മഹേശ്വരി ചരിഞ്ഞു, കെന്നഡി തനിച്ചായി; ‘ചീത്തപ്പേര്’ കേൾപ്പിച്ച പടയപ്പ; മൃഗങ്ങളുടെ പേരിടലിനു പിന്നിലാരാണ്?
Mail This Article
ആരാടാ എന്നെ വിളിച്ചത് ഗർ... കുറച്ചു നാൾ മുൻപാണ് സംഭവം. തിരുവനന്തപുരത്തെ മൃഗശാല, ഉച്ച കഴിഞ്ഞ സമയം. ഭക്ഷണം കഴിച്ച് വയറു നിറഞ്ഞ് ഉച്ചമയക്കത്തിന് തയാറെടുക്കുകയാണ് കടുവാക്കൂട്ടിലെ ഒരു ഒരു ‘ഘടാഘടിയൻ’ കടുവ. സ്കൂളിൽനിന്ന് പഠനയാത്രയ്‌ക്കെത്തിയ കുട്ടികൾ ‘മനൂ... മനൂ...’ എന്ന് ഉറക്കെ വിളിക്കുന്നതു കേട്ട് തെല്ല് ദേഷ്യത്തോടെ കടുവച്ചാർ തലപൊക്കി നോക്കി മുരണ്ടു. ആരാണ് ‘മനു’ എന്ന സംശയം കടുവക്കൂടിന് മുന്നിൽ പ്രദർശിപ്പിച്ച ബോർഡിൽ നോക്കിയപ്പോൾ മനസ്സിലായി. സാമാന്യം ഉയരവും ശരീരവുമുള്ള കടുവയ്ക്ക് മനു എന്ന പേരാണ് മൃഗശാല അധികൃതർ സമ്മാനിച്ചത്. ഒരു കടുവയ്ക്ക് യോജിച്ച പേരാണോ മനു എന്നത്? ആരാകാം ആ പേരിട്ടത്? ഇത്തരം സംശയങ്ങൾ ഇപ്പോൾ വീണ്ടും തോന്നാൻ ഒരു കാരണമുണ്ട്. മൃഗശാലകളിൽ മൃഗങ്ങൾക്ക് പേരിടുന്നത് വിവാദത്തിരകളിലാണിപ്പോൾ. സംഗതി കോടതി വരെ കയറിയിരിക്കുന്നു! പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നിങ്ങനെ പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി കൂടി രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നുമാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.