കഷ്ടിച്ചു 10 മിനിറ്റ് മാത്രം നീണ്ടുനിന്നൊരു പ്രസംഗം, നാലു മിനിറ്റ് വരുന്നൊരു പാട്ട്. അത്ര തന്നെ. തമിഴ് സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരം രാഷ്ട്രീയപ്രവേശം വ്യക്തമാക്കിക്കഴിഞ്ഞു. ദളപതി വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അത് എപ്പോൾ സംഭവിക്കും എന്ന ചോദ്യത്തിനും ജൂൺ 17ലെ ആ പ്രസംഗത്തോടെ ഏറെക്കുറെ ഉത്തരമായിക്കഴിഞ്ഞു. തന്റെ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിജയ് സൂചന നൽകിയിട്ടുണ്ട്. ജൂൺ 22ന് 49–ാം പിറന്നാളിന് പുതിയ പടത്തിലെ പാട്ട് പുറത്തിറങ്ങിയതോടെ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അനൗദ്യോഗിക പ്രഖ്യാപനമായി എന്നുതന്നെ കരുതുന്നവരുമുണ്ട്.
HIGHLIGHTS
- പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം ‘ലിയോ’യിലെ ഒരു പാട്ടിന്റെ വരികൾ ചികഞ്ഞു പരിശോധിക്കുകയാണിന്ന് തമിഴക രാഷ്ട്രീയം. 12 മണിക്കൂറിൽ ഒരു കോടി വ്യൂ പിന്നിട്ട ആ പാട്ടിൽ ഒളിച്ചിരിപ്പുണ്ടോ തമിഴിലെ സൂപ്പർതാരത്തിന്റെ രാഷ്ട്രീയ പ്രവേശ സൂചനകൾ? വിജയ് മക്കൾ ഇയക്കം നടത്തിയ വിദ്യാഭ്യാസ പുരസ്‌കാര വിതരണ സമ്മേളനത്തിലെ പ്രസംഗത്തിലും ഇതു സംബന്ധിച്ച വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു അദ്ദേഹം. രാഷ്ട്രീയം ‘സൈഡ് ബിസിനസ്’ ആക്കാതെ, സിനിമയെത്തന്നെ ഉപേക്ഷിച്ച് തമിഴ് മക്കൾക്കായി ഇറങ്ങിപ്പുറപ്പെടുകയാണോ ‘ദളപതി വിജയ്’?