മഹാദറിന്റെ കാൽ പതിഞ്ഞത് ഇവിടെ; കുമരകം കണ്ടു പഠിക്കണം ഈ ഗോവൻ ‘ബിഗ് ഫുട്ട്’, കേരളവും!
Mail This Article
കുമരകം കേരളത്തിലെ എണ്ണം പറഞ്ഞ വിനോദ സഞ്ചാരകേന്ദ്രമാണ്. പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയി തന്റെ സന്ദർശനത്തിലൂടെ ലോകത്തിന്റെ നെഞ്ചിലേക്ക് എയ്തുവിട്ടൊരു അമ്പിന്റെ അറ്റത്തു തങ്ങിനിന്ന വെള്ളത്തുള്ളിയാണ് കുമരകം. ലോകം വിമാനം പിടിച്ച് കുമരകത്തെത്തുന്നു; കായൽ കാണാൻ, ഹൗസ്ബോട്ടിൽ കറങ്ങാൻ, കരിമീനും കപ്പയും കഴിക്കാൻ!! ചെളി നിറഞ്ഞ നാട്ടു വഴികളിലൂടെ നടന്ന് അവർ നാട്ടു കാഴ്ചകളും വീട്ടു കാഴ്ചകളും കാണുന്നു. ചെത്തിയിറക്കിയയുടൻ കള്ളുകുടിക്കുന്നു, അരകല്ലിലരയ്ക്കുന്ന ചമ്മന്തി രുചിക്കുന്നു, കയർ പിരിക്കുന്നു, തെങ്ങിൽ കയറുന്നു, ഓല മെടയുന്നു, പശുവിനെ കറക്കുന്നു... കേരളത്തിനു പുറത്തും ഇന്ത്യയ്ക്കപ്പുറവുമുള്ള വിനോദ സഞ്ചാരികൾ ഹാപ്പി, നമ്മളും ഹാപ്പി. കൈ നിറയെ കാശുമായി വരുന്നവർക്ക് പഞ്ചനക്ഷത്രം മുതൽ താഴോട്ടുള്ള ധാരാളം റിസോർട്ടുകൾ കായലോരത്തും കരയിലുമായി ഉണ്ട്, പോരാത്തതിന് സ്വന്തം ബന്ധുക്കളെപ്പോലെ സ്വീകരിക്കാനും താമസിപ്പിക്കാനുമായി എണ്ണിയാൽ തീരാത്തത്ര ഹോം സ്റ്റേകളുമുണ്ട്. പക്ഷേ സാധാരണക്കാർക്കും മധ്യവര്‍ഗത്തിനും ഒരു തവണയിൽ കൂടുതലെത്തിയാൽ കുമരകത്തു കാണാൻ എന്തുണ്ട് എന്നത് ഒരു ചോദ്യമാണ്. പക്ഷികളില്ലാത്ത ഒരു പക്ഷിസങ്കേതവും പഴ്സിനൊതുങ്ങാത്ത ബില്ലു തരുന്ന ‘ആധുനിക’കള്ളുഷാപ്പുകളും പൊതു യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും ഒക്കെ തുടർ സന്ദർശനത്തിൽനിന്ന് സഞ്ചാരികളെ പിന്നോട്ടു വലിക്കുന്നു.