മരണത്തെ മുഖാമുഖം കണ്ട പന്ത്, ലിൻഡയെ തോൽപിക്കാനെത്തിയ കാൻസർ...: ‘നീ തിരിച്ചുവരും, ഞങ്ങൾ കാത്തിരിക്കും’
Mail This Article
ഐപിഎൽ ക്രിക്കറ്റിന്റെ രണ്ടാം മത്സരം. വെയിൽ ചാഞ്ഞിറങ്ങിയ ചണ്ഡീഗഡിലെ മുല്ലൻപുർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നത് പഞ്ചാബ് കിങ്സ്. ഹർഷൽ പട്ടേലിന്റെ പന്തിൽ പുറത്തായി ഡൽഹി ഓപണർ ഡേവിഡ് വാർണർ ഡഗ്ഔട്ടിലേക്കു തിരികെ നടന്നപ്പോൾ അതിർത്തിവര മറികടന്നു ക്രീസിലേക്കു വന്ന താരത്തെ കണ്ടു സ്റ്റേഡിയം ആർത്തിരമ്പി. 15 മാസങ്ങൾക്കു മുൻപ് കാർ അപകടത്തെത്തുടർന്നു മരണത്തെ മുഖാമുഖം കണ്ട, ഇന്ത്യയുടെ യുവതാരവും ഡൽഹി നായകനുമായ ഋഷഭ് പന്തിന്റെ അത്യപൂർവ തിരിച്ചുവരവിനാണ് കാണികൾ സാക്ഷികളായത്. 23 മിനിറ്റും 13 പന്തുകളും നീണ്ട തന്റെ ‘രണ്ടാം ഇന്നിങ്സിലെ’ ആദ്യ ഇന്നിങ്സിൽ പന്ത് നേടിയത് 18 റൺസ്. പക്ഷേ, ആ റൺസുകളുടെ മൂല്യം വിലമതിക്കാനാവാത്തതായിരുന്നു. 2022 ഡിസംബർ 22നു പുലർച്ചെ ഡൽഹി– ഡെറാഡൂൺ ഹൈവേയിലുണ്ടായ അപകടത്തിൽ, പന്ത് സഞ്ചരിച്ചിരുന്ന ആഡംബര കാർ പൂർണമായും തകർന്നു. ഗുരുതരമായ പരുക്കുകളോടെ അദ്ദേഹം മരണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടു. ഡൽഹിയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു താരം. ഹൈവേയുടെ ഡിവൈഡറിൽ ഇടിച്ചു തകർന്ന കാറിനു തൽക്ഷണം തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം പന്തിനെ അതിവേഗം ആശുപത്രിയിലെത്തിച്ചതു രക്ഷയായി. നെറ്റിയിൽ രണ്ടു വലിയ മുറിവുകൾ. വലതു കാൽമുട്ടിന്റെ ലിഗ്‌മെന്റിനും തലയ്ക്കും മുതുകിലും സാരമായ പരുക്കുകൾ. വലതു കൈത്തണ്ടയ്ക്കും കണങ്കാലിനും കാൽവിരലിനും പരുക്കേറ്റു. മുഖത്തും ഉരച്ചിലും മുറിവുകളുമുണ്ടായി. മാസങ്ങൾ നീണ്ട ആശുപത്രിവാസവും ചികിത്സയും മൂലം കളിക്കളത്തിലേയ്ക്കുള്ള മടങ്ങിവരവു ചിന്തിക്കാൻ പോലുമാകാത്ത ദിനങ്ങൾ. കാൽ നിലത്തുറപ്പിച്ചു നിർത്താൻ പോലും കഴിയാതെ ആശുപത്രിക്കിടക്കയിൽ വീണുപോയ പന്തിനു കഴിഞ്ഞ ഐപിഎലും ലോകകപ്പ് ക്രിക്കറ്റും നഷ്ടമായി; ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും കളിക്കാനായില്ല.