അധ്യാപകരും നടത്തിപ്പുകാരുമില്ലാത്ത സർവകലാശാല! വിരമിച്ച് വീട്ടിലിരിക്കാത്ത വിദ്യാർഥികൾ; ചേരുന്നോ യു3എയിൽ?

Mail This Article
ഈ സർവകലാശാലയിൽ ചേരുന്നതിന് പ്രായപരിധിയില്ല. എന്നാൽ വിരമിച്ചു കഴിഞ്ഞവർക്കാണ് ഇവിടെ മുൻഗണന. കേരളത്തിൽ വ്യാപകമാകുന്ന ഈ കലാശാലയിൽ എല്ലാവരും വിദ്യാർഥികളാണ്. പക്ഷേ, അധ്യാപകർ ആരും ഇല്ല. ഇവർ ഇടയ്ക്കിടെ ഒത്തു ചേരും. പാട്ടുകാർക്ക് പാടാം. എഴുത്തുകാർക്ക് എഴുതാം. യോഗങ്ങളിൽ പ്രസംഗിക്കാം. ഒരു യോഗത്തിനും അധ്യക്ഷനുമില്ല. വട്ടത്തിലിരിക്കാം. ഇഷ്ടം പോലെ വർത്തമാനം പറയാം. സത്യത്തിൽ ഇത് പ്രായമായവരുടെ സർവകലാശാലയാണ്. എന്നാൽ തങ്ങൾക്ക് പ്രായമായില്ലെന്നു കരുതിയാൽ മാത്രമേ ഇവിടെ നിങ്ങൾക്ക് പഠിക്കാൻ കഴിയൂ. ഒരു തരംഗമായി കേരളമാകെ വ്യാപിക്കുന്ന ‘യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ്’ എന്ന ‘യു3എ’ കൂട്ടായ്മയാണിത്. ജീവിതത്തിന്റെ മൂന്നാം ഘട്ടം എങ്ങനെ സന്തോഷകരമായും ഫലപ്രദമായും വിനിയോഗിക്കാമെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരൽ. പക്ഷേ, നാട്ടിൽ സാധാരണമായി കാണുന്ന സീനിയർ സിറ്റിസൺസ് ഫോറം എന്ന പേരിൽ അറിയപ്പെടുന്ന വയോജന കൂട്ടായ്മകളും യു3എയും തമ്മിൽ നല്ല ‘ജനറേഷൻ ഗ്യാപ്’ ഉണ്ടെന്നതാണ് സത്യം.