നിയന്ത്രിത ഓവർ ക്രിക്കറ്റിൽ രണ്ട് ലോകകപ്പുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് ബിസിസിഐയുടെ ആദരം. ധോണിയുടെ ജഴ്സി നമ്പറായിരുന്ന 7 എന്ന മാന്ത്രിക സംഖ്യയ്ക്കും മാന്യമായ വിടവാങ്ങൽ. ഏഴാം നമ്പർ ജഴ്സി ഇനി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൽ ആർക്കും അനുവദിക്കില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചിരിക്കുന്നത്. ടീം ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ച ധോണിയോടുള്ള ബഹുമാന സൂചകമായാണ് ഏഴാം നമ്പർ ജഴ്സിക്ക് മറ്റൊരു അവകാശി ഉണ്ടാകില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ധോണി നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതുവരെയും മറ്റാർക്കും ബിസിസിഐ ഏഴാം നമ്പർ ജഴ്സി നൽകിയിരുന്നില്ല. ധോണിയുടെ ഏഴാം നമ്പർ ജഴ്സി ‘വിരമിക്കുന്നത്’ സംബന്ധിച്ച് ഏറെ നാളായി ഉൗഹാപോഹങ്ങൾ കേട്ടിരുന്നതാണ്. 2014 ഡിസംബറിൽ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ ധോണി 2019ൽ ആണ് തന്റെ അവസാന രാജ്യാന്തര ഏകദിന, ട്വന്റി 20 മത്സരങ്ങൾ കളിച്ചത്. ധോണി വിരമിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏഴാം നമ്പർ മറ്റാർക്കും നൽകരുതെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നമ്പർ സംവിധാനം വരുന്നത് 2019ൽ ആണെങ്കിലും ധോണി നീലക്കുപ്പായത്തിൽ ഉണ്ടായിരുന്ന ഏഴാം നമ്പർ ടെസ്റ്റിലും മറ്റാർക്കും ബിസിസിഐ അനുവദിച്ചിരുന്നില്ല. ധോണിക്കൊപ്പം ഏഴാം നമ്പർ ജഴ്സിയെയും വിരമിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ സഹതാരങ്ങളായ ദിനേശ് കാർത്തിക്, മുഹമ്മദ് കൈഫ്, മുൻ വനിതാ ടീം നായിക മിതാലി രാജ് എന്നിവർ 2020 ഓഗസ്റ്റിൽ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com