ശമ്പളം വൈകില്ല, ഇടപാടെല്ലാം ഓട്ടമേറ്റഡ്; കാഷ് വേണോ, മലയാളികളൊരുക്കിയ ‘ഹാഷ്യോ’ റെഡി

Mail This Article
ഒരു പുതിയ ഉടുപ്പു വാങ്ങാൻ, കുഞ്ഞിന് നല്ലൊരു കളിപ്പാട്ടം വാങ്ങാൻ, അല്ലെങ്കിൽ വീട്ടുകാരെല്ലാവരും കൂടി ഒരുമിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാൻ മാസത്തിലെ ആദ്യത്തെ ആഴ്ച തന്നെ തിരഞ്ഞെടുക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. അതിന്റെ പ്രധാന കാരണം മാസത്തിലെ ആദ്യ ദിവസങ്ങളിൽ ശമ്പളം കിട്ടുമല്ലോ എന്ന ആശ്വാസമാണ്. പക്ഷേ ശമ്പളം വരുന്ന ദിവസം പൊതു അവധിദിവസമാണെങ്കിൽ ഈ കണക്കുകൂട്ടലെല്ലാം തെറ്റും. പ്രതീക്ഷിച്ച ദിവസവും കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാകും ശമ്പളം അക്കൗണ്ടിലെത്തുക. പൊതു അവധിദിനത്തിൽ ബാങ്കുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പല കുടുംബ ബജറ്റുകളും പ്ലാനുകളും താളം തെറ്റാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാം, ഞൊടിയിടയ്ക്കുള്ളിൽ ശമ്പളം അക്കൗണ്ടിലെത്തുന്ന ഒരു സംവിധാനമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ. കൊച്ചി ആസ്ഥാനമായ ഹാഷ്യോ ഇന്നവേഷൻസ് പേഔട്ട് ഗേറ്റ്‌വേയിലൂടെ, ഒരുപാട് സാധാരണക്കാരുടെ ആഗ്രഹം സഫലമാക്കാൻ പോവുകയാണ്.