കള്ളൻ, എഴുത്തുകാരൻ!

HIGHLIGHTS
  • കള്ളൻ കുറച്ചു പണവും ഒരു സ്വർണമാലയും സാഹിത്യ അക്കാദമിയുടെ ഒരു ഫലകവും മോഷ്ടിച്ച് പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് മേശപ്പുറത്ത് പാതിയെഴുതിത്തീർത്ത തിരക്കഥ കണ്ടത്
  • നടുവേ തുറന്നു വച്ച ബുക്കിന്റെ താളിൽ ഒരു സ്വർണക്കൊലുസും പേനയും വച്ചിരിക്കുന്നതു കണ്ട് കള്ളൻ അടുത്തു ചെന്നു
maratteand-kallan
വര: മുരുകേശ് തുളസിറാം
SHARE

നോവലിസ്റ്റ് ചന്ദ്രഹാസ് തില്ലാന രാത്രിയിൽ വീടിന്റെ വാതിൽ പൂട്ടാറേയില്ല. രാധിക ചന്ദ്രസേനൻ എന്ന പ്രണയിനി എന്നെങ്കിലും വരുമെന്ന് അയാൾ വിശ്വസിക്കുന്നു. ആ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിനാലു വർഷമായി.  

അക്ഷരമാളിക എന്നാണ് അയാളുടെ വീടിന്റെ പേര്. കർണാഭരണം, അനുവാസം, അഞ്ജിതം, ജലാധിപത്യം എന്നീ നോവലുകളിലൂടെ അറിയപ്പെടുന്ന എഴുത്തുകാരനാണ് അയാൾ. ചില സിനിമകൾക്കും തിരക്കഥയെഴുതി. 

ഒരു സംവിധായകനുമായുണ്ടായ സൗന്ദര്യപ്പിണക്കത്തെത്തുടർന്ന് കുറച്ചു നാൾ മുമ്പ് സിനിമയിൽ നിന്ന് പിണങ്ങിപ്പോന്നതാണ്.   

നീലക്കായൽത്തോണിക്കാലം എന്ന സിനിമയുടെ ചിത്രീകരണം കുടപ്പനക്കുന്നിൽ നടക്കുന്ന സമയം. ഒരു രാത്രിയിൽ സംവിധായകൻ അയാളുടെ മുറിയുടെ വാതിലിൽ മുട്ടി. നായികയുടെ മൂക്കിനെപ്പറ്റി ഒരു ഡയലോഗ് കൂടി തിരക്കഥയിൽ ഉൾപ്പെടുത്തണം. 

ചന്ദ്രഹാസ് തില്ലാന പറഞ്ഞു... പറ്റില്ല. 

ചിത്രീകരണ സമയത്ത് നായികയുമായി പ്രണയത്തിലാകുന്ന സ്വഭാവമുള്ള ആളായിരുന്നു സംവിധായകൻ. അത്തരം പ്രണയങ്ങൾ ആ സിനിമയുടെ മേക്കിങ്ങിനെ സഹായിക്കുമെന്ന് അയാൾ വിശ്വസിച്ചു. 

സംവിധായകൻ ചോദിച്ചു... എന്തുകൊണ്ട് പറ്റില്ല. അവളുടെ മൂക്ക് നല്ലതല്ലേ?

അല്ല.

കണ്ണ് നല്ലതല്ലേ?

അഭിപ്രായമില്ല.

ചിരിയെങ്കിലും...?

ഒട്ടും അല്ല.

തർക്കമായി. വഴക്കായി. ആ സിനിമയ്ക്കു പാട്ടെഴുതിയ കവിയെ തിരിച്ചു വിളിച്ച് പല്ലവി തിരുത്തിച്ച് സംവിധായകൻ വാശി തീർത്തു. പ്രണയചന്ദ്രിക, മദന രാജിക എന്ന വരികൾ നിന്റെ നാസിക, പ്രണയമാസിക, അതിലെൻ വാസിക എന്നു മാറ്റിയെഴുതിച്ചു. അന്ന് സിനിമാ സെറ്റിൽ നിന്ന് പിണങ്ങിപ്പോന്നതാണ് ചന്ദ്രഹാസ്. അതിനു ശേഷം സിനിമയിൽ നിന്നും പൊതുവേദികളിൽ നിന്നും ഒഴിഞ്ഞുമാറി കഴിയുകയായിരുന്നു. 

അങ്ങനെയിരിക്കെയാണ് അയാളുടെ വീടായ അക്ഷരമാളികയിൽ ഒരു രാത്രി കള്ളൻ കയറിയത്. 30 വയസ്സുള്ള ചെറുപ്പക്കാരനായ ഒരു കള്ളനായിരുന്നു. എല്ലാത്തവണയും മോഷണത്തിനു കയറുന്നതിനു മുമ്പ് ഒരു ബോറൻ മലയാള സിനിമ സെക്കൻഡ് ഷോ കാണുന്നത് ആ കള്ളൻ പതിവാക്കിയിരുന്നു. സിനിമ തീരുമ്പോൾ പുലർച്ചെ ഒരു മണിയാകും. അപ്പോഴേക്കും വീടുകളെല്ലാം ഉറങ്ങിക്കഴിഞ്ഞിരിക്കും.  സഫലമായി ഒരു മോഷണം പൂർത്തിയാക്കിയാൽ പിറ്റേന്നു രാത്രി ഒരു നല്ല മലയാള സിനിമയും അയാൾ കാണാറുണ്ട്. 

പതിവായി പത്രം വായിക്കുന്ന ആളായിരുന്നു കള്ളൻ. പുതിയ എസ്ഐമാർ ചുമതലയേറ്റത്, കറന്റ് കട്ടിന്റെ സമയമാറ്റം, കാലാവസ്ഥാ പ്രവചനം, അക്ഷയതൃതീയ, ഇന്നത്തെ പരിപാടി എന്നിവയാണ് സ്ഥിരമായ വായന. ചിരിക്കണമെന്നു തോന്നിയാലുടൻ മന്ത്രിമാരും രാഷ്ട്രീയക്കാരും സ്കൂളുകളിൽ പ്രസംഗിക്കുന്നതിന്റെ വാർത്തകളും വായിക്കും. 

ചന്ദ്രഹാസിന്റെ വീട് പൂട്ടാറില്ലെന്ന കാര്യം പത്രത്തിൽ നിന്നാണ് കള്ളൻ അറിഞ്ഞത്.  അയാളുമായി ഇന്ദുകല സിന്ധുമേനോൻ എന്ന ജേണലിസ്റ്റ് നടത്തിയ അഭിമുഖത്തിലായിരുന്നു അത്.  എഴുത്ത് പരാജിതന്റെ അഭയസ്ഥാനമാണ് എന്ന തലക്കെട്ടിൽ വന്ന ആ അഭിമുഖത്തിൽ രാധിക ചന്ദ്രസേനനെന്ന സഹപാഠിയുമായുള്ള പ്രണയകഥ അയാൾ പറഞ്ഞിരുന്നു. കോളജ് കാലത്ത് കെമിസ്ട്രി ലാബിൽ ലാഫിങ് ഗ്യാസ് ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ അവളുടെ കൈ പൊള്ളിയതു കണ്ട് സങ്കടപ്പെട്ട് കണ്ണീർ വാതകം എന്നൊരു കഥയെഴുതി അവൾക്കു സമ്മാനിച്ചതോടെയായിരുന്നു തുടക്കം. ആ കഥ വായിച്ചതോടെ അവളുടെ കണ്ണീർ മാഞ്ഞ് ചിരി വിടർന്നു. ആ ചിരി പിന്നെ അയാളുടെ പ്രഭാതമായി. 

രാത്രിയിൽ പൂട്ടാത്ത വാതിൽ തുറന്ന് വീടിനകത്തു കയറിയ കള്ളൻ കുറച്ചു പണവും ഒരു സ്വർണമാലയും സാഹിത്യ അക്കാദമിയുടെ ഒരു ഫലകവും മോഷ്ടിച്ച് പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് മേശപ്പുറത്ത് പാതിയെഴുതിത്തീർത്ത തിരക്കഥ കണ്ടത്.  ഒരു വലിയ നോട്ട് ബുക്കായിരുന്നു അത്. നടുവേ തുറന്നു വച്ച ബുക്കിന്റെ താളിൽ ഒരു സ്വർണക്കൊലുസും പേനയും വച്ചിരിക്കുന്നതു കണ്ട് കള്ളൻ അടുത്തു ചെന്നു. കള്ളൻ കൊലുസെടുത്തു, രാത്രി കിലുങ്ങി!

അതെടുക്കരുത്. അതുമാത്രമെടുക്കരുത്! 

ആ ശബ്ദം കേട്ട് കള്ളൻ ഞെട്ടി. പിടിക്കപ്പെട്ടു എന്ന് അയാൾക്ക് ഉറപ്പായി. അയാൾ പെട്ടെന്ന് തിരക്കഥയുടെ ബുക്ക് എടുത്തിട്ടു പറഞ്ഞു... അനങ്ങരുത്, ഞാനിതു വലിച്ചുകീറും. 

ചന്ദ്രഹാസ്  ഭാവഭേദമേതുമില്ലാതെ സംസാരിക്കാൻ തുടങ്ങി... കള്ളാ, നിങ്ങൾ അൽപനേരം ഇരിക്കൂ. എനിക്കു നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. 

നോവലിസ്റ്റിന്റെ പെരുമാറ്റത്തിൽ ചെറിയ സംശയം തോന്നിയെങ്കിലും കള്ളൻ തൽക്കാലം അനുസരിക്കാൻ തയാറായി. 

ചന്ദ്രഹാസ് ചോദിച്ചു.. നിങ്ങളെ മോഷണം പഠിപ്പിച്ചത് ആരാണ്?

എന്റെ അമ്മ. ഞാനും കൂട്ടുകാരൻ ഹരിപ്രസാദും സ്കൂളിൽ നിന്നു വരുമ്പോൾ‍ അവന് വഴിയിൽ നിന്ന് ഒരു സ്വർണ മോതിരം കിട്ടി. ആരും കാണാതെ അവൻ അതെടുത്ത് പോക്കറ്റിലിട്ട് വീട്ടിൽക്കൊണ്ടുപോയി. അതറിഞ്ഞപ്പോൾ എന്റെ അമ്മ അവനെയാണ് പുകഴ്ത്തിയത്. എന്നിട്ടു പറഞ്ഞു; വൈഭവം ! നിന്നെപ്പോലെയല്ല, അവൻ ഭാഗ്യമുള്ളവനാണ്.

ചന്ദ്രഹാസ് എഴുന്നേറ്റു വന്ന് കള്ളന് അഭിമുഖമായി ഇരുന്നിട്ട് ഒരു കഥ പറയാൻ തുടങ്ങി...  നിങ്ങൾ മോഷ്ടിക്കാൻ കയറുന്ന വീട്ടിൽ ഒരു സ്ത്രീ മാത്രമേ ഉള്ളൂ എന്നു കരുതുക. അവരുടെ മാലയും വളയും മോഷ്ടിച്ച് പുറത്തു കടക്കാൻ തുടങ്ങുമ്പോൾ വീട്ടുമുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. ആ സ്ത്രീയുണർന്നു. ലൈറ്റുകൾ തെളിഞ്ഞു. നിങ്ങൾ അവളുടെ മുന്നിൽപ്പെട്ടു. നിങ്ങളെ പെട്ടെന്ന് കിടപ്പുമുറിയിലിട്ട് പൂട്ടിയിട്ട് അവൾ പോയി വാതിൽ തുറന്നു. പുറത്തു നിന്നു വന്ന പുരുഷൻ നിങ്ങളെ കണ്ടു എന്നു വിചാരിക്കുക.  അപ്പോൾ ആ സ്ത്രീ അയാളോട് നിങ്ങളെപ്പറ്റി എന്തായിരിക്കും പറയുക? 

കള്ളൻ ചിരിച്ചു... ഭർത്താവ്! അതിലും നല്ല കള്ളം വേറെന്തുണ്ട് !

നോവലിസ്റ്റ് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു... നിങ്ങൾ ഭാവനാസമ്പന്നനാണ്.  കള്ളനെന്ന നിലയ്ക്ക് എന്താണ് ആഗ്രഹം ?

ഉറങ്ങിക്കിടക്കുന്ന ഒരു യുവതിയെ ഉണർത്താതെ കമ്മലും മൂക്കുത്തിയും മാലയും അരഞ്ഞാണവും ഇടംകാലിലെ പാദസരവും എനിക്കു മോഷ്ടിക്കണം. വലംകാലിലെ പാദസരം ഞാൻ അഴിച്ചെടുക്കുമ്പോൾ അവൾ ഉണരണം. എന്നിട്ട് എന്റെ മുഖത്തേക്കു നോക്കി, എതിർക്കാതെ കൗതുകത്തോടെ കിടക്കണം. 

അതുകേട്ട് ചന്ദ്രഹാസ് വെളുക്കെ ചിരിച്ചു. ആ ചിരിയുടെ വെൺമയിൽ ആകാശത്ത് വെള്ള കീറി. അന്നാദ്യമായി വെള്ള കീറുന്നതിൽ കള്ളന് സംഭ്രമം തോന്നിയില്ല. 

കള്ളൻ പറഞ്ഞു... ഞാൻ 400 വീടുകളിൽ മോഷണത്തിനു കയറിയിട്ടുണ്ട്. അതിൽ നിങ്ങളുടെ കാമുകിയുടെ വീടുമുണ്ടാകാം. അവരെ തിരിച്ചറിയാൻ എന്തെങ്കിലും അടയാളം?

ഇലകളെക്കാളേറെ പൂക്കൾ വിരിയുന്ന നാലുമണിച്ചെടിയാണ് അവൾ. ചെറുകാറ്റു വന്നാലുടൻ നൃത്തം ചെയ്യാൻ കാത്തിരിക്കുന്ന മുല്ലവള്ളിയാണ് അവൾ.

എന്തിനാണ് അവൾ നിങ്ങളെ ഉപേക്ഷിച്ചത്?

സ്നേഹത്തിന്റെ കുന്നു കയറുകയായിരുന്നു ഞങ്ങൾ. ഒരു സായാഹ്നത്തിൽ കുന്നിൻ മുകളിലെത്താറായപ്പോൾ പെട്ടെന്ന് അവൾ തിരിച്ചിറങ്ങാൻ തുടങ്ങി. ഒരു ആട്ടിൻകുട്ടിയെപ്പോലെ ഇലക്കൂട്ടങ്ങൾക്കിടയിലൂടെ അവൾ താഴേക്ക് ഓടിമാഞ്ഞു. കുന്നിൻ മുകളിൽ ഞാൻ തനിച്ചായി. ഞാൻ എത്ര ഓടിയാലും അവളുടെ മുന്നിൽ കയറാൻ പറ്റുമായിരുന്നില്ല. 

നിങ്ങൾ കഥകളും നോവലുകളും എഴുതിയത് ആ പ്രണയം പരാജയപ്പെട്ടതിനു ശേഷമാണല്ലോ...

മുറിവുകളിൽ നിന്നാണ് കള്ളാ, ചോരയൊലിക്കുന്നത്. ചിരി ഒരു തോന്നൽ മാത്രമാണ്. കണ്ണീരാണ് നനവുള്ള യാഥാർഥ്യം ! ശൂന്യതയാണ് നിറയ്ക്കാനെളുപ്പം.  

എന്നിട്ടും എന്തിന് അവൾക്കു വേണ്ടി നിങ്ങൾ കാത്തിരിക്കുന്നു ?

അവൾ എന്നിൽ നിന്ന് പോകുന്നേയില്ല. 

മോഷണ വസ്തുക്കൾ തിരികെ വച്ച് അക്ഷരമാളികയിൽ നിന്ന് ആ കള്ളൻ തിരിച്ചിറങ്ങുകയാണ്. ചന്ദ്രഹാസിനോട് അയാൾ പറഞ്ഞു... ഇടംകാലിലെ ഈ സ്വർണക്കൊലുസു മാത്രം ഞാൻ കൊണ്ടുപോകുന്നു. കാമുകിക്ക് നിങ്ങളോട് ഇപ്പോഴും ഇഷ്ടമുണ്ടെങ്കിൽ ഇതിന്റെ ജോഡി അവരുടെ പക്കലുണ്ടാകും. അവരെ കണ്ടെത്തിയില്ലെങ്കിൽ ഞാനീ കൊലുസ് നിങ്ങൾക്കു തിരിച്ചു തരും. 

എഴുത്തുകാരൻ തലയാട്ടി, സമ്മതം. 

കള്ളൻ പകലിലേക്കിറങ്ങി മറഞ്ഞു. 

പണ്ടേ എല്ലാവരും പറയുന്നത് എത്ര ശരിയാണ്; എഴുത്തുകാരെ പറ്റിക്കാൻ വളരെയെളുപ്പമാണ്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS