‘ചിത്രം പൂർത്തിയായതോടെ നിർമാതാവ് മുങ്ങി; അന്ധവിശ്വാസങ്ങൾ അവസരങ്ങള്‍ ഇല്ലാതാക്കി; ആ പാട്ട് ഞാൻ ചിട്ടപ്പെടുത്തിയതാണെന്ന് എത്രപേർക്കറിയാം?’
Mail This Article
കുറേയധികം പാട്ടുകളൊരുക്കാൻ മോഹിച്ചിട്ടുണ്ട് ശരത്. വേറിട്ട ശൈലിയില്‍, വേറിട്ട വിഭാഗങ്ങളിൽ തികച്ചും വേറിട്ട ഈണങ്ങൾ! പക്ഷേ അപ്പോഴൊന്നും അതിനു വേണ്ടി ആരും ആ സംഗീതജ്ഞനെ സമീപിച്ചില്ല എന്നു മാത്രമല്ല, ചില ‘രാശി’കളുടെ പേരു പറഞ്ഞ് കൊടുത്ത അവസരങ്ങൾ പോലും തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ അതിലൊന്നും പരാതിയും പരിഭവവും ഇല്ല ശരത്തിന്. മാത്രവുമല്ല, ചെയ്തുവച്ച പാട്ടുകൾ പ്രേക്ഷകർ നെഞ്ചോടു ചേർത്തതിന്റെ ചാരിതാർഥ്യവുമുണ്ട് മനസ്സില്‍. ആസ്വാദകരുടെ കയ്യടി ശബ്ദമാണ് തനിക്കുള്ള പരമോന്നത ബഹുമതിയെന്ന് അദ്ദേഹം നിറമനസ്സോടെ പറയുന്നു. സാധാരണക്കാർക്ക് അപ്രാപ്യമാംവിധത്തിലുള്ള ഈണങ്ങളാണ് ചിട്ടപ്പെടുത്തുന്നതെന്നും ‘സംഗതി’കളെ കൂട്ടുപിടിച്ച് സംഗീതത്തെ സങ്കീർണമാക്കിയെന്നുമൊക്കെയുള്ള വിമർശനങ്ങൾ തലപൊക്കിയപ്പോഴും ഒന്നിനോടും പ്രതികരിച്ചിട്ടില്ല ശരത്. ശ്രീരാഗമോ..., മായാമഞ്ചലിൽ.., എന്റെ സിന്ദൂരരേഖയിലെങ്ങോ... എന്നിങ്ങനെ എല്ലായ്പ്പോഴും നാവിൻതുമ്പിലേക്കൊഴുകിയെത്തുന്ന, പുതുമ വറ്റാത്ത ആ ഈണങ്ങളുടെ സ്രഷ്ടാവ് മനോരമ ഓൺലൈനിന്റെ ‘പാട്ടുപുസ്തകം’ അഭിമുഖ സീരീസിൽ പാട്ടുവഴികളെക്കുറിച്ചു മനസ്സു തുറക്കുന്നു.