തോൽവിയുടെ മരണക്കിടക്കയിൽ നിന്ന് മടങ്ങിവരവ്; വാങ്ങിയ അടിക്ക് ഇരട്ടി തിരിച്ചു നൽകി ‘ദിമിയുഗം’
Mail This Article
ഫെബ്രുവരി 12. അന്നൊരു തിങ്കളാഴ്ചയായിരുന്നു. സമയം രാത്രി 9.30. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പച്ച വിരിച്ച മൈതാനത്തു പാർശ്വ വരയ്ക്കു സമീപം വിയർത്തൊലിച്ച് അവർ നിന്നു; കുറ്റവാളികളെപ്പോലെ! കേരള ബ്ലാസ്റ്റേഴ്സ് ടീം. അവർക്കു മുന്നിൽ തൂവെള്ള ഷർട്ടും പാന്റ്സും ധരിച്ച ആറടി രണ്ടിഞ്ച് ഉയരമുള്ള ആ സെർബിയക്കാരനും; ടീമിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച്. ഈസ്റ്റ് ഗാലറിക്കു മുന്നിലായിരുന്നു ആ നിൽപ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മയായ ‘മഞ്ഞപ്പട’ക്കാർ ഇരിക്കുന്ന ഗാലറി. ടീമിലെ 12–ാമൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ആരാധകക്കൂട്ടം ഗാലറികളിൽ എഴുന്നേറ്റു നിന്നു. ഗാലറികളിൽ നിന്നു പരിഭവങ്ങൾ ചിതറി വീണ ദിനം. ആരാധകരെ അഭിവാദ്യം ചെയ്യാൻ പോലും കഴിയാതെ, നനഞ്ഞ കണ്ണുകളോടെ ടീം നിശ്ചലം നിന്നു. ആ നിൽപു മിനിറ്റുകളോളം നീണ്ടു. പെട്ടെന്ന്, അക്കൂട്ടത്തിൽ നിന്ന് ഇവാൻ തിരിഞ്ഞു നടന്നു, വേഗത്തിൽ. ഡഗൗട്ടിലേയ്ക്കു മടങ്ങിയ അദ്ദേഹം വൈകാതെ അവിടം വിട്ടു. അൽപനേരം കൂടി ടീം ആരാധകർക്കു മുന്നിൽ നിന്നു. അഭിവാദ്യം ചെയ്തുവെന്നു വരുത്തി അവരും കളം വിട്ടു. ആരാധകരാകട്ടെ, ടീമിന്റെ തകർച്ചയിലെ വേദനയോടെ സ്റ്റേഡിയം വിട്ടു.