2008 നവംബർ 14 രാത്രി. ആ സന്തോഷരാവിൽ, അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ഡോ. ജി. മാധവൻ നായർ പ്രഖ്യാപിച്ചു: ,ഇതാ, ചന്ദ്രനെ ഐഎസ്‌ആർഒ ഇന്ത്യയ്‌ക്കു നൽകുന്നു, ഇന്ത്യൻ ത്രിവർണപതാക ചന്ദ്രോപരിതലത്തിൽ എത്തിയിരിക്കുന്നു. ആവേശം ആകാശംമുട്ടിയ സന്തോഷരാത്രിയായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്. ചന്ദ്രനിൽ ഇന്ത്യയുടെ ത്രിവർണപതാക പതിക്കുന്നതിനു ദൃക്‌സാക്ഷിയാകാൻ ബെംഗളൂരു പീനിയയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്‌ആർഒ) ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ഇസ്ട്രാക്) രാജ്യത്തിന്റെ മുൻ പ്രഥമപൗരനും ലോകോത്തര ശാസ്‌ത്രജ്‌ഞനുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്‌ദുൽ കലാമും വന്നെത്തിയിരുന്നു. കാരണം, ഇന്ത്യ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കലാം മുന്നോട്ടുവച്ച ആശയമായിരുന്നു ഇന്ത്യൻ പതാക നാം ചന്ദ്രോപരിതലത്തിലെത്തിക്കണമെന്നത്. ആ നിർദേശമാണു 2008 നവംബർ 14ന് ഇന്ത്യൻ ബഹിരാകാശ ശാസ്‌ത്രലോകം അക്ഷരംപ്രതി സാർഥകമാക്കിയത്.
HIGHLIGHTS
- 15 വർഷം മുൻപായിരുന്നു ഇന്ത്യൻ ശാസ്ത്രാകാശത്തിൽ ആ അഭിമാന ചന്ദ്രോദയം. ഇന്ത്യയുടെ ‘മിസൈൽ മാൻ’ ഡോ.എ.പി.ജെ അബ്ദുൽ കലാം പങ്കുവച്ച ഒരു സ്വപ്നം ഐഎസ്ആർഒ യാഥാർഥ്യമാക്കിയ ദിനം. ചാന്ദ്രദൗത്യങ്ങൾ തുടരാൻ ഇന്ത്യയ്ക്കു ധൈര്യം പകർന്ന ദിനം. ഐഎസ്‌ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ (ഇസ്ട്രാക്) ആ ദിവസം എങ്ങനെയായിരുന്നു? ആശങ്കയിൽ നിന്ന് അഭിമാനത്തിലേക്കായിരുന്നു ആ രാവ് നമ്മെ നയിച്ചത്. ആ നിമിഷത്തിന് സാക്ഷിയായ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സി.കെ. ശിവാനന്ദൻ ഓർമകൾ പങ്കുവയ്ക്കുന്നു.