കഠിന വ്രത വിശുദ്ധിയുടെ പുണ്യവുമായി ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലത്തിനു തുടക്കം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ മനസ്സും ശരീരവും ഇനി ശബരിമല സന്നിധാനത്തിൽ. ഭക്തമനസ്സുകളിൽ ശരണമന്ത്രധ്വനികൾ ഉടുക്കു കൊട്ടുന്ന നാളുകളാണ് ഇനി. വ്രതനിഷ്ഠയിൽ ഭക്തന്റെ മനസ്സും ശരീരവും അയ്യപ്പനായി മാറുന്ന കാലം. പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി അയ്യപ്പ സന്നിധാനത്തിലേക്കു മലകയറുന്ന തീർഥാടനം പകരുന്ന മനഃശാന്തിയിലേക്കുള്ള കാനന യാത്ര തുടങ്ങുകയായി. വൃശ്ചികം ഒന്നിന് (നവംബർ 17) ആരംഭിക്കുന്ന ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടന കാലം ജനുവരി 20 വരെ നീളുന്നു. വൃശ്ചിക മാസം ഒന്നാം തീയതി മുതൽ ധനു മാസം പതിനൊന്നാം തീയതി വരെയുള്ള 41 ദിവസം നീണ്ട തീർഥാടനകാലമാണ് മണ്ഡല–മകരവിളക്ക് കാലം. ഡിംസബർ 27ന് മണ്ഡലപൂജയ്ക്ക് ശേഷം ശബരിമല നട അടയ്ക്കും. 30ന് മകരവിളക്ക് സീസണിനായി വീണ്ടും നടതുറക്കും. ഈ വർഷം ജനുവരി 15നാണ് മകര വിളക്ക്. അതിനു ശേഷം കളഭാഭിഷേകവും കഴിഞ്ഞ് 20ന് നട അടയ്ക്കുന്നതോടെ തീർഥാടന കാലത്തിന് സമാപനമാകും. സമഭാവനയുടെ സന്നിധിയാണ് ശബരിമല. ഇവിടെ ഭഗവാനും ഭക്തനും തമ്മിൽ വ്യത്യാസമില്ല. പണക്കാരനും പാവപ്പെട്ടവനും എന്ന വേർതിരിവില്ല. എല്ലാവരും അയ്യപ്പന്മാരാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശാസ്താക്ഷേത്രങ്ങളിൽ പ്രധാനമാണ് ശബരിമല. സമുദ്രനിരപ്പിൽനിന്ന് 480 മീറ്റർ (1574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണു ക്ഷേത്രം. വ്രതാനുഷ്ഠാനത്തോടെ വേണം അയ്യപ്പദർശനം നടത്താൻ. ഇരുമുടിക്കെട്ടുമായി വേണം പതിനെട്ടാംപടി ചവിട്ടാൻ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com