കാലുകൾ ആഞ്ഞുവലിച്ച് വേഗം വേഗം നടക്കുകയാണ്, ഓട്ടമോ നടത്തമോ – പറയാൻ വയ്യ. നെഞ്ചിലെന്തൊക്കെയോ കൊളുത്തിവലിക്കുന്നുണ്ട്, ആരോടൊക്കെയോ ദേഷ്യമുണ്ട്, വാശിയുണ്ട്, തർക്കമുണ്ട്, വഴക്കുണ്ട്, ശത്രുതയുണ്ട്, കുശുമ്പുണ്ട്... സ്നേഹവും വാത്സല്യവുമുണ്ട്; എന്തിനെയൊക്കെയോ പേടിയുണ്ട്, എന്തിന്റെയൊക്കെയോ പിരിമുറുക്കമുണ്ട്; പള്ളുപറഞ്ഞ നാവാണ്, കള്ളം പറഞ്ഞ മുഖമാണ്, വഞ്ചിച്ച മനസ്സാണ്, ചതി കൊരുത്ത നെഞ്ചാണ്; ഇതിനിടയ്ക്കും ചിരിക്കുകയും നല്ലതു കാട്ടുകയും ചെയ്യുന്നുവല്ലോ – ശ്ശോ, വല്ലാത്തൊരു പോക്ക്. എത്തും പിടിയും കിട്ടാത്തപോലെ. അതിനിടയിൽ ആരോ വിളിക്കുന്നു, ‘‘ അതേയ്, ഒന്നു നിൽക്കൂ, അൽപം ഇരുന്നിട്ടു പോകാം. ‘‘ഇല്ല, വലിയ തിരക്കാണ്. ഒന്നിനും സമയമില്ല.’’ ‘‘എവിടേക്കാണ് ഓടുന്നത്?’’ എന്നു വീണ്ടും ചോദ്യം. ‘‘എല്ലായിടത്തേക്കും ഓട്ടമല്ലേ. മരണം വരെ ഓട്ടം തന്നെ ഓട്ടം.’’ ‘‘എന്തിനാണിങ്ങനെ ഓടുന്നത്. ’’?
HIGHLIGHTS
- ദുൽഹജ് 9 നാണ് അറഫ സംഗമം. ഇക്കൊല്ലം ആ പുണ്യം ഇന്നാണ്, അറഫയിൽ പ്രാർഥനകൾ ഉയരുകയാണിപ്പോൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ലക്ഷക്കണക്കിനു ജനങ്ങൾ പ്രാർഥനകൾ ഉരുവിട്ടുകൊണ്ട് 16 കിലോമീറ്റർ അകലെ അറഫയിലേക്കു പോകുന്നു. കണ്ണെത്താദൂരം പരന്നു കിടക്കുന്ന അറഫ. ഓരത്തായി പ്രവാചകൻ മുഹമ്മദ് നബി വിടവാങ്ങൽ പ്രസംഗം നടത്തിയ നമീറ പള്ളി. അവിടെ നമസ്കാരം നിർവഹിച്ച്, ശ്രദ്ധയോടെ ഖുത്തുബ കേട്ടതിനു ശേഷം തുടങ്ങുന്നു, മഹാ മാനവ സംഗമം. ആ കാഴ്ച തന്നെ എന്തൊരു ഊർജമായിരിക്കും! ഒറ്റയിടത്ത് ജനലക്ഷങ്ങൾ ഒരേ സമയം പ്രാർഥനകളുമായി ഒരുമിക്കുന്ന കാഴ്ച!