കണ്ണൂർ ചെറുപുഴയിലെ വീട്ടുമുറ്റത്ത് ട്രീസയ്ക്കു ബാഡ്മിന്റൻ കളിക്കാനായി ഉണ്ടായിരുന്നത് ഒരു ‘മൺകോർട്ട്’ ആയിരുന്നു. പക്ഷേ ഇടയ്ക്കിടെ മഴ പെയ്യും, മണ്ണിൽ ചെളി നിറയും. കളിക്കാന്‍ വേറെ സ്ഥലങ്ങളുമില്ല. ടാർപൊളിൻ വലിച്ചു കെട്ടിയാണ് അന്ന് ട്രീസ മഴയെ പ്രതിരോധിച്ചത്. ആ പ്രയത്നം പിന്നീടുള്ള മത്സരങ്ങളിലെല്ലാം ട്രീസ പിന്തുടർന്നു. ഇരുപതാം വയസ്സിൽ അതിന്റെ ഫലവും കണ്ടു. മലേഷ്യയിൽ നടന്ന ഏഷ്യൻ ബാഡ്മിന്റന്‍ ടീം ചാംപ്യൻഷിപ്പിൽ ഡബിൾസിൽ ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം സുവർണനേട്ടമാണ് സ്വന്തമാക്കിയത്. ഇതാദ്യമായി ഇന്ത്യ ഏഷ്യൻ ടീം ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണം നേടിയപ്പോൾ ആ സംഘത്തിലും ട്രീസയുടെ നേട്ടം തിളങ്ങിത്തന്നെ നിന്നു. വനിതാ ബാഡ്മിന്റനിൽ കാര്യമായ നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലായിരുന്നു കേരളത്തിന്. ഇനിയത് മാറും. ഈ രാജ്യാന്തര താരം ഇനി കേരളത്തിനു സ്വന്തം. എന്നാൽ, സ്വർണത്തിളക്കം പോലെ എളപ്പമുള്ളതായിരുന്നില്ല ട്രീസയുടെ യാത്രാവഴി. ആത്മവിശ്വാസത്തെ മുറുകെ പിടിച്ച്, കഠിന പ്രയത്നത്തിലൂടെ ജീവിത വഴികളിലെ വെല്ലുവിളികളെ അതിജീവിക്കുകയായിരുന്നു ഈ കണ്ണൂരുകാരി. കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റനിലും ഇരട്ട മെഡൽ നേടിയിരുന്നു ട്രീസ. അതിനു ശേഷം ലഭിക്കുന്ന രാജ്യാന്തര നേട്ടമാണ് മലേഷ്യയിലേത്. ജില്ലാ അണ്ടർ-11 വിഭാഗത്തിൽ പങ്കെടുക്കുമ്പോൾ വെറും ഏഴ് വയസ്സായിരുന്നു ട്രീസയ്ക്ക്. പുളിങ്ങോം എന്ന മലയോര ഗ്രാമത്തിൽ അന്ന് ബാഡ്മിന്റൻ കോർട്ടുകളോ മറ്റ് സൗകര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല.

loading
English Summary:

Interview with Kerala Badminton Player Treesa Jolly