സ്കൂളിന്റെ തെക്കെ മുറ്റത്തെ വലിയ മാവിൻ ചുവട്ടിൽ ഒരു സ്കൂൾ വർഷം കൂടി കൊഴിഞ്ഞു വീണു കിടന്നു.
പ്ലസ് ടു ക്ലാസിന്റെ അവസാന ദിവസത്തെ ഫോട്ടോ സെഷനായിരുന്നു അന്ന്. എത്ര മാമ്പൂക്കാലം കണ്ടതാ എന്ന മട്ടിൽ വിമുഖയായി നിൽക്കുകയായിരുന്ന മാവ്. ലില്ലി ടീച്ചറുടെ പ്രത്യേക റിക്വസ്റ്റ് കേട്ട് രണ്ടോ മൂന്നോ ചില്ല താഴ്ത്തി ഗ്രൂപ്പ് ഫോട്ടോയ്ക്ക് നല്ലൊരു അരങ്ങൊരുക്കിക്കൊടുത്തു.
സ്കൂൾ ഗ്രൗണ്ടിലേക്കിറങ്ങുന്ന പടവുകളിൽ ഫോട്ടോയ്ക്കായി എല്ലാവരും നിരനിരയായി നിൽക്കുകയായിരുന്നു. മൻജിത് തൊട്ടുമുന്നിൽ നിന്ന ഋതുവിന്റെ രണ്ടു മുടിയിഴകൾ പരസ്പരം കെട്ടിയിട്ടു. അധ്യാപകരുടെയും വളന്റിയർമാരുടെയും പലതരം നിർദേശങ്ങൾക്കു നടുവിൽ എല്ലാവരുടെയും ശ്രദ്ധ പല വഴികളിലൂടെ ചിതറിക്കിടക്കുകയായിരുന്നു. ആരും അതു കണ്ടില്ല.
ഒരു പെൺകുട്ടിയുടെ നീളമുള്ള മുടി അവളറിയാതെ ഇത്രയും കൈയകലത്തിൽ അവനു സ്വതന്ത്രമായി കിട്ടുന്നത് ആദ്യമായിട്ടായിരുന്നു. മൂന്നാം
ക്ലാസിൽ വച്ച് ആദ്യമായി ഷൂ ലേസ് കെട്ടാൻ പഠിച്ചത് അവന് ഓർമ വന്നു. അതിവേഗം ലേസ് കെട്ടുന്നതുപോലെ അവൻ മുടിയിഴയിൽ ഒരു കെട്ടിട്ടു. പിന്നെ ഒന്നുകൂടി കെട്ടി. നീളമുള്ള റിബൺ കൊണ്ട് പൂവുണ്ടാക്കാൻ പഠിച്ചത് എസ്‍യുപിഡ്ബ്ളിയൂ ക്ലാസിലോ അതോ വെക്കേഷൻ ക്ലാസിലോ.. !
നാലു കെട്ടിന് കുരിശ്. അഞ്ചു കെട്ടിന് ഫ്ളവർ. ആറുകെട്ടിന് ബട്ടർ ഫ്ളൈ... ഏഴിന്..? ഏഴിന് ഒന്നുമില്ല.
അപ്പോഴേക്കും ലുക് അറ്റ് ദ് ക്യാമറ, സൈലൻസ് എന്നു ഫോട്ടോഗ്രഫർ വിളിച്ചു പറഞ്ഞു. അവൻ അറ്റൻഷനായി നിന്നു.
പ്രിൻസിപ്പലച്ചന്റെ കസേര നടുവിൽ ഒഴിച്ചിട്ട് ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതുകൊണ്ട് അധ്യാപകരും കുട്ടികളും വളരെ ലഘുചിത്തരായിരുന്നു.
പ്രിൻസിപ്പൽ വില്യം മാവേലിയച്ചൻ തിരക്കായതിനാൽ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം പിന്നീടെപ്പോഴെങ്കിലും യാന്ത്രികമായി വന്ന് ആ ഫോട്ടോയുടെ നടുവിലിരിക്കും. വീടുപണി പൂർത്തിയായ ശേഷം ദൈവം അതിന്റെ ഉമ്മറവാതിൽക്കൽ നാഥനാകുന്നതുപോലെ !
ആദ്യ ഫോട്ടോ സെഷനു ശേഷം ഒരു സിനിമാറ്റിക് ഫ്രെയിമിനു വേണ്ടി ക്യാമറയുടെ മുന്നിലൂടെ ഓടാൻ രണ്ടു കൊച്ചുകുട്ടികളെ ഫോട്ടോഗ്രഫർ ചുമതലപ്പെടുത്തിയിരുന്നു. അമൽ നീരദിന്റെയും ബിപിൻ ചന്ദ്രന്റെയും ഒക്കെ സിനിമകളിലെ സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്നു അയാളെന്ന് കുട്ടികൾ പറയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് പടമെടുപ്പിൽ ഇങ്ങനെ വെറൈറ്റി.
എൽകെജിയിലെ ആ കുട്ടികൾ എത്ര ഓടിയിട്ടും ഫോട്ടോഗ്രഫർക്കു തൃപ്തിവന്നില്ല. ഇനി മതി എന്ന് വൈസ് പ്രിൻസിപ്പൽ ഇടപെട്ടതോടെ ആ ഫോട്ടോസെഷൻ അവസാനിപ്പിച്ച് കുട്ടികളെല്ലാം ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞു. സ്ട്രൈക്കർ കൊണ്ട് കാരംസ് ബോർഡിലെ കട്ടകൾ നാലു വശത്തേക്കും അടിച്ചു തെറിപ്പിക്കുന്നത് ഋതുവിന് ഓർമ വന്നു.
അവൾ സ്കൂളിൽ നിന്ന് പുറത്തേക്കിറങ്ങി.
മൻജിത് അൽപം മുന്നിൽ നടക്കുന്നുണ്ടായിരുന്നു. കോതമംഗലം റൂട്ടിലെ ആൽബിൻ മോട്ടോഴ്സ് സാന്റാ മോണിക്കയ്ക്കു മുന്നിൽ കയറിപ്പോകാൻ അനുഭാവപൂർവം അവസരം കൊടുക്കുന്നതുപോലെ അവൻ നടപ്പിന്റെ വേഗം കുറച്ചു. ഋതു പിന്നാലെ നടന്നു വന്ന് അവന്റെ ഒപ്പമെത്തി. മുടിയിലെ കെട്ട് അഴിക്കാൻ പറ്റിയില്ലെന്ന കാര്യം അവളെ അറിയിക്കണമെന്ന് അവനു തോന്നി. പറയുന്നത് ശരിയാണോ എന്നൊരു ടീനേജ് പാപചിന്ത അവനെ വിഷമിപ്പിച്ചു.
അവൻ ചോദിച്ചു... ഡോനട്സ് ഇഷ്ടമാണോ?
അവൾ പറഞ്ഞു... കാണാനും ഇഷ്ടമാണ്. എന്താ ചോദിച്ചത് ?
വെറുതെ. ഇന്നലെ ക്ലാസിൽ അനങ്കിത കുര്യൻ ഡോനട്സ് കൊണ്ടുവന്നിരുന്നു.
ഞാൻ നോട്ടീസ് ചെയ്തിരുന്നു.
എന്ത്?
ഗ്രൂപ്പ് ഫോട്ടോയ്ക്കിടെ നിന്റെ പരിപാടി. തോന്ന്യാസം. ആരെങ്കിലും കണ്ടാൽ കുളമായേനെ.
നിനക്ക് മലയാളം നന്നായി പറയാൻ അറിയാമോ? പൊതുവേ ക്ലാസിൽ ഇംഗ്ലീഷാണല്ലോ സംസാരിക്കുന്നത്.
തോന്ന്യാസം, അഹങ്കാരം, ദൈവനിഷേധം ഒക്കെ സന്ധ്യയ്ക്കു വീട്ടിൽ കേൾക്കുന്ന വാക്കുകളാണ്. അഹങ്കാരമാണ് ഏറ്റവും കൂടുതൽ.
അതൊക്കെ എല്ലാ പേരന്റ്സും വെറുതെ പറയുന്നതല്ലേ..
വെറുതെ പറയാതിരുന്നുകൂടേ. മുടി ചീകുമ്പോൾ മമ്മി നോട്ടീസ് ചെയ്യും. അപ്പോൾ മമ്മി ചോദിക്കും.
അപ്പോൾ പറയണം അലീന മിസ്സ് കെട്ടിയതാണെന്ന്. മിസ്സുമാരെപ്പറ്റി എന്തു കഥ വേണമെങ്കിലും പറയാം. പേരന്റ്സ് വേഗം വിശ്വസിക്കും.
അവൾ പറഞ്ഞു.. സത്യം പറയാനുള്ള ഫ്രീഡം വേണം. അതാണ് റിയൽ ഫൺ.
ചില പേരന്റ്സ് അതു തരാറുണ്ട്.
വെറുതെയാ. റിയാലിറ്റിയിൽ എല്ലാ പേരന്റ്സും ഒരു പോലെയാണ്.
മൻജിത്തും അതിനോടു യോജിച്ചു.. അച്ഛൻ നല്ല ഫ്രണ്ടാണെന്നൊക്കെ പറയും. വെറുതെയാണ്. ഒരച്ഛനും മകന്റെ ഫ്രണ്ടല്ല.
അതെന്താ എന്ന മട്ടിൽ ഋതു സംശയിച്ചതു കണ്ട് അവൻ വിശദീകരിച്ചു... യൂണിഫോമിടാത്ത കോളജ് വിദ്യാർഥികളാണ് ഇപ്പോഴത്തെ പല അച്ഛന്മാരും. ഇൻസ്റ്റ, ഫെയ്സ് ബുക്ക്, ടെലിഗ്രാം എല്ലാത്തിലും മക്കളോടു കോംപെറ്റീഷൻ. ഷർട്ടുകൾക്ക് ഒരേ ഡിസൈൻ. ഹെയർസ്റ്റൈലും അതുപോലെ.
അവൾക്കു ചിരി വന്നു... അത് നല്ലതല്ലേ? ഞങ്ങൾ മമ്മിയുടെ സാരിയുടുക്കാറുണ്ട്.
അത് കാര്യം ഡിഫറന്റാണ്. അത് മുതിരാനുള്ള ശ്രമമാണ്. ഇത് അച്ഛനു ബോയ് ആകാനുള്ള ആകാംക്ഷയാണ്. എത്ര വേഗമാണ് നമ്മുടെ ക്ലാസ് തീർന്നത്.
എനിക്ക് അത്ര സങ്കടമൊന്നുമില്ല. തീർന്നതു നന്നായി. സ്കൂളിനും കോളജിനുമിടയിലുള്ള ഒരു ബോറൻ ടൈമാണ് പ്ളസ് ടു.
മൻജിത് പറഞ്ഞു... സാധാരണ പ്രെയർ സോങ് പാടുമ്പോൾ ഞാൻ കൂടെപ്പാടാറുള്ളത് ബിടിഎസിന്റെ പാട്ടാണ്. രണ്ടും എനിക്ക് ഒരുപോലെയാണ്.
പ്രിൻസിപ്പലച്ചൻ കേൾക്കണ്ട.
ഇതൊക്കെ ആരെങ്കിലും പ്രിൻസിപ്പലച്ചനെ കേൾക്കെ പറയുമോ ! സ്കൂൾ അസംബ്ളിയുടെ ഇടയിൽ നിന്ന് നീ ഒരിക്കൽ ഓടിപ്പോയത് എനിക്ക് ഓർമയുണ്ട്.
ആദ്യമായി പീരീഡ്സ് ആയത് അന്നായിരുന്നു. പേടിച്ചുപോയി. ഓടിച്ചെന്ന് വാഷ്റൂമിൽ കയറി. പിന്നാലെ ലിജി മിസ്സ് വന്നു. സെറാ മിസ്സ് വന്നു.
അന്നത്തെ സംഭവം ഇത്രയും വിശദമായി അവൾ പറയുന്നത് എന്തിനാണെന്ന് ഒരു സംശയം മൻജിത്തിനു തോന്നാതിരുന്നില്ല. അവൻ പറഞ്ഞു... ഞങ്ങൾ ബോയ്സിൽ ഒരാൾക്കും അന്ന് കാര്യം മനസ്സിലായില്ല.
ഋതു പറഞ്ഞു... സെറാ മിസ്സിന്റെ കൂടെ ഹസ്ബന്റ് അൻമോൽ കുര്യൻ സാറും ഉണ്ടായിരുന്നു. അവർ രണ്ടുപേരും കൂടിയാണ് ഓടി വന്നത്. സാർ ഉള്ളതുകൊണ്ട് എനിക്കു ചമ്മലായിരുന്നു.
മിസ്സ് അന്ന് പറഞ്ഞു... മോൾ പേടിക്കണ്ട. എനിക്ക് ഒരു ട്രെയിനിൽ വച്ചാണ് ആദ്യമായി പീരീഡ്സ് ആയത്. ട്രെയിൻ വിജയവാഡാ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഞാൻ ഓടി വാഷ്റൂമിൽ കേറി. പുറത്ത് നിന്ന് ഇടയ്ക്കിടെ പാസഞ്ചേഴ്സ് വന്ന് വാഷ്റൂമിന്റെ വാതിൽ തുറക്കാൻ നോക്കിക്കൊണ്ടിരുന്നു. പേടിച്ചു പോയി. ഞാൻ തുറന്നതേയില്ല. സ്കൂളിലാകുമ്പോൾ നീ സേഫ് അല്ലേ..!
നീ വലിയ കുട്ടിയായല്ലോ എന്ന് ലിജി മിസ്സ് അന്ന് എന്നോടു പറഞ്ഞപ്പോൾ അൻമോൽ സാർ തിരുത്തി. ഇല്ല, ഇവൾ ഇപ്പോഴും കൊച്ചുകുട്ടി തന്നെയാണ്. പക്ഷേ ഇനി ഗുഡ് ടച്ചും ബാഡ് ടച്ചും വേഗം തിരിച്ചറിയാൻ ഇവൾക്കു പറ്റും.
കഥ മുഴുവൻ കേട്ടിട്ടും മൻജിത് കാര്യം മനസ്സിലാകാതെ അവളുടെ കൂടെ നടക്കുകയായിരുന്നു.
അവൾ പറഞ്ഞു... നീ എന്റെ മുടിയിൽ തൊടുന്നതൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. അറിയാത്ത മട്ടിൽ നിന്നതാണ്.
മൻജിത് ഒന്നു ചമ്മി. അവൻ ചോദിച്ചു... ആ കെട്ട് അഴിച്ചു കളയട്ടേ?
അവൾ നിന്നു. അവൻ ശ്രമിച്ചെങ്കിലും വെപ്രാളത്തിൽ കെട്ടു മുറുകുകയാണ് ഉണ്ടായത്. കൂടുതൽ കുരുക്കു വീഴുമോയെന്ന് പേടി തോന്നി. മുടിയിൽ നിന്ന് വേഗം കൈയെടുത്തിട്ട് അവൻ ആശങ്കയോടെ പറഞ്ഞു... മുറിച്ചു കളയേണ്ടി വരും.
എന്തിന് എന്നു പറഞ്ഞ് അവൾ നടന്നു.
പൊതുവേ ആൺകുട്ടികൾ ഇത്തരം കാര്യങ്ങളിൽ ഇങ്ങനെയാണ്. അവർ വെപ്രാളത്തിൽ പെൺകുട്ടികളെക്കാൾ മുന്നിലും തീരുമാനങ്ങളിൽ പിന്നിലുമാണ്. ഋതു പോയ വഴിയിലേക്ക് നോക്കി കുറെ നേരം അവനവിടെ നിന്നു. അതോടെ അവനൊരു സമാധാനവും സന്തോഷവും തോന്നി.
Content Summary: Penakathy column written by Vinod Nair on Teenage