സന്യാസം

HIGHLIGHTS
  • പൊലീസിൽ നിന്ന് സന്യാസം സ്വീകരിച്ചവർ
Kadhakkoottu1200-OCT-03
സ്വാമി ആത്മാനന്ദ,സോമർസെറ്റ് മോം, രാജാറാവു, ആർതർ കെസ്​ലർ
SHARE

പൊലീസ് സൂപ്രണ്ട് കൃഷ്ണമേനോൻ എന്നു പറഞ്ഞാൽ ഓർക്കാത്തവരും സ്വാമി ആത്മാനന്ദ എന്നു പറഞ്ഞാൽ ഓർക്കും. 

വിശ്വയശസ്സ് നേടിയ ആദിശങ്കരനുശേഷം കേരളത്തിൽനിന്ന് ആദ്യമായി വിദേശത്ത് അറിയപ്പെട്ട ആത്മീയാചാര്യനാണ് ആത്മാനന്ദ. ലോകപ്രശസ്ത എഴുത്തുകാരെയും രാഷ്ട്രീയ നേതാക്കളെയും ആരാധകരാക്കി ഇദ്ദേഹം. പൂർവാശ്രമത്തിൽ പൊലീസിലിരുന്നപ്പോഴും പ്രശസ്തനായിരുന്നു. കൃഷ്ണമേനോൻ തയാറാക്കിയ പൊലീസ് മാന്വൽ ആണ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ കേരളത്തിൽ നിലവിലിരുന്നത്. പൊലീസ് സൂപ്രണ്ടായിരുന്ന തിരുവല്ല പെരിങ്ങര ചെറുകുളത്ത് കൃഷ്ണമേനോൻ തിരുവനന്തപുരം പുത്തൻചന്തയിൽ ആശ്രമം തുടങ്ങി; ആറന്മുളയ്ക്കു സമീപം മാലക്കര ഗ്രാമത്തിൽ ആനന്ദവാടി ആശ്രമവും. 

എം. എസ്. സുബ്ബലക്ഷ്മി എല്ലാ വർഷവും മാലക്കര വന്ന് സംഗീതാർച്ചന നടത്തുമായിരുന്നു. സ്വാമി ആത്മാനന്ദന്റെ രാധാമാധവം എന്ന കാവ്യം സുബ്ബുലക്ഷ്മിയുടെ ശബ്ദത്തിൽ റിക്കോർഡ് ചെയ്തിട്ടുണ്ട്. 

ആത്മാനന്ദയ്ക്കു വിദേശത്തുള്ള അനുയായികളിലൊരാളാണ് പ്രശസ്ത എഴുത്തുകാരനായ ആർതർ കെസ്‌ലർ. ഡാർക്നെസ് അറ്റ് നൂൺ, ദ് യോഗി അൻഡ് ദ് കമ്മിസാർ, ദ് ഗോഡ് ഹാസ് ഫെയിൽഡ് എന്നീ പ്രശസ്ത കൃതികളുടെ കർത്താവ്. ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായ അദ്ദേഹത്തിന്റെ ഡാർക്നെസ് അറ്റ് നൂൺ, സി.ജെ.തോമസ് ‘നട്ടുച്ചയ്ക്കിരുട്ട്’ എന്ന പേരിൽ മലയാളത്തിലേക്കു മൊഴിമാറ്റി.

കെസ്‌ലർ ആത്മാനന്ദയെ കാണാൻ കേരളത്തിൽ വന്നിട്ടുണ്ട്. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്റ്റ് ഗവൺമെന്റ്, സർക്കാർ അതിഥി മന്ദിരത്തിൽനിന്ന് അദ്ദേഹത്തെ ഇറക്കിവിട്ടു എന്ന ആരോപണമുണ്ടായത് ആ വരവിലാണ്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ രാജാറാവു ഗുരുവിനെ കാണാൻ തിരുവനന്തപുരത്തു വരുമായിരുന്നു. രാജാറാവുവിന്റെ ‘സെർപന്റ് ആൻഡ് ദ് റോപ്പ്’ എന്ന ദാർശനികനോവലിനു പ്രചോദനമേകിയത് ആത്മാനന്ദയാണെന്നു കരുതപ്പെടുന്നു.

തിരുവനന്തപുരത്ത് ആത്മാനന്ദയുമൊത്തു ചെലവഴിച്ച ദിവസങ്ങളെപ്പറ്റി സോമർസെറ്റ് മോം ‘എ റൈറ്റേഴ്സ് നോട്ട് ബുക്ക്’–ൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന നോവലായ ‘റേസേഴ്സ് എഡ്ജ്’ – ലെ ഭാരതീയത ഇൗ കൂടിക്കാഴ്ചകളിൽനിന്നാണ്.

ലബനനിലെ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന കമാൽ ജുംബ്‌ലാത്ത് ആത്മാനന്ദയുടെ ശിഷ്യനായ കഥ രസകരമാണ്. ഒരു ദിവസം രണ്ടുപേർ തന്നെ വധിക്കാൻ തോക്കുമായി കാത്തുനിൽക്കുന്നത് ജുംബ്‌ലാത്ത് കണ്ടു. പെട്ടെന്ന് ഒരു രൂപം തോക്കുധാരികൾക്കും തനിക്കും ഇടയിലേക്കു കടന്നുവന്ന് തന്നെ രക്ഷിച്ചതായി ജുംബ്‌ലാത്തിനു തോന്നി. പിന്നീടദ്ദേഹം ലൈബ്രറിയിൽ ചെന്നപ്പോൾ ഫിലോസഫി എന്ന കള്ളിയിൽ ഒരു പുസ്തകം വരി തെറ്റി നിൽക്കുന്നതു കണ്ടു. അതു തുറന്നു നോക്കിയപ്പോൾ അതിൽ കൃഷ്ണമേനോന്റെ ചിത്രം. താൻ നേരത്തേ കണ്ട അതേ രൂപം.

ജുംബ്‌ലാത്ത് നേരെ തിരുവനന്തപുരത്തിനു വിമാനം കയറി. വിമാനത്താവളത്തിൽനിന്ന് ഒരു ടാക്സി പിടിച്ച് ആശ്രമത്തിലെത്തി.

ഞാൻ പറയുന്നതെല്ലാം പഴയ പേരുകളാണെന്നു തോന്നുന്നുണ്ടോ? ഉവ്വ്, ആത്മാനന്ദ സമാധിയായിട്ടുതന്നെ അറുപത്തൊന്നു വർഷമായി.

കൃഷ്ണമേനോന്റെ മകൻ പദ്മനാഭ മേനോൻ പിൽക്കാലത്ത് ഒരു ഫിലിം സ്റ്റുഡിയോ ആരംഭിച്ചു. കൗമുദി പത്രാധിപർ കെ.ബാലകൃഷ്ണൻ തന്റെ ‘ത്യാഗസീമ’ എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് അവിടെ വച്ചാണ്. ബാലകൃഷ്ണൻ തന്നെ കഥയും തിരക്കഥയുമെഴുതി നിർമാണം ആരംഭിച്ച ആ ചിത്രം പക്ഷേ പൂർത്തിയായില്ല.

പൊലീസ് ഓഫിസറായിരുന്നശേഷം സന്യാസിയായ വേറെയും പ്രശസ്തരുണ്ട്. ഫോർട്ടു കൊച്ചി ചിരട്ടപ്പാലം സ്വദേശി ഗോവിന്ദൻ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്നു. വിവാഹത്തിനുശേഷം കുറെനാൾ കഴിഞ്ഞപ്പോൾ ഭാര്യയെ അവരുടെ ആങ്ങളമാർ എന്തോ നിസ്സാര കാരണം പറഞ്ഞു തറവാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീട് തിരിച്ചു വിട്ടില്ലെന്നു മാത്രമല്ല നിർബന്ധിച്ച് വേറെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. 

ഗോവിന്ദന് ഇതു വലിയ മാനസികാഘാതമുണ്ടാക്കി. അദ്ദേഹം പൊലീസുദ്യോഗം രാജിവച്ച് സന്യാസിയായി. കാഞ്ചീപുരത്ത് ശ്രീനാരായണ സേവാശ്രമം സ്ഥാപിച്ചു. പിന്നീട് ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യന്മാരിലൊരാളായ അദ്ദേഹം ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കാനായി സിംഗപ്പൂർ, മലേഷ്യ, ബർമ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.

ശ്രീനാരായണ ഗുരു സമാധിയായപ്പോൾ ബോധാനന്ദ സ്വാമികളാണ് പിൻഗാമിയായത്. എന്നാൽ മൂന്നു നാൾ കഴിഞ്ഞ് ബോധാനന്ദ സ്വാമികൾ സമാധിയായി. തുടർന്ന് ശിവഗിരി മഠാധിപതിയായത് ഗോവിന്ദാനന്ദ സ്വാമികളാണ്.

തമ്പാനൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശാന്തിക്കാരൻ സുബ്ബരായൻ പോറ്റിയുടെ കഥകൂടി പറയെട്ടെ, പോറ്റിയുടെ മകനാണ് കാർട്ടൂണിസ്റ്റ് സുകുമാർ. പൂജയിൽ സഹായിക്കാനും വിഗ്രഹത്തിനു മുഖച്ചാർത്ത് ഇടാനുമായി സുകുമാറിനെ അച്ഛൻ കൂട്ടി. 

ഓരോ ദിവസവും വിഗ്രഹത്തിന് ഓരോ രൂപം കണ്ട് പിതാവ് ഞെട്ടി. ചിരിക്കുന്ന സുബ്രഹ്മണ്യൻ, കരയുന്ന സുബ്രഹ്മണ്യൻ, ദേഷ്യപ്പെടുന്ന സുബ്രഹ്മണ്യൻ – ഇതെന്താ ഇവന്റെ കളിക്കൂട്ടുകാരനോ?

ഇതു നമ്മുടെ ചോറാ. ഇതിൽ നിന്റെ വിക്രസുകളൊന്നും വേണ്ട. ഇനി നീ അരയ്ക്കു കീഴ്പോട്ട് ചാർത്തിയാൽ മതി. മുഖത്തു ഞാൻ തന്നെ ചാർത്തിക്കൊള്ളാം.

അങ്ങനെയാണ് അച്ഛൻ മേൽശാന്തിയും താൻ കീഴ്ശാന്തിയുമായതെന്ന് സുകുമാറിന്റെ നർമം.

English Summary : ‘Kadhakoottu’ Column written by Thomas Jacob, Monasticism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.