വിസി പറഞ്ഞു, നിർത്തിക്കോ; എസ്എഫ്ഐയും സമ്മതിച്ചു, ഇങ്ങനെ പോയാൽ ശരിയാകില്ല; ഒടുവിൽ ‘കലാപോത്സവം’
Mail This Article
ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ ഈ വേദിയിൽ മത്സരങ്ങൾ ആരംഭിക്കുന്നതാണ്. ആദ്യ ഇനമായ തിരുവാതിരയ്ക്കുള്ള റജിസ്ട്രേഷൻ നടപടികൾ സംഘാടക സമിതി ഓഫിസിനു സമീപം ആരംഭിച്ചിട്ടുണ്ട്!.. മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ വ്യാഴാഴ്ച (മാർച്ച് 7) കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുൻപ് പ്രധാന വേദിയായ സെനറ്റ് ഹാളിൽ കേട്ട അനൗൺസ്മെന്റാണിത്. ഉദ്ഘാടനത്തിനു പിന്നാലെ വേദിയിൽ തിരുവാതിര മത്സരങ്ങൾ ആരംഭിച്ചു. മറ്റു വേദികളിലും അറിയിപ്പ് ലഭിച്ചതോടെ മത്സരങ്ങൾ തുടങ്ങി. അറിയിപ്പ് ഒന്നും ലഭിക്കാതെ തന്നെ സംഘർഷങ്ങളും... 5 ദിവസം നീണ്ട കലോത്സവത്തിൽ മത്സര ഇനങ്ങളെക്കാൾ കൂടുതലായി സംഘർഷങ്ങളും പ്രതിഷേധങ്ങളും നടന്നതോടെ കലോത്സവം താൽക്കാലികമായി നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടു. ഒരിനം മാത്രം ബാക്കി നിൽക്കെ, സമാപന സമ്മേളനത്തിനു മണിക്കൂർ മാത്രം അവശേഷിക്കെയാണ് വൈസ് ചാൻസലറിന്റെ ചരിത്ര നടപടി. കേരള സർവകലാശാല വൈസ് ചാൻസലറിന്റെ നടപടികൾക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്ന എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിയും ഈ നിർദേശം ശരിവച്ചു. രണ്ട് ഇനങ്ങളുടെ ഫലം റദ്ദാക്കി. ചരിത്രപരമായ നാണക്കേടിനാണ് ഇത്തവണത്തെ യുവജനോത്സവം വഴിയൊരുക്കിയതെന്ന് അധ്യാപകരും വിദ്യാർഥികളും പറയുന്നു.