ലോകശ്രദ്ധയിലേക്ക് എത്തിക്കഴിഞ്ഞു കേരളത്തിന്റെ നെതര്‍ലന്‍ഡ്സ് എന്നറിയപ്പെടുന്ന കുമരകം. ജി-20 ഉച്ചകോടിയുടെ ഭാഗമായുള്ള ഉദ്യോഗസ്ഥ സമ്മേളനത്തിന് കുമരകം വേദിയായതോടെ കേരളത്തിന്റെ ടൂറിസം രംഗം പുതിയ വളർച്ചാ സാധ്യതകൾ തേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സമ്മേളനത്തിനായി എത്തിച്ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ മുഖത്തെ സംതൃപ്തി നിറഞ്ഞ ചിരിതന്നെ അതിനു വലിയ ഉദാഹരണം. ഇന്ത്യയിൽ ഒട്ടേറെ ടൂറിസം ഡെസ്റ്റിനേഷനുകളുണ്ട്. എന്തുകൊണ്ടാണ് ഉച്ചകോടിയുടെ ഭാഗമായുള്ള സമ്മേളനത്തിന് ഇൗ കൊച്ചു ഗ്രാമത്തെത്തന്നെ തിരഞ്ഞെടുത്തത്? ഉത്തരം ഒന്നേയുള്ളൂ– കുമരകത്തിന്റെ ഗ്രാമീണ സൗന്ദര്യം. ഇന്ത്യയിലെ ഗ്രാമങ്ങൾ മാലിന്യമുക്തവും സൗകര്യങ്ങൾ നിറഞ്ഞതുമാണെന്ന് ലോകത്തെ അറിയിക്കുക എന്നതാണ് കുമരകത്തെ വേദിയാക്കിയതിലൂടെ ഉദ്ദേശിച്ചതെന്ന് സംഘാടകർ പറയുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി, ബ്രിട്ടിഷ് രാജാവ് ചാൾസ് മൂന്നാമൻ തുടങ്ങിയവർ പ്രകൃതിസൗന്ദര്യം നിറഞ്ഞ ഇവിടെയെത്തിയതും താമസിച്ചതും കുമരകത്തിന്റെ പ്രശസ്തി ലോകമെങ്ങും എത്താൻ സഹായിച്ചിരുന്നു. വഞ്ചിവീടും കായൽക്കാഴ്ചയും നാടൻ വിഭവങ്ങളുമൊക്കെയായി ടൂറിസം ഭൂപടത്തിലും കുമരകത്തിന് സാധ്യതകൾ ഏറെ. ലോകനേതാക്കളുടെ വരവോടെ ഇൗ മനോഹര ഗ്രാമത്തിന്റെ ദൃശ്യചാരുത ലോകത്തിനു മുൻപിലെത്തുന്നത് ടൂറിസത്തിന്റെ വളർച്ചയ്ക്കും വൻനേട്ടമുണ്ടാക്കും. കുമരകത്തെത്തുന്ന വിനോദസഞ്ചാരികളിലധികവും വിദേശികളാണ്. കോവിഡ് വിനോദസഞ്ചാര മേഖലയെ പിന്നോട്ടു വലിച്ചെങ്കിലും പഴയ പ്രതാപത്തിലേക്കു പതിയെ തിരികെയെത്തുകയാണ് കുമരകം. ജി20 ഉച്ചകോടിയോടനുബന്ധിച്ചുള്ള സമ്മേളനത്തോടെ അതിന്റെ വേഗം കൂടുമെന്നാണു പ്രതീക്ഷിക്കുന്നത്.
HIGHLIGHTS
- ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള ഉദ്യോഗസ്ഥ സമ്മേളനത്തിന് എന്തുകൊണ്ടാണ് കുമരകം തിരഞ്ഞെടുത്തത്?