വനംവകുപ്പിന്റെ ആ ‘വര’; മുഖ്യമന്ത്രിയുടെ ഓഫിസും കേട്ടില്ല; കല്യാണി ചോദിക്കുന്നു, എന്തിനായിരുന്നു ആ ചതി?
Mail This Article
‘‘സർ, സുപ്രീം കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണു നിങ്ങൾ ആ വര മായ്ക്കാത്തത്? ഇനി ആരാണു നിങ്ങളോടു പറയേണ്ടത്, ആ വര മായ്ക്കാൻ? ഒരു കർഷക കുടുംബത്തിന്റെ കൃഷിഭൂമി മുഴുവൻ കവർന്നെടുത്തിട്ട്, നിങ്ങൾക്ക് എന്തു സന്തോഷമാണു ലഭിച്ചത്?’’ ചോദ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരോടാണ്. 40 വർഷം മുൻപ് വനംവകുപ്പിലെ ഉദ്യോഗസ്ഥൻ വരച്ച ഒറ്റ വരയാണ്, സ്വന്തം കൃഷിഭൂമി ഇവർക്ക് അന്യമാക്കിയത്. വനം ട്രൈബ്യൂണലും ഹൈക്കോടതിയും സുപ്രീം കോടതിയും വരെ ഉത്തരവിട്ടിട്ടും ഉളിക്കൽ നുച്യാട് വില്ലേജിലെ പരേതനായ പുതിയവീട്ടിൽ നാരായണന്റെ കുടുംബത്തിന് 5.74 ഏക്കർ കൃഷി ഭൂമി തിരിച്ചു നൽകാൻ ഇതുവരെ വനംവകുപ്പ് തയാറായിട്ടില്ല. നാരായണന്റെ ഭാര്യ കല്യാണിക്ക് 85 വയസായി. ഭൂമി എപ്പോൾ തിരിച്ചു കിട്ടുമെന്നു മാത്രമാണു കേൾവിക്കുറവുള്ള കല്യാണിയുടെ ഏക ചോദ്യം. സമാനമായ രീതിയിൽ വനംവകുപ്പിന്റെ ക്രൂരതയ്ക്ക് ഇരയായ കർഷകർ കേരളത്തിൽ വേറെയുമുണ്ടാകാം. പുതിയ വീട്ടിൽ നാരായണന്റെ കഥ അവരുടേതു കൂടിയാണ്.