നൂറ്റാണ്ടുകൾക്കു മുൻപ് വൈരികളായ ചെമ്പകശേരിയും കായംകുളവും കുട്ടനാടിന്റെ ഓളപ്പരപ്പുകളിൽ കൊമ്പുകോർത്തിരുന്ന കാലം. ഭടൻമാരും നിലക്കാരും തുഴയും വാളും കുന്തവുമെല്ലാം വഹിച്ച് ഇരുട്ടിന്റെ മറപറ്റിയെത്തുന്ന ‘ഇരുട്ടുകുത്തി’ വള്ളങ്ങൾ ശത്രുവിനുമേൽ മിന്നലാക്രമണം നടത്തി വിജയിച്ചു മടങ്ങിയിരുന്ന സമയം. ഏതു ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായതെന്നുപോലും തിരിച്ചറിയാനാവാത്ത വിധം കായലോരത്തെ കൈതപ്പൊന്തകളുടെ മറവിൽനിന്നു വരെ ഈ വള്ളങ്ങൾ ആക്രമണത്തിനു കോപ്പുകൂട്ടി. മുന്നിലെ ബ്ലേഡ് പോലെ കനം കുറഞ്ഞ ഭാഗം വെള്ളത്തെ കീറിമുറിച്ച് പാഞ്ഞു. ആവശ്യത്തിന് ആയുധങ്ങളെയും യോദ്ധാക്കളെയും വഹിച്ച് കുട്ടനാട്ടിലെ കൈത്തോട്ടിൽനിന്നു വരെ പാഞ്ഞെത്തി ശത്രുവിനെ തലങ്ങുംവിലങ്ങും ആക്രമിച്ചു.
HIGHLIGHTS
- കായംകുളത്തെ ആക്രമിക്കാൻ ചെമ്പകശേരി രാജാവ് പദ്ധതിയിട്ട കാലം. ഇതിനായി നാവികസേന വേണം, വേഗത്തിൽ പോകുന്ന വലിയ വള്ളവും. സമർഥനായ ആശാരിയെ ജോലി ഏൽപിച്ചു. ഒരു ദിവസം കായൽക്കരയിൽ ഇരിക്കുകയായിരുന്ന ആശാരിക്കു മുന്നിൽ തെങ്ങിൽനിന്നൊരു കൊതുമ്പ് വന്നുവീണു. കായലിലൂടെ അതിവേഗം ഒഴുകിനീങ്ങിയ കൊതുമ്പു കണ്ട ആശാരി അതേ മാതൃകയിൽ വള്ളത്തിന്റെ രൂപം തയാറാക്കി രാജാവിനു കാഴ്ചവച്ചു. നൂറുകണക്കിന് ആളുകൾക്ക് ഇരിക്കാവുന്നതും ആയുധങ്ങൾ സുരക്ഷിതമായി വയ്ക്കാവുന്നതും വേഗത്തിൽ പോകുന്നതുമായ ആ വള്ളം രാജാവിന് ഇഷ്ടമായി. നെഹ്റു ട്രോഫിയുടെ ചരിത്രത്തിന്റെ യഥാർഥ തുടക്കം അതായിരുന്നില്ലേ?