വേദിയിൽ കയറിയാൽ ഊർജ വിസ്ഫോടനത്തിന്റെ ആൾരൂപമാകും പ്രസീത ചാലക്കുടി. തൃശൂർ പൂരത്തിന് അമിട്ട് പൊട്ടുന്ന പോലെ, പിന്നെയൊരു മിന്നുന്ന പ്രകടനമാണ്! പരിപാടിക്കു മുൻപ്, ‘‘രണ്ടു പാട്ടു കഴിഞ്ഞാൽ പോകുംട്ടാ പ്രസീതേ...’’, എന്നു പറയുന്നവർ, പരിപാടി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ സമയം പോലും നോക്കാതെ മുഴുവനും ആസ്വദിച്ചിട്ടേ മടങ്ങൂ. പാടിയും ആടിയും വർത്തമാനം പറഞ്ഞും നാടൻപാട്ട് വേദികളിലെ പുതിയ കാലഘട്ടത്തിന്റെ പേരായിക്കഴിഞ്ഞു ഈ ചാലക്കുടിക്കാരി. വേദികൾ നൽകുന്ന സുരക്ഷിത വലയത്തിനു പുറത്തിറങ്ങി, കാണികൾക്കിടയിലേക്ക് ഒരു മൈക്കുമായി ഓടിയിറങ്ങി അവരെ ആവേശക്കൊടുമുടിയിൽ എത്തിക്കുന്ന ചങ്കുറപ്പിന്റെ പേരു കൂടിയാണ് പ്രസീത. പ്രസീത നാടൻപാട്ടുകൾ പാടിത്തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. കർഷകത്തൊഴിലാളികളായ ഉണ്ണിച്ചെക്കന്റെയും വള്ളിയുടെയും മകളായി ചാലക്കുടിയിൽ ജനിച്ച പ്രസീതയ്ക്ക് ചുറ്റും നാടൻപാട്ടുകളുടെ വലിയൊരു ലോകമുണ്ടായിരുന്നെങ്കിലും, പ്രസീത അതു ശ്രദ്ധിക്കുന്നത് തൃശൂർ കേരളവർമ കോളജിൽ പഠനത്തിന് എത്തിയപ്പോഴാണ്. ‘തൃശൂർ ജനനയന’യുടെ ഭാഗമായതോടെ വേദികളിൽ പ്രസീത ചാലക്കുടി എന്ന പേര് ശ്രദ്ധ നേടിത്തുടങ്ങി.
HIGHLIGHTS
- ഇന്ന് കേരളത്തിനകത്തും പുറത്തും ഏറെ ജനപ്രീതിയുള്ള നാടൻപാട്ടുകാരിയാണ് പ്രസീത ചാലക്കുടിയും അവരുടെ ‘പതി’ ഫോക്ക് ബാൻഡും. മറ്റു സംഘങ്ങളുടെ തണലിൽനിന്നു മാറി സ്വന്തം കലാസംഘത്തിന്റെ പേരിൽ അറിയപ്പെടുന്ന നിലയിലേക്ക് പ്രസീത ചുവടുറപ്പിച്ചത് ഒറ്റ രാത്രി കൊണ്ടല്ല. അതിനു പിന്നിൽ നല്ല പണിയെടുത്തിട്ടുണ്ടെന്ന് പറയുന്നു ഈ പെൺകുട്ടി. കോവിഡിനു ശേഷം സജീവമായിക്കൊണ്ടിരിക്കുന്ന കലാ കാലത്തെക്കുറിച്ചും പാട്ടിൽ നേരിടുന്ന വിമർശനങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് പ്രസീത ചാലക്കുടി...