കൂട്ടി വായിക്കാൻ തുടങ്ങുന്ന പ്രായത്തിന് മുൻപേ പപ്പ സമ്മാനമായി തന്നിരുന്നത് പുസ്തകങ്ങൾ മാത്രമായിരുന്നു. നിറപ്പകിട്ടുള്ള ഉടുപ്പുകളും പാവകളും കൊതിച്ച കുട്ടി പുസ്തകങ്ങളെ മറ്റു നിവൃത്തിയില്ലാത്തതിനാൽ അങ്ങനെ സ്നേഹിച്ചു തുടങ്ങി. ‘കുഞ്ഞിക്കൂനൻ’ എന്ന പുസ്തകമാണ് ആദ്യം കിട്ടിയത്. കഥയൊന്നും ഓർമ്മയില്ല. പിന്നീട് പൂമ്പാറ്റ, ബാലരമ, അമ്പിളി അമ്മാവൻ, ബാലമംഗളം, അമർചിത്രകഥകൾ ഇവയൊക്കെയായിരുന്നു വായിക്കുവാനിഷ്ടം. ഒപ്പം തന്നെ മുതിർന്നവർക്ക് വായിക്കുവാൻ വരുത്തിയിരുന്ന മനോരമ, മംഗളം, സഖി, പൗരധ്വനി, ദീപിക, വനിത, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിൽ വരുന്ന കഥകളും നോവലുകളുമൊക്കെ കൗതുകത്തോടെ കട്ടു വായിച്ചിരുന്നു.
HIGHLIGHTS
- ‘‘എന്തെങ്കിലും വായിക്കാതെ ഒരു ദിനം ഓർമിക്കാൻ പോലും വയ്യ. വായനയാകട്ടെ ജീവിതം നീട്ടിക്കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നും...!’’ കടന്നു വന്ന വായനാ വഴികളെക്കുറിച്ച്, ഈ വായനാ ദിനത്തിൽ ഓർമിക്കുകയാണ് എഴുത്തുകാരി സ്മിത ഗിരീഷ്. ബൊഹീമിയൻ റിപ്പബ്ലിക്, കോട്ടയം ഡയറി, സ്വപ്നമെഴുത്തുകാരി എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് ലേഖിക.