തമിഴ് സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളായെത്തി കിടിലൻ പ്രകടനത്തിലൂടെ പ്രേക്ഷകരെ വിറപ്പിച്ച, മലയാളക്കരയിൽനിന്നുള്ള നടന്മാർ ഒരുപിടിയുണ്ട്. കണ്ണൂരിൽ ജനിച്ച്, തമിഴ്നാട്ടിൽ നാടകപ്രവർത്തനങ്ങളിലൂടെ സിനിമയിലെത്തി, പതിറ്റാണ്ടുകളോളം തമിഴ് തിരശീലയിൽ ഉത്തമവില്ലനായി തിളങ്ങിയ മഞ്ചേരി നാരായണൻ നമ്പ്യാർ എന്ന എം.എൻ.നമ്പ്യാർ മുതൽ അതിങ്ങു നീളും. സിനിമയുടെ കഥാപരിസരങ്ങളിലെ മാറ്റങ്ങൾക്കൊപ്പം കഥാപാത്രങ്ങളുടെ അതിഭാവുകത്വ നടനരീതികളിലും മാറ്റം വന്ന കാലത്ത് അതിന്റെ ഒരംശം തമിഴിലും തെളിഞ്ഞു. ഈ തരംഗത്തിൽ, രഘുവരനെന്ന പാലക്കാട്ടുകാരൻ തമിഴിലെ സൂപ്പർതാരങ്ങളുടെ തോളൊപ്പം പോന്ന വില്ലൻ കഥാപാത്രങ്ങളിലെത്തി. ‘പുരിയാത പുതിർ’ ഉൾപ്പെടെയുള്ള സിനിമകളിലെ അഭിനയരീതിയും വ്യത്യസ്ത വോയ്‌സ് മോഡുലേഷനും പ്രേക്ഷകരെപ്പോലെ സിനിമാലോകവും ശ്രദ്ധിച്ചത് അദ്ദേഹത്തിനു വഴിത്തിരിവായിരുന്നു. പല രജനീകാന്ത് ചിത്രങ്ങളിലും രഘുവരൻ വില്ലനായി. വില്ലൻ ഗംഭീരമായാലേ നായകന്റെ ഹീറോയിസം തിളങ്ങുവെന്നു വിശ്വസിച്ചിരുന്ന രജനീകാന്ത്, തന്റെ ചിത്രങ്ങളിൽ രഘുവരൻ വില്ലനായി വരുമ്പോൾ ആ വേഷങ്ങൾ പൊലിപ്പിക്കാൻ സംവിധായകരോട് ആവശ്യപ്പെട്ടിരുന്നു.
HIGHLIGHTS
- മൂന്നു മാസത്തിനിടെ തമിഴ് സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മൂന്നു മലയാളികളാണ് ഫഹദ് ഫാസിൽ (മാമന്നൻ– സംവിധാനം: മാരി സെൽവരാജ്), വിനായകൻ (ജയിലർ, സംവിധാനം: നെൽസൻ ദിലിപ്കുമാർ), സുനിൽ സുഖദ (പോർ തൊഴിൽ, സംവിധാനം: വിഘ്നേഷ് രാജ) എന്നിവർ.