കാടിറങ്ങിവരുന്ന ഭയം; ഏറുമാടത്തിൽ അഭയം; പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ചെറുത്തുനിന്ന് നേടിയ ജീവിതം
Mail This Article
അടുത്തകാലത്ത് കണ്ണൂരിലിറങ്ങിയ കാട്ടാന കിലോമീറ്ററുകളോളം പരാക്രമം കാട്ടി പാഞ്ഞപ്പോൾ അദ്ഭുതവും ഭീതിയും നിറഞ്ഞ മനസ്സോടെയാണ് ജനം ആ വാർത്തയെ പിൻതുടർന്നത്. ചിന്നക്കനാലിൽ നിന്നു കാടുകടത്തിയ അരിക്കൊമ്പൻ കിലോമീറ്ററുകൾ താണ്ടി മടക്കയാത്ര തുടങ്ങിയപ്പോഴും പലരും അദ്ഭുതപ്പെട്ടു. എന്നാൽ ആനയെയും പുലിയെയും കാട്ടുപന്നിയെയും അതിജീവിച്ച് മലയോരത്ത് ജീവിതം കെട്ടിപ്പടുത്ത പഴയ തലമുറയ്ക്ക് ഈ ഓട്ടങ്ങൾ പണ്ടേ പരിചിതമാണ്. കാരണം കുടിയേറ്റത്തിന്റെ കാലത്ത് ആനകളുടെ സഞ്ചാരപഥങ്ങൾ കൈവെള്ളയിലെ രേഖകൾ പോലെ മനഃപാഠമായിരുന്നു അവർക്ക്. ആനകൾ ഒറ്റയ്ക്കും കൂട്ടമായും ഓടിത്തെളിഞ്ഞ താരകൾ പിന്നീട് മനുഷ്യരുടെ സഞ്ചാരപഥങ്ങളായി മാറുന്നതു കണ്ടവരാണവർ. ആ വഴികളിലൂടെയാണ് ഒരു ജനസമൂഹത്തിന്റെ ജീവിതം പതിറ്റാണ്ടുകളായി ഇന്നും പ്രയാണം തുടരുന്നത്. ഇപ്പോൾ തമിഴ്‌നാട്ടിലെ ഉൾക്കാടുകളിലെവിടെയോ അരിക്കൊമ്പൻ സ്വൈരവിഹാരം നടത്തുമ്പോൾ പകരക്കാരനായി പടയപ്പ മൂന്നാറിൽ പട തുടങ്ങിയിരിക്കുന്നു. പേടിപ്പിച്ചും നാശം വിതച്ചും മലയോര ജീവിതത്തെ എക്കാലവും മുൾമുനയിൽ നിർത്തിയ കാട്ടാനക്കൂട്ടങ്ങൾ ഇന്നും കൊമ്പുകുലുക്കി പാഞ്ഞുവരുമ്പോൾ, ഹൈറേഞ്ചിലെ പഴമക്കാരുടെ മനസ്സിൽ കറുപ്പും വെളുപ്പും കലർന്ന കാലത്തിന്റെ മങ്ങാത്ത കഥകൾ ഓർമകളുടെ ആനത്താരയിലൂടെ കൂട്ടത്തോടെ കാടിറങ്ങുകയാണ്.