‘ആ ഷോട്ട് എങ്ങനെ സിനിമയിൽ കൊണ്ടുവരുമെന്ന് ഞാനിന്നും ചിന്തിക്കാറുണ്ട്: ഒരു തുള്ളി ടഗോർ ആയിരുന്നു സത്യജിത് റായ്’
Mail This Article
‘‘ടഗോറിൽ സിനിമ ഇല്ലായിരുന്നു. അത് സിനിമയുടെ കാലമായിരുന്നില്ല. സംഗീതം, എഴുത്ത്, ചിത്രകല തുടങ്ങി എല്ലായിടത്തും ടാഗോർ ഉണ്ടായിരുന്നു. കാലം വളർന്നപ്പോൾ, തിരശ്ശീലയിലേക്കുള്ള കഥയുടെ കാലം വന്നു. കൽക്കട്ടയിൽ സത്യജിത് റായ് ജനിച്ചു. കലയുടെ എല്ലാ ദേശങ്ങളിലൂടെയും റേ സഞ്ചരിച്ചു. പുതിയ കലാദേശങ്ങൾ സൃഷ്ടിച്ചു. ഒരു തുള്ളി ടഗോർ ആയിരുന്നു സത്യജിത് റായ്’’ - എഴുത്തുകാരൻ ഉണ്ണി. ആറിന്റെ സത്യജിത് റായ് ഇങ്ങനെയാണ്. പക്ഷേ കാലാന്തരങ്ങളിൽ, ദേശാന്തരങ്ങളിൽ പലർക്കും ആ മനുഷ്യൻ പലതായിരുന്നു. അദ്ദേഹത്തിന്റെ കലയും കാഴ്ചയും ഓരോ മനുഷ്യരിലൂടെയും സഞ്ചരിച്ചത് പലതായാണ്. ഇന്ത്യൻ സിനിമയെ ലോക സിനിമയുമായി ബന്ധിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സത്യജിത് റായിയിൽ നിക്ഷിപ്തമായിരുന്നതെന്ന് നിരൂപകർ പറയുന്നു. യഥാർഥത്തിൽ റായ് ഇന്ത്യൻ സിനിമയെ എങ്ങും കൊണ്ടുപോയില്ല. പ്രാദേശികസിനിമകളെ ഹോളിവുഡിൽ എത്തിക്കുകയെന്ന രീതി തച്ചുടച്ച് അദ്ദേഹം ഇന്ത്യയുടെ നാഡീഞരമ്പുകളിലെത്തി, അതിന്റെ ആത്മാവിലേക്ക് ലോകത്തെയാകെ ക്ഷണിക്കുകയായിരുന്നു. ‘‘റായിയുടെ സിനിമ കാണാതിരിക്കുകയെന്നു പറഞ്ഞാൽ, സൂര്യനെയോ ചന്ദ്രനെയോ കാണാതെ ലോകത്തു നിലനിൽക്കുകയെന്നാണ് അർഥം’’ എന്ന അകിര കുറസോവയുടെ വാക്കുകൾ വ്യക്തമാക്കുന്നതും അതുതന്നെ. ബംഗാളിന്റെ മണ്ണിനെയും മനുഷ്യനെയും കലയോട് ചേർത്തുവച്ചൊരുക്കിയ മുപ്പത്തിയഞ്ചിലധികം സിനിമകൾ, അതിലുമേറെ ബഹുമതികൾ... ഒരുപക്ഷേ, ഇത്രയേറെ പുസ്തകങ്ങൾ രചിച്ചതും രചിക്കപ്പെട്ടതുമായ മറ്റൊരു ചലച്ചിത്രകാരൻ ഇവിടെയുണ്ടായിക്കാണില്ല.