ഇതാണ് മോദി പറഞ്ഞ, ഹൃദയങ്ങളെ ചേർക്കുന്ന ആ പദ്ധതി; ശ്രീലങ്ക കാണാൻ വിമാനം കയറേണ്ട, കുറഞ്ഞ ചെലവിൽ കടൽ കണ്ടൊരു യാത്ര
Mail This Article
ഇന്ത്യയും അയൽരാജ്യമായ ശ്രീലങ്കയുമായി 2500 വർഷത്തിലേറെ പഴക്കമുള്ള ബന്ധമാണ്. ഇതിഹാസങ്ങളിലും വായ്മൊഴികളിലുമായി ‘ലങ്കയും’ സെന്തമിഴിലെ ‘ഇലങ്കൈയും ഈഴനാടും’ മലയാള സാഹിത്യകൃതികളിലെ പഴയ ‘സിലോണും’ എല്ലാം നമ്മുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവയാണ്. ഇപ്പോൾ ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുകയാണ് ചെറുപാണി എന്നൊരു കൊച്ചുയാനം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കങ്കേശൻതുറയ്ക്കും ഇടയിൽ നാലു പതിറ്റാണ്ടിനു ശേഷം അതിവേഗ ഫെറി സർവീസ് പുനരാരംഭിക്കുന്നതോടെ നാമ്പിടുന്നത് പുതുപ്രതീക്ഷകളാണ്. വ്യാപാര വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്ക് എന്നതിലുപരിയായി ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പുതിയ ചുവടുവയ്പ് സഹായകമാകും. ശ്രീലങ്കയിലേക്ക് വീസയില്ലാതെ ഇന്ത്യൻ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനം കൂടി എത്തിയതോടെ, ശ്രീലങ്കൻ വിനോദസഞ്ചാര മേഖല ഉണരുമെന്നാണു പ്രതീക്ഷിക്കുന്നത്.