രാജസ്ഥാനിൽ അഴിച്ചുപണിയുടെ തിരക്കിലാണു ബിജെപി. ഒരു വിധത്തിൽ പറഞ്ഞാൽ അഴിച്ചിട്ടും പണിതിട്ടും തങ്ങളുടെ വരുതിയിൽ വരാത്ത ഏക സംസ്ഥാനത്ത് ഇത്തവണ വിട്ടുവീഴ്ചയില്ലാതെ കാര്യങ്ങൾ കൈപ്പിടിയിലൊതുക്കുന്നതിനുള്ള നടപടികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടങ്ങുന്ന കേന്ദ്ര നേതൃത്വം; വളരെ ഊർജിതമായിത്തന്നെ. ജാട്ട് സമുദായാംഗമായ പാർട്ടി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയെ മാറ്റി ബ്രാഹ്മണ സമുദായക്കാരനായ സി.പി.ജോഷിയെ പുതിയ അധ്യക്ഷനാക്കി. പ്രതിപക്ഷ നേതാവായിരുന്ന ഗുലാബ് ഛന്ദ് കട്ടാരിയയെ അസം ഗവർണറായി നേരത്തേതന്നെ നിയമിച്ചിരുന്നു. അദ്ദേഹത്തിനു പകരക്കാരനായി, ഉപനേതാവായിരുന്ന രജപുത്ര വിഭാഗത്തിൽനിന്നുള്ള രാജേന്ദ്ര റാത്തോഡിനെ നിയമിച്ചു. ഉപനേതാവായി സതീഷ് പൂനിയയ്ക്കും ചുമതല നൽകി. ഈ മാറ്റങ്ങള്‍ക്കെല്ലാം പിന്നിൽ ഒറ്റ ലക്ഷ്യമേയുള്ളു. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ വടക്കേ ഇന്ത്യൻ ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഡിസംബറോടെയുണ്ടാകും. തെലങ്കാന, മിസോറം എന്നിവയും അതോടൊപ്പം തിരഞ്ഞെടുപ്പിലേക്കു നീങ്ങും. ആദ്യം പറഞ്ഞ മൂന്നു സംസ്ഥാനങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം കോൺഗ്രസിന് അടിയറ വയ്ക്കേണ്ടിവന്നു. കൂറുമാറ്റത്തിലൂടെ മധ്യപ്രദേശ് തിരികെ പിടിച്ചെങ്കിലും രാജസ്ഥാനിൽ ആ ശ്രമവും പരാജയപ്പെട്ടു. മോദി–അമിത് ഷാ സഖ്യത്തെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമായ അനുഭവമല്ലായിരുന്നു ഈ പരാജയവും. ഏതാണ്ട് വിജയിച്ചു എന്നതിന്റെ വക്കിൽനിന്നാണ് ആ അട്ടിമറി ഒന്നുമല്ലാതെ ആയിത്തീർന്നത്. കോൺഗ്രസിന്റെ കഴിവിനേക്കാളും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ ചാതുര്യത്തേക്കാളുമേറെയായി മോദി– ഷാ സഖ്യത്തെ സംബന്ധിച്ചിടത്തോളം രാജസ്ഥാനിൽ നടപ്പാക്കാനുദ്ദേശിച്ച എല്ലാ പദ്ധതികളും തകര്‍ന്നതിനു പിന്നിൽ ഒരേയൊരു കാരണമേയുള്ളു – മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. അതും ഇത്തവണ തീർപ്പാക്കിയേക്കുമെന്നാണു നിലവിലെ അഴിച്ചുപണിയിൽനിന്നു ലഭിക്കുന്ന സൂചന. എന്നാൽ അതും അത്ര എളുപ്പം സാധ്യമാകുമോ? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com