‘വെണ്ണിലവെ തൊട്ട് മുത്തമിട ആസൈ, എന്നെ ഇന്ത ഭൂമി സുട്രി വരെ ആസൈ’ എന്ന് ഒരു തലമുറയെ ഏറ്റു പാടിച്ച ശബ്ദമാണ് പി.ജെ റോസ്‌ലിയെന്ന മിൻമിനിയുടേത്. 'ചിന്ന ചിന്ന ആസൈ' എന്ന തമിഴ് വരികളെ അർത്ഥം അറിഞ്ഞും അറിയാതെയും ഇന്ത്യ മുഴുവൻ പാടിക്കൊണ്ടിരുന്നു. 1992 ൽ ഇതാ ഞാൻ ഇന്ത്യൻ സിനിമാ ലോകത്ത് വന്നിരിക്കുന്നു എന്ന് എ.ആർ റഹ്മാൻ ലോകത്തോട് വിളിച്ചു പറഞ്ഞത് മിൻമിനിയുടെ ശബ്ദത്തിലായിരുന്നു. പക്ഷേ, മിൻമിനി ആശയുടെ ചിറകു തുന്നിത്തീരുമ്പോഴേക്കും ശബ്ദമില്ലാതായി. ഒരു കാലത്ത് ഇന്ത്യയെ നിശ്ചലമാക്കിയ ശബ്ദം നേർത്ത് നേർത്ത് ഇല്ലാതെ ആയി. പിന്നീടു സ്വയം ഒതുങ്ങി മാറിയിരുന്നു. എങ്കിലും പാടാതെയിരിക്കാൻ ഏതു പാട്ടുകാരിക്കു കഴിയും? പാട്ടും പറച്ചിലുമായി മനോരമ ഓൺലൈൻ പരിപാടി ‘മെമ്മറി കാർഡി’ൽ മിൻമിനി എത്തുകയാണ്...
HIGHLIGHTS
- ‘‘നന്നായി പാടിക്കൊണ്ടിരുന്നപ്പോഴാണു ശബ്ദമില്ലാതെയാകുന്നത്. പാടാൻ വിളിക്കുന്നവരോടു പനിയാണെന്നൊക്കെ എത്ര തവണ പറയും? ശബ്ദം പോയാലും തിരികെ വരും എന്ന പ്രതീക്ഷയിലായിരുന്നു ജീവിതം. ഇതിങ്ങനെ ഇത്ര നാൾ നീണ്ടുപോകും എന്നു കരുതിയിട്ടേയില്ല. എന്താണു യഥാർഥ പ്രശ്നം എന്ന് എനിക്കിതേവരെ മനസ്സിലായിട്ടില്ല...’’– ഓർമച്ചെപ്പു തുറക്കുകയാണ് ഗായിക മിൻമിനി, ‘മെമ്മറി കാർഡി’ൽ...