രാജസൂയം

Kadhakkoottu1200-Sept-5
SHARE

ഒരാളുടെ മരണഗോഷ്ടികൾ ചിത്രത്തിലാക്കുന്നതു ശരിയാണോ? പരേതാത്മാവ് പൊറുക്കുന്ന പ്രവൃത്തിയാണോ അത്?

പ്രിയപ്പെട്ടവർ മരിക്കുമ്പോൾ അലമുറയിടുന്ന ഭാര്യയുടെയോ മക്കളുടെയോ പടമെ‌ടുത്തു പത്രത്തിൽ കൊടുക്കുന്നതിനെ പണ്ടത്തെക്കാൾ കൂടുതൽ വായനക്കാർ ഇപ്പോൾ എതിർക്കുന്നുണ്ട്. 

പ്രായപൂർത്തിയാകാത്ത കുട്ടികൾ കുറ്റകൃത്യങ്ങൾക്കു പിടിക്കപ്പെടുമ്പോൾ തിരിച്ചറിയാൻ സഹായിക്കുന്ന പേരോ വിലാസമോ പടമോ കൊടുക്കുന്നതു നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുണ്ട്. 

പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളെ തിരിച്ചറിയാവുന്ന വിവരങ്ങളോ പടങ്ങളോ കൊടുത്താലും ഇതുപോലെ കർശനമായി നിയമം ഇടപെടും. സ്വന്തം മകളെ പീഡിപ്പിച്ചതിനു പിടിയിലായ സദാ മദ്യപനായ ഒരു കശ്മലന്റെ പടമെടുക്കാൻ ചെന്ന ഫൊട്ടോഗ്രഫർക്കുവേണ്ടി പോസ് ചെയ്തശേഷം ‘‘നീ ഈ പടം പ്രസിദ്ധീകരിക്കുന്നത് എനിക്കൊന്നു കാണണം. എന്റെ പേരോ വിലാസമോ ചിത്രമോ കൊടുത്താൽ പെൺകുട്ടിയെ തിരിച്ചറിയുമെന്നതിനാൽ നീ അകത്താവും’’ എന്നു പറഞ്ഞു ചിരിച്ച ഒരാളുടെ നിയമസാക്ഷരത ഇന്നും പേടിപ്പെടുത്തുന്ന ഓർമയാണ്.

ഒരാൾ മരിക്കുന്നതിന്റെ പടമെടുത്ത് എല്ലാ പത്രങ്ങളും കൊടുത്ത അവസാനത്തെ അനുഭവം 2007ൽ ആണ്. തൃശൂർ പ്രസ് ക്ലബ്ബിന്റെ ഉയരങ്ങളിലേക്ക് ആയാസപ്പെട്ടു കടന്നുചെന്ന പ്രശസ്ത നിരൂപകൻ എം.എൻ. വിജയൻ പത്രസമ്മേളനത്തിനിടയ്ക്കു ശ്വാസംമുട്ടി മരിച്ചു. അവിടെയുണ്ടായിരുന്ന ഫൊട്ടോഗ്രഫർമാരെല്ലാം മരണപ്പോരാട്ടം നടത്തി ആ ചിത്രങ്ങളെടുത്തു. ആ വർഷത്തെ ഏറ്റവും നല്ല വാർത്താചിത്രത്തിനുള്ള സംസ്ഥാന ഗവൺമെന്റിന്റെ സമ്മാനം എം.എൻ. വിജയന്റെ മരണത്തിനായിരുന്നു. ആ ജൂറിക്കുള്ള ശാശ്വത തിലോദകമായി അതിരിക്കട്ടെ.

പൊതുവേദിയിൽ ഇങ്ങനെയൊരു മരണം കേരളത്തിൽ മുൻപു ചിത്രീകരിക്കപ്പെട്ടത് 1981ൽ തേഞ്ഞിപ്പലത്ത്. കോഴിക്കോട് സർവകലാശാലയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പ്രശസ്ത പണ്ഡിതൻ ഡോ.എം.എസ്. മേനോൻ പ്രസംഗത്തിനിടെ വേദിയിൽ അവശനായി വീണു മരിച്ചു. അന്ന് അവിടെ ഒരു ഫൊട്ടോഗ്രഫറേ ഉണ്ടായിരുന്നുള്ളൂ, പുനലൂർ രാജൻ. ആ പടം പിറ്റേന്നു കോഴിക്കോട് ‘മാതൃഭൂമി’യിൽ അച്ചടിച്ചു വരികയും ചെയ്തു. 

അന്ന് ആ പടം എടുക്കാനിടയായതിൽ പുനലൂർ രാജൻ ഈയിടെ പരസ്യമായി സങ്കടപ്പെട്ടു: ‘‘ഞാൻ ആ പടം എടുക്കരുതായിരുന്നു.’’ ആ വാചകം അദ്ദേഹം ആവർത്തിച്ചു.

അറുപതുകളുടെ രണ്ടാംപാതിയിൽ ഞാൻ കോഴിക്കോട്ടു പത്രപ്രവർത്തകനായി ചെല്ലുന്നതു മുതൽ എന്റെ സുഹൃത്തായ പുനലൂർ രാജനെപ്പറ്റി എന്റെ ബഹുമാനം വർധിച്ച നിമിഷമായിരുന്നു അത്.

എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും കറുപ്പിലും വെളുപ്പിലുമല്ലാതെ പുനലൂർ രാജൻ ചിത്രങ്ങളെടുത്തിട്ടുണ്ടോ എന്നു സംശയമാണ്. അങ്ങനെ ഒന്നിനോടും ആർത്തിയില്ലായിരുന്നു. അല്ലെങ്കിൽ ഒരു സിനിമറ്റോഗ്രഫറാകാ‍ൻ രാജനു വല്ല പ്രയാസവുമുണ്ടായിരുന്നോ?

കോഴിക്കോട് മെഡിക്കൽ കോളജിൽ ആർട്ടിസ്റ്റ് – ഫൊട്ടോഗ്രഫറായി ചേർന്ന രാജനെ കമ്യൂണിസ്റ്റ് പാർട്ടി മോസ്കോയിലേക്കയയ്ക്കുന്നത് പാർട്ടിയുടെ ചലച്ചിത്രമോഹങ്ങൾക്കു സാക്ഷാത്കാരം നൽകാനാണ്. മോസ്കോ സ്റ്റേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമറ്റോഗ്രഫിയിൽ  മൂന്നുവർഷം സിനിമറ്റോഗ്രഫി പഠിച്ച് രാജൻ തിരിച്ചുവന്നപ്പോഴേക്ക് പാർട്ടി സിനിമാമോഹങ്ങൾ ഉപേക്ഷിച്ചിരുന്നു. രാജന് ആ മോഹങ്ങളൊക്കെ ഉപേക്ഷിക്കാൻ ഒരു നിമിഷംപോലും വേണ്ടിവന്നില്ല.

ഈ സ്വാതന്ത്ര്യദിനപ്പുലരിയിൽ വിടവാങ്ങുന്നതുവരെ അൻപത്തേഴുകൊല്ലം കോഴിക്കോട്ടു ജീവിച്ച പുനലൂർ രാജന്റെ വീട് പുനലൂരുമല്ല. അമ്മവീട് വള്ളികുന്നത്താണ്. അച്ഛൻവീട് ശൂരനാട്ടും. കമ്യൂണിസ്റ്റ് പാർട്ടിയുടെ വിപ്ലവഭൂമികകൾ. ശൂരനാട്ട് അഞ്ചു പൊലീസുകാരെ വെട്ടിനുറുക്കിയിട്ടശേഷം ബോഡി പൊതിയാനുള്ള തുണി അച്ഛന്റെ തുണിപ്പീടികയിൽനിന്നാണു കൊണ്ടുപോയതെന്നു രാജൻ പറഞ്ഞിട്ടുണ്ട്.

രാജന്റെ ശൂരനാട്ടുകാരിയായ മുത്തശ്ശിയെ വിവാഹം ചെയ്ത ഗായകനായ മുത്തച്ഛൻ മാധവനാശാൻ പുനലൂരിൽ ഒരു പാട്ടുകച്ചേരി നടത്താൻ പോയപ്പോൾ അവിടെനിന്നുകൂടി ഒരു വിവാഹം ചെയ്തുവെന്നതാണ് രാജന് പുനലൂരുമായുള്ള ബാന്ധവം. ഹൈസ്കൂൾ പഠനം പുനലൂരിലായിരുന്നു.

പുനലൂർ ഗവ.ഹൈസ്കൂളിലെ അധ്യാപകനായിരുന്ന കവി പുനലൂർ ബാലനാണ് രാജന് ‘പുനലൂർ രാജൻ’ എന്ന പേരു നൽകിയത്. ഇളയച്ഛനായ ജനയുഗം പത്രാധിപർ കാമ്പിശേരി കരുണാകരനുമായുള്ള അടുപ്പം ഫൊട്ടോഗ്രഫിയിലേക്കു വഴിതെളിച്ചു.

സത്യജിത് റായിയെ ജീവിതകാലം മുഴുവൻ പിന്തുടർന്ന് തൊണ്ണൂറായിരത്തോളം ഫ്രെയ്മുകൾ ദൃശ്യവൽക്കരിച്ച നിമായ് ഘോഷിന്റെയും ബംഗാളിൽനിന്നുതന്നെയുള്ള ഡോക്യുമെന്ററി ഫൊട്ടോഗ്രഫറായ സുനിൽ ജാനയുടെയും പിന്മുറക്കാരനായ ഒരു ഡോക്യുമെന്ററി ഫൊട്ടോഗ്രഫറായി രാജൻ വളരുന്നതാണു പിന്നീടു നാം കണ്ടത്. മുപ്പതു വർഷം വൈക്കം മുഹമ്മദ് ബഷീറിന്റെ നിഴലായി കൂടിയ രാജനു വധുവായി തങ്കമണിയെ കണ്ടെത്തിയതു ബഷീറാണ്. 

നൂറോളം നേതാക്കളുടെയും എഴുത്തുകാരുടെയും നല്ല ചിത്രങ്ങൾ ആവശ്യമുള്ള പത്രാധിപന്മാർ രാജനെ വിളിക്കണം എന്ന നിലയായി. സംശയമുണ്ടെങ്കിൽ കവിളിൽ കൈവച്ചു മുഖം താങ്ങിയിരിക്കുന്ന കേശവദേവിന്റെ പടവും ചങ്ങമ്പുഴയുടെ പടവും രാജനെടുത്ത ബഷീറിന്റെ പടവുംകൂടി (മൂന്നും ഒരേ പോസിൽ ഉള്ളത്) ഒന്ന് ഒത്തുനോക്കുക‌.‌

English Summary : ‘Kadhakoottu’ Column written by Thomas Jacob, Remembering Punalur Rajan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.