ഭാർഗവീനിലയത്തിലെ ഗാനങ്ങളെല്ലാം മലയാളികൾക്ക് അന്നും ഇന്നും ഒരു ലഹരിയാണ്. ‘ഏകാന്തതയുടെ അപാരതീരം’, ‘താമസമെന്തേ വരുവാൻ’, ‘പൊട്ടിത്തകർന്ന കിനാവ്’, അനുരാഗമധുചഷകം’ എന്നീ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ ലഭിക്കുന്ന ഇന്ദ്രിയസുഖം ഒന്നുവേറെതന്നെയാണ്. റിലീസ് ചെയ്ത് ആറുപതിറ്റാണ്ടാകുമ്പോഴും ഈ പാട്ടുകൾ തലമുറകൾ മാറിമാറി പാടി–കേട്ടുകൊണ്ടിരിക്കാൻ കാരണമെന്തായിരിക്കും.? അങ്ങനെയൊരു വൈകാരിക ബന്ധം ഉള്ളതുകൊണ്ടുകൂടിയാണ് ബാബുരാജ് ഈണം നൽകിയ പാട്ടുകൾ ബിജിബാൽ ഈണം മാറ്റിയപ്പോൾ വിവാദമായതും. ഭാർഗവീനിലയം പുതിയകാലത്തിനനുസരിച്ച് മാറി വരികയാണ്. ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ എന്ന ചിത്രം ഭാർഗവീനിലയത്തിന്റെ റീമേക്കാണ്. ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ പേരുതന്നെയാണ് സിനിമയ്ക്കു നൽകിയതും. ബാബുരാജ് ഈണം നൽകിയ ഗാനങ്ങൾ റീമിക്സ് ചെയ്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ മകൻ എം.എസ്. ജബ്ബാർ രംഗത്തെത്തിയതോടെയാണ് ചിത്രം വിവാദമായത്. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് സംവിധായകനും സംഗീതസംവിധായകനും പുതിയ ചിത്രത്തിനുവേണ്ടി ഭാർഗവീനിലയത്തിലെ ഗാനങ്ങൾ എടുത്തതെന്നാണ് ജബ്ബാർ പറയുന്നത്. ടൊവിനോ തോമസ് ആണ് നീലവെളിച്ചത്തിലെ നായകൻ. ഈ മാസം 21ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
HIGHLIGHTS
- നീലവെളിച്ചത്തിന്റെ റീലീസ് ഡേറ്റ് അടുക്കുമ്പോഴും സിനിമയിലെ ഗാനങ്ങൾ സംബന്ധിച്ച വിവാദങ്ങൾ ശമിച്ചിട്ടില്ല. ഭാർഗവിനിലയത്തിൽ ബാബുരാജ് സംഗീതം നൽകിയ ഗാനങ്ങൾ ബിജിബാൽ റീമിക്സ് ചെയ്തതിൽ ബാബുരാജിന്റെ മകൻ എം.എസ്. ജബ്ബാറിനു പ്രതിഷേധമുണ്ട്. പാട്ടിന്റെ അവകാശത്തർക്കം തുടരുമ്പോൾ, മലയാളികൾ തലമുറകളായി കേട്ടുകൊണ്ടിരിക്കുന്ന ആ പഴയ ഈണത്തിന്റെ പിന്നണിയിലെ എം.എസ്. ബാബുരാജിനെക്കുറിച്ചറിയാം.