സിനിമയിലും രാഷ്ട്രീയത്തിലും പുലികളെ അവരുടെ മടയിൽ ചെന്നു നേരിട്ട പുപ്പുലിയായിരുന്നു വിജയകാന്ത്. രജനീകാന്തും കമൽഹാസനും തിളങ്ങി നിന്ന തമിഴ് സിനിമയിലേക്ക് കടന്നുവന്ന് സ്വന്തം കസേര വലിച്ചിട്ടിരുന്നു അദ്ദേഹം. തമിഴ് രാഷ്ട്രീയത്തിലെ അതികായരായിരുന്ന ജയലളിതയും കരുണാനിധിയും അവരുടെ പ്രതാപത്തിൽ നിൽക്കെ സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി കളത്തിലിറങ്ങുകയും ചെയ്തു. ജയലളിതയ്ക്കു നേരെ നിയമസഭയിൽ വിരൽചൂണ്ടി വെല്ലുവിളിച്ചു. കരുണാനിധിയുടെ ഡിഎംകെയെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം സ്വന്തമാക്കി. തിരശ്ശീലയിലും ‘അരശിയലി’ലും ആടിത്തീർത്ത വേഷങ്ങൾ ബാക്കിയാക്കി എഴുപത്തിയൊന്നാം വയസ്സിൽ ക്യാപ്റ്റൻ വിടവാങ്ങുമ്പോൾ തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഒരു കസേര ശൂന്യമാകുന്നു. സിനിമയിൽ പിൻഗാമിയായി മകൻ ഷൺമുഖ പാണ്ഡ്യനെ വാഴിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. മരണത്തിന് കൃത്യം രണ്ടാഴ്ച മുൻപ്, രാഷ്ട്രീയ സിംഹാസനം ഭാര്യ പ്രേമലതയ്ക്കായി വിജയകാന്ത് ഒഴിഞ്ഞുകൊടുത്തിരുന്നു. ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകത്തിന്റെ (ഡിഎംഡികെ) ജനറൽ സെക്രട്ടറി സ്ഥാനം അനുയായികളുടെ പ്രിയപ്പെട്ട ‘അണ്ണിക്ക്’ (സഹോദര ഭാര്യ) നൽകിയാണ് ക്യാപ്റ്റൻ തിരശ്ശീലയിലേക്ക് മറയുന്നത്. കോളജ് പഠന കാലത്ത് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള, ബാസ്‌കറ്റ് ബോൾ താരമായിരുന്ന പ്രേമലതയ്ക്ക് ഡിഎംഡികെയുടെ പ്രസക്തി വീണ്ടെടുക്കാനാകുമോ? അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴകത്ത് അങ്ങനെയൊരു ചോദ്യംകൂടി മുഴങ്ങുന്നുണ്ട്. അമ്മ അടക്കി വാണ മണ്ണ് അണ്ണി കീഴടക്കുമോ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com