1967. ഇ.എം.എസിന്റെ സപ്തകക്ഷി മുന്നണിയാണ് ഭരണത്തിൽ. വിദ്യാർഥികൾ പഠനത്തേക്കാൾ സമരത്തെ സ്നേഹിച്ച കാലമായിരുന്നു അത്. പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ സമരം കണ്ട് സഹികെട്ട് ഒരിക്കൽ കൃഷിമന്ത്രി എം.എൻ.ഗോവിന്ദൻ നായർ പറഞ്ഞു– ‘‘വിദ്യാർഥികളേ നിങ്ങൾ തെരുവിൽ കല്ലെറിയുകയല്ല, പാടത്തു വിത്തെറിയുകയാണു വേണ്ടത്’’. ആ വാക്കിന്റെ വിത്ത് ഒരു വിദ്യാർഥിയുടെ മനസ്സിൽ വീണു മുളച്ചു. ഉമ്മൻ ചാണ്ടിയെന്നായിരുന്നു ആ പയ്യന്റെ പേര്. കെഎസ്‍യുവിന്റെ സംസ്ഥാന പ്രസിഡന്റ്. മന്ത്രി പറഞ്ഞതല്ലേ, എന്നാൽപ്പിന്നെ പാടത്തേക്കിറങ്ങിയേക്കാമെന്നായി ഉമ്മൻ ചാണ്ടി. വൈകാതെ തന്നെ കൃഷിമന്ത്രിക്ക് ഒരു കത്തും അദ്ദേഹം അയച്ചു. ‘‘മന്ത്രിയുടെ ആശയത്തോട് ഞങ്ങൾ യോജിക്കുന്നു. ഞങ്ങൾക്കൊരു പദ്ധതിയുണ്ട്. ഓണത്തിനൊരു പറ നെല്ല്. അതു നടപ്പാക്കാൻ സഹകരിക്കുമോ?’’ ഗോവിന്ദൻ നായർക്കും സന്തോഷം. കൃഷിക്കുള്ള നെൽവിത്ത് നൽകാമെന്ന് മന്ത്രിയുടെ ഉറപ്പ്. ഉമ്മൻ ചാണ്ടിയും കൂട്ടരും ഉൽസാഹിച്ചു. പലയിടങ്ങളിലായി കൃഷിയിറക്കാൻ കെഎസ്‌യു പ്രവർത്തകർ മുന്നിട്ടിറങ്ങി. എഫ്എസിടിയിൽനിന്ന് ആവശ്യത്തിനുള്ള വളം ലഭിച്ചതോടെ കേരളത്തിലങ്ങോളമിങ്ങോളം നെൽകൃഷി തഴച്ചു വളർന്നു.
HIGHLIGHTS
- യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനോ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസോ അതോ ബിജെപിയുടെ ലിജിൻ ലാലോ? ആരുടെ പേരിനു നേരെയായിരിക്കും ഈ ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ വിരൽ കുത്തുക? വോട്ടർമാരുടെ ‘കുത്തേറ്റു’ വീഴില്ലെന്നുതന്നെയാണ് എല്ലാ മുന്നണികളുടെയും പ്രതീക്ഷ. അതിനാൽത്തന്നെ ജനത്തിന്റെ മനസ്സു കീഴടക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികളെല്ലാം.
- ഇന്നേവരെ കാണാത്ത പല കാഴ്ചകളും ഇപ്പോള്‍ പുതുപ്പള്ളി മണ്ഡലത്തിൽ കാണാം. ആ കാഴ്ചകൾക്കിടയിലൂടെ ഒരു യാത്ര. കണ്ടതിനെയെല്ലാം വരകളാക്കി, കേട്ടതെല്ലാം എഴുതിക്കോർത്ത് ഒരു ‘മണ്ഡലപര്യടനം’.