽക്കുന്നു. മാനാഞ്ചിറ മൈതാനത്ത് ഒരു ചിത്രകലാ ക്യാംപ് നടത്തിയാലോ എന്നു മാത്രമായിരുന്നു കലക്ടറുടെ ആലോചന. ഇതിനൊരു ഹരമില്ലെന്നു തോന്നിയപ്പോൾ പലരും പല ആശയങ്ങൾ പറഞ്ഞു. കോഴിക്കോട് എല്ലാ വർഷവും കുട്ടികളുടെ ചിത്രകലാ മത്സരം നടത്തുമായിരുന്ന കെ.പി. ആന്റണി മാഷിന്റെ മകൻ കെ.എ. സെബാസ്റ്റ്യനാണു വരുന്ന ചിത്രകാരന്മാരെല്ലാം മൈതാനത്തിനു ചുറ്റുവട്ടത്തിൽ വലിച്ചു കെട്ടുന്ന വലിയ ഒറ്റ കാൻവാസിൽ വരയ്ക്കട്ടെ എന്ന ആശയം വച്ചത്. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. ആവേശഭരിതനായ കലക്ടർ തന്റെ സുഹൃത്തായ എം.എഫ്. ഹുസൈനെ കൊണ്ടുവരാമെന്നേറ്റു.

ഹുസൈൻ വരയ്ക്കുന്ന കാൻവാസിൽ തന്നെ ചിത്രം വരയ്ക്കാൻ കിട്ടുന്ന അവസരമല്ലേ, ട്രെയിനിലും ബസിലുമായി ചിത്രകാരന്മാർ മാനാഞ്ചിറയിലേക്ക് ഒഴുകി. ‘‘മുടിനീട്ടിയവർ, കടുക്കനിട്ടവർ, തോൾസഞ്ചിക്കാർ, അയഞ്ഞ കുപ്പായമിട്ടവർ (കൂട്ടത്തിൽ ലേശം കഴിച്ചവരും ഉണ്ട്)’’ എന്ന് നമ്പൂതിരി എഴുതി. എല്ലാവരും വര തുടങ്ങിയതോടെ, അൽപം വൈകി എത്തുന്ന ഹുസൈന് വരയ്ക്കാൻ ഇടം ബാക്കിയുണ്ടാവുമോ എന്ന സംശയമായി. ഒടുവിൽ കാൻവാസിൽ കുറെ സ്ഥലം മാർക്ക് ചെയ്തുവച്ചാണു ഹുസൈനെ വരയ്ക്കിരുത്തിയത്.

English Summary : Ideas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ