
അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാണ്. സംഭവം നടക്കുന്നത് ഞായറാഴ്ചയും. പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ ഉമ്മൻ ചാണ്ടിയുടെ തറവാടാണ്. രാവിലെ ആറു മണിയോടെ കരോട്ട് വള്ളക്കാലിൽ വീട്ടിലെ ലാൻഡ് ഫോൺ ബെൽ അടിക്കുന്നു. പൊലീസ് സ്പെഷൽ ബ്രാഞ്ചിൽ നിന്നാണ്. മുഖ്യമന്ത്രിയുടെ അന്നത്തെ പരിപാടി എന്താണ്? പൊലീസിന്റേതാണ് ചോദ്യം. അൽപം ഗാംഭീര്യത്തിൽതന്നെ. ഇപ്പുറത്ത് ഫോൺ എടുത്തയാൾ വിനയാന്വിതനായി വിവരങ്ങൾ നൽകി. കുറിച്ചെടുത്ത പൊലീസുകാരനും തോന്നി ‘വളരെ കൃത്യമാണല്ലോ’ എന്ന്. ഒടുവിൽ ആ പൊലീസുകാരൻ ചോദിച്ചു. സുഹൃത്തിന്റെ പേരെന്താണ്. ആ മറുപടിയും കിറുകൃത്യം. ഉമ്മൻ ചാണ്ടിയാണ്. ഭരണാധികാരിയുടെ ‘ഈഗോ’ ഇല്ലാത്ത മറുപടി.