മൈക്കിലേക്കു നോക്കി ഇന്ദിര വിളിച്ചു: ‘സ്റ്റീഫൻ...’: വാജ്പേയിയെ വിറപ്പിച്ച ‘സിൽവർ ടങ്’: പ്രവചനം പോലെ നാലാം നാൾ ആ മരണം
Mail This Article
1980ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ എ.ബി.വാജ്പേയിയെ നേരിടാൻ ഇന്ദിരാഗാന്ധി തിരഞ്ഞെടുത്തത് ഒരു മലയാളി നേതാവിനെയാണ്– സി.എം.സ്റ്റീഫൻ. 1977ൽ റായ്ബറേലിയിൽ ഇന്ദിര തോറ്റ് ജനതാപാർട്ടി അധികാരത്തിൽ വന്നപ്പോൾ, പ്രതിപക്ഷനേതാവായിരുന്ന് കൊടുങ്കാറ്റ് പോലെ വീശിയടിച്ച അതേ സി.എം.സ്റ്റീഫൻ. വാജ്പേയിക്കെതിരെ സി.എം.സ്റ്റീഫനെ നിർത്തുക എന്ന തിരഞ്ഞെടുപ്പിന് പിന്നിൽ വാജ്പേയിയെ പ്രചാരണത്തിന് ഡൽഹി മണ്ഡലത്തിൽ മാത്രം തളച്ചിടുക എന്ന തന്ത്രം കൂടിയുണ്ടായിരുന്നു. ഇന്ദിരയുടെ ആ തിരഞ്ഞെടുപ്പ് തെറ്റായിരുന്നില്ല. 1977ൽ ഡൽഹി മണ്ഡലത്തിൽ നിന്ന് 77186 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച വാജ്പേയി 1980ൽ സ്റ്റീഫനോട് ജയിച്ചത് വെറും 5045 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്! അതായിരുന്നു സ്റ്റീഫൻ എന്ന വെള്ളി നാവുള്ള നേതാവിന്റെ പോരാട്ട മികവ്. ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച രണ്ടാമത്തെ മലയാളി, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലും പാർലമെന്ററി ബോർഡിലും ഒരേസമയം അംഗമായ ആദ്യ മലയാളി, കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഇന്ദിരയുടെയും നെഹ്റുവിന്റെയും സ്ഥിരം പരിഭാഷകൻ, ഐഎൻടിയുസിയുടെ സംസ്ഥാന പ്രസിഡന്റ്, കേന്ദ്ര മന്ത്രി... ഇങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങൾ സ്റ്റീഫന്റെ പേരിനൊപ്പം ചേർത്തുവയ്ക്കാനുണ്ട്.