നാട്ടകത്തെ ഉമ്മൻ ചാണ്ടിയുടെ വീട്ടകം; അവർ അറിഞ്ഞില്ല അതൊരു യാത്രപറച്ചിലാണെന്ന്...
Mail This Article
‘‘സഹൃദയരേ, കലാസ്നേഹികളേ... ഈ ‘നാട്ടക’ത്തിലെ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല.’’– ഒരുപക്ഷേ നാട്ടകം ഗെസ്റ്റ് ഹൗസിന്റെ ചരിത്രം ഒരു നാടകമായാൽ ഇങ്ങനെ ഒരു ആമുഖം സൂത്രധാരൻ പറയുമായിരുന്നു. ഇന്ന് കേരള രാഷ്ട്രീയത്തിൽ ‘നാട്ടകം’ എന്ന മൂന്നക്ഷരം ഒരു സ്ഥലമല്ല. മറിച്ച് ചരിത്രത്തിന്റെ സാക്ഷിയാണ്. കാരണം കേരളത്തിന്റെ ചരിത്രം നിശ്ചയിച്ച എത്രയോ തീരുമാനങ്ങൾ നാട്ടകം എന്ന നാട്ടകം ഗെസ്റ്റ് ഹൗസ് കണ്ടിരിക്കുന്നു. രാഷ്ട്രീയത്തിന്റെ ഗതി തിരിച്ച ചർച്ചകൾ ഈ ചുമരുകളെ ത്രസിപ്പിച്ചിരിക്കുന്നു. നിർണായക തീരുമാനങ്ങൾക്കായി എത്രയോ പേർ നാട്ടകത്തേക്ക് ഓടിയിരിക്കുന്നു. കേരള രാഷ്ട്രീയത്തിലെ തറവാട്ടു ഗെസ്റ്റ് ഹൗസ് എന്നു നാട്ടകത്തെ വിളിക്കാം. നാട്ടകത്തെ ആ സ്ഥാനത്തേക്ക് ഉയർത്തിയത് ഉന്നത ശീർഷരായ കോട്ടയത്തെ രാഷ്ട്രീയ നേതാക്കളാണ്. അവരിൽ മുന്നിലാകട്ടെ ഉമ്മൻ ചാണ്ടിയും. പുതുപ്പള്ളി വീടും പുതുപ്പള്ളി ഹൗസും കഴിഞ്ഞാൽ ഉമ്മൻ ചാണ്ടിക്ക് ഏറെയിഷ്ടം ഈ ഗെസ്റ്റ് ഹൗസായിരുന്നു.