സിനിമയ്ക്കും നാടകത്തിനും മാത്രമല്ല, ഒരു വളം നിർമാണശാലയ്ക്കു വേണ്ടിയും കവി വയലാർ രാമവർമ പാട്ടെഴുതിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തിലെ ഒരു ഫാക്ടറിക്കു വേണ്ടി എഴുതപ്പെട്ട ഒരേയൊരു ഗാനം. അങ്ങനെയൊരു പാട്ടിനാൽ മാത്രമല്ല ആ ഫാക്ടറി പ്രകീർത്തിക്കപ്പെട്ടത്. രാജ്യം മുഴുവൻ കാർഷികവിപ്ലവത്തിലേക്കു കുതിച്ചപ്പോൾ അതിന്റെ കടിഞ്ഞാൺ പിടിച്ച ഫാക്ടറിയിൽ ഉയർന്ന രാസഗന്ധത്തിൽ കലയും സംസ്കാരവും ഇഴുകിയൊഴുകി. വിളകൾ മാത്രമല്ല ആ വളമേറ്റു തഴച്ചത്. കഥകളിയും ഫുട്ബോളും വിദ്യാഭ്യാസരംഗവും എല്ലാം ആ ഫാക്ടറിവളപ്പും കടന്ന് കീർത്തി കേട്ടു. ഒരു വ്യവസായശാല, സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാകുന്നത് പതിറ്റാണ്ടുകൾക്കുമുൻപേ രാജ്യം വിസ്മയത്തോടെ നോക്കിക്കണ്ടു. കൊച്ചിയിലെ എഫ്എസിടി അഥവാ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ഓഫ് ട്രാവൻകൂർ എന്ന പൊതുമേഖലാ കമ്പനി വീണ്ടും വാർത്തകളിൽ നിറയുന്നത് ഓഹരിവിപണിയിലെ വിസ്മയകരമായ നേട്ടത്തിലൂടെയാണ്.
HIGHLIGHTS
- പൊതുവെ വ്യവസായ സൗഹൃദമല്ലെന്ന് ആരോപിക്കപ്പെടുന്ന കേരളത്തിന്റെ നെറുകയിലെ തിലകക്കുറിയാണ് ഫാക്ടിന്റെ തളർച്ചയും ഉയർച്ചയും. വ്യവസായ ചരിത്രത്തിലെ വിസ്മയിപ്പിക്കുന്ന ഏടുകളിലൊന്ന്. ആയിരക്കണക്കിനു തൊഴിലാളികൾ ശ്രമിച്ചും സഹിച്ചും പോരടിച്ചും വിട്ടുകൊടുക്കാതെ കൊണ്ടുനടന്ന ഒരു ‘കൊച്ചു രാജ്യ’ത്തിന്റെ വിജയകഥയാണിത്...