മൂന്നു സ്ത്രീകൾ ഒരു യുവാവിനെ ഓർമിക്കുന്നു

HIGHLIGHTS
  • റോജി മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും പുല്ലേപ്പടി റോഡിൽ പലയിടത്തും അവന്റെ പടങ്ങളുള്ള പോസ്റ്ററുകൾ ഇപ്പോഴും കാണാം
  • വിസിറ്റിങ് ഹാളിൽ വന്നു നോക്കുമ്പോൾ ഫാനും ലൈറ്റും ഓൺ ചെയ്തിരിക്കുകയായിരുന്നു. അത് അവന്റെ സ്വഭാവമാണ്
penakathi-charu
വര: മുരുകേശ് തുളസിറാം
SHARE

മകൾ അധികം നിർബന്ധിക്കാതെ തന്നെ അമ്മ ഷോട്സ് അണിയാൻ തയാറായി. രാത്രിയാണ്. വീട്ടിൽ അവർ രണ്ടുപേരുമല്ലാതെ മറ്റാരുമില്ല. രണ്ടു വർഷത്തിനു ശേഷം മകൾ കാനഡയിൽ നിന്നു വന്ന ദിവസമാണ്. അവൾ കൊണ്ടുവന്ന ഓരോ പെട്ടി തുറക്കുമ്പോഴും പുറത്തു വരുന്ന ഏതൊക്കെയോ വിദേശ പെർഫ്യൂമുകളുടെ ഗന്ധം. ഇങ്ങനെ പല കാരണങ്ങളും അതിന് അമ്മയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.

കറുത്ത ഷോട്സും സ്ട്രൈപ്സ് ബുഷ് ഷർട്ടും ധരിച്ച് അൽപമൊന്ന് വിസ്മയിച്ചും അതിലധികം ഉലഞ്ഞും നിൽക്കുന്ന അമ്മയെ നോക്കി മകൾ പറഞ്ഞു... കണിക്കൊന്ന മരത്തിൽ ഓർക്കിഡ് പൂവിട്ടതുപോലെ ! അത്രയൊന്നും വേണ്ടെന്ന മട്ടിൽ ചിരിച്ചു കൊണ്ട് അമ്മ ചോദിച്ചു... ഞാൻ ഇതിന്റെ മുകളിൽ നൈറ്റി കൂടി ഇടട്ടേ? മകൾ അതു ശ്രദ്ധിക്കാതെ പറഞ്ഞു... കറുപ്പാണ് തുടക്കത്തിനു നല്ലത്. പിന്നെ ലൈറ്റ് കളറുകളിലേക്കു മാറാം. വളരെ കംഫർടബ്ൾ ആയിക്കഴിഞ്ഞാൽ അമ്മയ്ക്ക് വൈറ്റ് ഷോട്സൊക്കെ ഇടാം.

അമ്മ ചിരിച്ചു.. തുടക്കത്തിനു നല്ലത് കറുപ്പ് ! പരീക്ഷണത്തിനു രാത്രിയാണ് നല്ലതെന്നും കേട്ടിട്ടുണ്ട്.  

മകൾ ചോദിച്ചു.. നമ്മുടെ സ്റ്റോർ റൂമിൽ പഴയ ലാഡർ ഇരിപ്പില്ലേ?

അമ്മ അതിശയിച്ചു നിൽക്കെ അടുക്കളയോടു ചേർന്ന സ്റ്റോർ റൂമിൽ നിന്ന് മകൾ തന്നെ അത് എടുത്തു കൊണ്ടു വന്നു. ജ്യാമിതീയ രൂപത്തിലുള്ള ഒരു അലൂമിനിയം ഗോവണി. സ്വീകരണമുറിയുടെ നടുവിൽ അതു ചാരി വച്ചിട്ടു മകൾ പറഞ്ഞു... അമ്മ ഇതിലൊന്നു കയറിക്കേ. അവൾ എന്തു പറഞ്ഞാലും അനുസരിക്കാനുള്ള മൂഡിലായിരുന്നു അന്നത്തെ അമ്മ. അവർ ഗോവണിയിൽ ഏഴുപടി കയറിയിട്ട് താഴെ നിൽക്കുന്ന മകളെ നോക്കി.  എന്തു തോന്നുന്നു ? എന്ന് മകളുടെ ചോദ്യം. 

നെയിൽ കളർ ഇടണം. പിന്നെ ഉപ്പൂറ്റി പ്യൂമി സ്റ്റോൺ ചെയ്യണം. 

അമ്മയുടെ കാലുകൾക്കു നല്ല ഷേപ്പുണ്ട് ! എന്ന് മകളുടെ കമന്റ്.

അമ്മ താഴേക്കിറങ്ങി വന്നു. രണ്ടാളും കെട്ടിപ്പിടിച്ചു. ഒരുമ്മയിലുറങ്ങി. 

രാവിലെ ഉണരുമ്പോഴേക്കും അമ്മ ഷോട്സ് മാറ്റി പതിവുപോലെ സാരിയായിക്കഴിഞ്ഞിരുന്നു.

ഹൈസ്കൂൾ അധ്യാപികയായിരുന്നു അമ്മ രാജശ്രീ ചന്ദ്രകാന്ത്. 58 വയസ്സ്. കണക്കായിരുന്നു വിഷയം. ഭർത്താവ് ചന്ദ്രകാന്ത് വടക്കേപ്പാട്ട് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. നാലു വർഷം മുമ്പ് മരിച്ചു. ഏക മകൾ ചാരുലത രാജശ്രീ മൂന്നു വർഷമായി കാനഡയിലാണ്. വവ്വാലുകളുടെ പറക്കലും ജെറ്റ് വിമാനങ്ങളും അന്തരീക്ഷത്തിലുണ്ടാക്കുന്ന അദൃശ്യ ചലനങ്ങളെപ്പറ്റി ഗവേഷണത്തിലാണ്. അമേരിക്കൻ എയർഫോഴ്സിനു വേണ്ടിയുള്ള പ്രോജക്ടാണത്.  സൈനിക ദൗത്യമായതിനാൽ പ്രോജക്ടിൽ ഉൾപ്പെട്ടവർ പരസ്പരം ആശയവിനിമയം ചെയ്യാൻ മറ്റൊരു പേരു കൂടി ഉപയോഗിക്കുന്നുണ്ട്. അതിനായി ചാരുലത സ്വയം കണ്ടുപിടിച്ച പേരിതാണ് – കുലമറിയ !

ചാരു വന്നതിന്റെ രണ്ടാം ദിവസം. രാവിലത്തെ ഇളവെയിലേറ്റ് ചാരുപടിയിൽ ഉറങ്ങുന്ന തരംഗിണി എന്ന പൂച്ച അവളെക്കണ്ടു പായാരം പറഞ്ഞു. ഇതുവരെ പാലു തിളപ്പിച്ചിട്ടില്ല. അടുക്കളയിൽ അമ്മ മാത്രമേയുള്ളൂ. സുനന്ദ വീട്ടിൽപ്പോയി.  സുനന്ദ അമ്മയുടെ വീട്ടുസഹായിയാണ്. അവളെ വീട്ടിൽ പറഞ്ഞു വിട്ടതിന് അമ്മ പറഞ്ഞ കാരണമാണ് തരംഗിണിപ്പൂച്ചയ്ക്ക് തീരെ പിടിക്കാതിരുന്നത്. 

നിനക്ക് ഫിസിക്കലായ ആവശ്യങ്ങളില്ലേ? രണ്ടു ദിവസം രാത്രിയിൽ വീട്ടിൽ നിന്നോളൂ എന്നാണ് രാജശ്രീ ടീച്ചർ സുനന്ദയോടു പറഞ്ഞത്. അതൊന്നും സാരമില്ല ചേച്ചീ, ഞങ്ങൾ പാവങ്ങൾ അതൊക്ക പകൽ സാധിക്കുമെന്നു സുനന്ദ പറഞ്ഞെങ്കിലും ടീച്ചർ അവളെ വീട്ടിൽ പറ‍ഞ്ഞു വിട്ടു. എത്ര വലിയ കരുതലുകളാണ് ഒരമ്മ എന്ന് ആലോചിച്ച് ചാരുലത വിസ്മയിച്ചു.

അവൾ തരംഗിണിയോടു ചോദിച്ചു... നീ ഇപ്പോഴും വവ്വാലുകളെ പിടിക്കാറുണ്ടോ?

നിപ്പ വന്നതിനു ശേഷം ഇല്ല. 

പൂച്ചകൾക്ക് നിപ്പ വരാറില്ലല്ലോ.

ഇല്ലെന്ന് എങ്ങനെ പറയാൻ പറ്റും? ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നല്ലേ കുലമറിയേ സത്യം എന്നു ചോദിച്ച് തരംഗിണി തിരക്കിട്ട് എങ്ങോട്ടോ ഇറങ്ങിപ്പോയി. പോകുന്ന വഴിക്ക് വാലുയർത്തി അന്തരീക്ഷത്തിലൊരു സ്മൈലി വരയ്ക്കാനും അവൾ മറന്നില്ല.

കേരളത്തിൽ ഇപ്പോൾ ഒരാൾ മരിച്ചാലും ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞേ ആളുകൾ റോഡിൽ വയ്ക്കുന്ന കറുത്ത കൊടിയും പോസ്റ്ററും മാറ്റാറുള്ളൂ. റോജി മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും പുല്ലേപ്പടി റോഡിൽ പലയിടത്തും അവന്റെ പടങ്ങളുള്ള പോസ്റ്ററുകൾ ഇപ്പോഴും കാണാം. എയർപോർട്ടിൽ നിന്നു വരുന്ന വഴി അത് ചാരുലതയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. രാജശ്രീ ടീച്ചറുടെ അയൽവീട്ടിൽ താമസിക്കുന്ന മാഗി കുര്യന്റെ മകനാണ് റോജി കുര്യൻ. വ്യായാമം ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. 34 വയസ്സായിരുന്നു. 

വീടിന്റെ ടെറസിലെ ചെറിയ പൂന്തോട്ടത്തിൽ സന്ധ്യയ്ക്ക് റോജി വ്യായാമം ചെയ്യുന്നത് ചാരുലത പലപ്പോഴും കണ്ടിട്ടുണ്ട്. നീണ്ടു പോകുന്ന ഫോൺ വിളികളുമായി അവൾ ടെറസിനു കുറുകെയും നെടുകയും നടക്കുന്ന വൈകുന്നേരങ്ങളിലായിരുന്നു അത്. രണ്ടു പേരുടെയും വീടിന്റെ ടെറസുകൾ ഒരേ ഉയരത്തിലായിരുന്നു. ഒരിക്കൽ കേബിൾ ടിവി കണക്ഷൻ റിപ്പയർ ചെയ്യുന്ന പയ്യന്മാർ രണ്ടു ടെറസുകളും തമ്മിൽ ഒരു അലൂമിനിയം ലാഡർ കൊണ്ട് ബന്ധിപ്പിച്ച് അതുവഴി ടീച്ചറുടെ ടെറസിൽ നിന്ന് നേരിട്ട് മാഗിയാന്റിയുടെ ടെറസിലേക്ക് ഒരു കേബിളുമായി നടന്നു പോയത് അവൾക്ക് ഓർമയുണ്ട്. അന്ന് ഒരു കൗതുകത്തിന് ആ ലാഡറിലുടെ റോജി നടന്നു നോക്കിയതും അതു കണ്ട് മാഗിയാന്റി അവനെ വഴക്കു പറഞ്ഞതും ചാരുലത ഓർമിച്ചു. 

എങ്ങാനും കാലുതെറ്റി വീണു പോയാലോ !

രാജശ്രീ ടീച്ചറും ചാരുലതയും ഇപ്പോൾ മാഗിയാന്റിയുടെ വീട്ടിലേക്കു വന്നതാണ്. ആൾക്കൂട്ടം ചവിട്ടിമെതിച്ച് ഉടലാകെ മുറിവേറ്റ പുൽത്തകിടി വെയിൽ കായാൻ തളർന്നു കിടന്നു. റോജിയുടെ മരണ ദിവസം ഒരുപാട് ആളുകൾ വന്നിരുന്നു എന്ന് അമ്മ പറഞ്ഞത് അവൾക്ക് ഓർമയുണ്ട്. 

മാഗിയാന്റിയുടെ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കെ ചാരുലത പറഞ്ഞു: അമ്മ പറഞ്ഞ് എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു. റോജിയുടെ ചില ഫ്രണ്ട്സിന്റെ പോസ്റ്റുകളും കണ്ടിരുന്നു. റോജി വർക്കൗട്ട് ചെയ്യുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. ചിലതൊക്കെ ഇമിറ്റേറ്റ് ചെയ്യാനും നോക്കിയിട്ടുണ്ട്. 

മാഗിയാന്റി പറഞ്ഞു. അവനെ അനുകരിക്കാൻ എളുപ്പമായിരുന്നില്ല മോളേ, മരണത്തിൽ പോലും. 

മമ്മീ ഒരു ഗ്ളാസ് വെള്ളം എന്നു പറഞ്ഞ് എന്നെ വിളിച്ചു. ഞാൻ താഴെ കിച്ചനിലായിരുന്നു. വർക്കൗട്ട് ചെയ്യുമ്പോൾ അവൻ സാധാരണ വെള്ളം ചോദിക്കാറുണ്ട്.  വെള്ളം നിറച്ച ഗ്ളാസ് ഷോൾഡറിൽ വച്ച് പുഷപ്പ് എടുക്കാനാണ്. ഒരു സ്ഫടിക ഗ്ളാസ് തുളുമ്പുവോളം ഇളംചൂടുവെള്ളം. അതിൽ രണ്ട് ഐസ് ക്യൂബ് ഇടണം. ഒരു തുള്ളി പോലും തുളുമ്പാതെ 100 പുഷപ്പ് ആകുമ്പോഴേക്കും ഐസ് ക്യൂബ് അലിഞ്ഞു തീരും. അങ്ങനെയൊക്കെയായിരുന്നു അവൻ. അന്ന് ഞാൻ വെള്ളവുമായി എത്തുമ്പോൾ അവൻ വീണു കിടക്കുകയായിരുന്നു. അവൻ വെള്ളം ചോദിച്ചത് നെഞ്ചുപൊട്ടുന്ന സമയത്തായിരുന്നു. ഞാൻ അതറിഞ്ഞില്ല. എനിക്കു മനസ്സിലായില്ല.

ചാരുലത ചോദിച്ചു... ആന്റി എന്തിനാ ഈ വീട്ടിൽ തനിയെ താമസിക്കുന്നത്? റിലേറ്റീവ്സിനെ ആരെയെങ്കിലും കൂടെ നിർത്തിക്കൂടെ? ബന്ധുക്കൾ വളരെ വേഗം കാര്യങ്ങൾ മറക്കും. മറ്റു വിഷയങ്ങളിലേക്കു കടക്കും. എനിക്കു കുറെ നാൾ കൂടി അവന്റെ ഓർമകളിൽ മാത്രമായി കഴിയണം. രാജശ്രീ ടീച്ചർ ഡൈനിങ് ടേബിളിലേക്കു നടന്ന് ഒരു ഗ്ളാസ് വെള്ളമെടുത്തു കുടിച്ചു. 

മാഗിയാന്റി പറഞ്ഞു കൊണ്ടിരുന്നു... ഇന്നലെ രാത്രിയിൽ ഉറക്കത്തിൽ അവൻ വിളിച്ചതു കേട്ടാണ് ഞാൻ ഉണർന്നത്. വിസിറ്റിങ് ഹാളിൽ വന്നു നോക്കുമ്പോൾ ഫാനും ലൈറ്റും ഓൺ ചെയ്തിരിക്കുകയായിരുന്നു. അത് അവന്റെ സ്വഭാവമാണ്. ഫോൺ ചാർജിങ് കഴിഞ്ഞാലും പ്ളഗ് സോക്കറ്റിൽ തന്നെ കാണും. അയൺ ബോക്സും അതുപോലെ തന്നെ. അന്നേരം മുകളിലത്തെ നിലയിൽ നിന്ന് റോയിച്ചായന്റെ വിളി. മാഗീ, മാഗീന്ന്. അതു കേട്ട് അങ്ങോട്ടോടി. ഇന്നലെ രാത്രി ഞാൻ ഇങ്ങനെ മുകളിലും താഴെയുമായി കയറിയിറങ്ങി. രണ്ടാളും ചേർന്ന് എന്നെ ഉറക്കിയില്ല.

ചാരുലത ചോദിച്ചു, വട്ടാണല്ലേ?

മാഗിയാന്റി ചിരിച്ചു. ഈയിടെയായി എനിക്കും തോന്നാറുണ്ട്. 

രാജശ്രീ ടീച്ചർ പറഞ്ഞു: റോയിച്ചായൻ മരിച്ചിട്ട് പത്തു വർഷമായി. 

ആന്റി ഇപ്പോഴും രാത്രിയിൽ ടെറസിൽ ലൈറ്റിടാതെ നിൽക്കാറുണ്ടോ?

വല്ലപ്പോഴും. റോയിച്ചായനാണ് എന്നെ ആ ശീലം പഠിപ്പിച്ചത്. പുള്ളി എന്നും ചെറുതായി ഡ്രിങ്ക്സ് കഴിക്കുമായിരുന്നു. ടെറസിൽ നിന്നാണ് പരിപാടി. എന്നെയും വിളിച്ച് അടുത്തിരുത്തും. അകലെയുള്ള ഫ്ളാറ്റുകളിലെ ചെറിയ ചെറിയ വെളിച്ചങ്ങളുടെ ചതുരങ്ങൾ ഐസ്കട്ടകളാണെന്ന് പുള്ളി പറയും. അവ ഓരോന്നായി അലിഞ്ഞു തീരുമ്പോൾ രാത്രി ഏറെ വൈകും. 

ഒരു തവണ റോയിച്ചായൻ എന്നെ എടുത്തുകൊണ്ടു ടെറസിൽ നിന്നുള്ള സ്റ്റെയർകേസ് ഇറങ്ങി താഴെ വന്നു.  എന്റെ ബോഡി വെയ്റ്റിനെച്ചൊല്ലി അന്നു ഞങ്ങൾ തർക്കിച്ചു. 72 എന്നു ഞാ‍ൻ. 75 എന്നു പുള്ളി. വെയിങ് മെഷീൻ മുകളിലത്തെ നിലയിലാണ്. തർക്കം മൂത്തപ്പോൾ എന്നെ എടുത്തു കൊണ്ട് പുള്ളി സ്റ്റെപ്പ് കയറി വീണ്ടും മുകളിലെത്തി. വെയ്റ്റ് നോക്കിയപ്പോൾ ഞാൻ 72, പുള്ളി 75. അതോടെ ഒരുമിച്ചു നോക്കാമെന്നായി. അങ്ങനെ നോക്കിയപ്പോൾ 204 കിലോഗ്രാം !

മാഗിയാന്റി നിർത്താതെ ചിരിക്കാൻ തുടങ്ങി.

ചാരുലത വിസ്മയിച്ചു, നിങ്ങളൊക്കെ എന്തു യൂത്ത്ഫുള്ളായിരുന്നു ! 

മാഗിയാന്റി ചോദിച്ചു: അധികം തണുപ്പില്ലാതെ ഒരു ഗ്ളാസ് വോഡ്ക എടുക്കട്ടേ?

ചാരുലത അമ്മയുടെ നേരെ നോക്കി. അമ്മ പറഞ്ഞു: ഞാൻ ആദ്യമായാണ്. ലേശം മതി. 

മാഗിയാന്റി പറഞ്ഞു: അതു മതി. കടലും കണ്ണീരും ഒരു തുള്ളി മതി ! ഈ ദിവസത്തിന്റെ ഓർമയ്ക്ക് !

അവർ അടുക്കളയിലേക്കു നടന്നു. 

സ്വീകരണ മുറിയിൽ ചാരിയിരുന്ന് ഉറങ്ങുന്ന അകൂസ്റ്റിക് ഗിറ്റാർ ചാരുലതയുടെ ശ്രദ്ധയിൽപ്പെട്ടു. അത്രയും നേരമായിട്ടും ഒന്നും മിണ്ടാതിരിക്കുകയായിരുന്നു അത്. അവൾ അതിനെ മെല്ലെയെടുത്ത് ഒന്ന് ഓമനിച്ചിട്ട് അറിയാവുന്ന രാഗത്തിൽ മീട്ടാൻ തുടങ്ങി.

യാത്ര പോയവരുടെ ഓർമകളിലൂടെ 

മുന്നോട്ടു നടക്കുന്നവരുടെ ഘോഷയാത്ര !

ഇരുൾ കഴിഞ്ഞാലൊരു പകൽ

മഴ കഴിഞ്ഞാലൊരു വെയിൽ

മറുകരയിലേക്കുളള തോണിക്കാരാ, വരൂ

ഇനിയും നീ വൈകിയാൽ 

ഞാനീ സ്വപ്നവുമായി അക്കരയ്ക്കു നീന്തി വരും !

(ഹിന്ദിയിലെ പ്രശസ്തമായ ആ പാട്ടിന്റെ അർഥം ഇങ്ങനെയായിരുന്നു.)

English Summary: Three women remember a young man

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS