ഈ വീട് രണ്ട് ബിഷപ്പുമാരുടെ തറവാട്; മലയോര കർഷകരുടെ ശബ്ദം; ദൈവവിളി തേടി വന്ന നെല്ലിക്കുന്നേൽ കുടുംബം

Mail This Article
52 വർഷങ്ങൾക്ക് മുൻപാണ് പാലാ കടപ്ലാമറ്റം സ്വദേശിയായ നെല്ലിക്കുന്നേൽ വർക്കിയും കുടുംബവും കുടിയേറ്റ കർഷകരുടെ ‘തേനും പാലും ഒഴുകുന്ന കാനാൻദേശ’മായ ഹൈറേഞ്ചിലേക്ക് കുടിയേറിയത്. കയ്യിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്കു പുറമേ, തോളത്ത് അത്യാവശ്യം വീട്ടുസാധനങ്ങളും ഏതാനും പാത്രങ്ങളും മാത്രം. എന്നാൽ മനസ്സിൽ ഒട്ടേറെ പ്രാരാബ്ധങ്ങളും ആശങ്കകളും ഭാവിയിലേക്കുള്ള ശുഭപ്രതീക്ഷകളും തിങ്ങി നിറഞ്ഞിരുന്നു. മൂത്തവനായ രാജിക്ക് അന്ന് അമ്മ മേരിയുടെ കയ്യിൽ തൂങ്ങി നടക്കുന്നതിനുള്ള പ്രായമേ ആയിട്ടുള്ളൂ. രണ്ടാമത്തെ കുഞ്ഞായ സജിക്കു വയസ്സ് രണ്ട് തികഞ്ഞിരുന്നില്ല. ഇടുക്കി ജില്ലാ ആസ്ഥാനത്തിനു സമീപമുള്ള പാണ്ടിപ്പാറ എന്ന ഗ്രാമത്തിൽ ഷെഡ് കെട്ടി കുടിയുറപ്പിച്ച ഇവർ കപ്പയും കരനെല്ലുമെല്ലാം കൃഷി ചെയ്ത് ജീവിതം ആരംഭിച്ചു. ഇവിടെ വച്ചാണ് മൂന്നാമത്തെ കുട്ടി അജീഷ് ജനിച്ചത്. ഏറെ വൈകാതെ ഇവർക്ക് രണ്ട് മക്കൾ കൂടി ജനിച്ചു. ഇരട്ടകളായ അനീഷും നിഷയും.