ലോകം കണ്ട ഏറ്റവും വലിയ നിധി നേടിയുള്ള യാത്ര; കുഴിച്ചാലും തീരാത്ത അക്ഷയഖനി; 2030 ൽ ലക്ഷ്യം 3500 കോടി
Mail This Article
ഖനനമെന്ന വാക്കിന് ഭൂമിയിൽനിന്ന് എന്തെങ്കിലും കുഴിച്ചെടുക്കുന്ന പ്രക്രിയ എന്ന് ഒരു കാലത്ത് അർഥമുണ്ടായിരുന്നു. ഇന്നും പലരും വിശ്വസിക്കുന്ന അർഥവും അതുതന്നെ. പക്ഷേ ശാസ്ത്രം ആ നിർവചനത്തിന് മാറ്റം വരുത്തി. ഖനിയിൽനിന്ന് എടുക്കുന്ന എന്തും ഖനനമാണ്. ഇന്ന് ഖനികൾ ഭൂമിയിൽ മാത്രമല്ല, ആകാശത്തുമുണ്ട്. എന്നു വച്ചാൽ പ്രപഞ്ചത്തിൽ എല്ലായിടത്തും ഖനികളുണ്ട്. ആദിമ മനുഷ്യൻ ഭൂമിയുടെ ഉപരിതലത്തിനു സമീപത്തുനിന്ന് പലതരം കല്ലുകളും കളിമണ്ണും ലോഹങ്ങളും കണ്ടെടുത്തിരുന്നു. പിന്നീട് വലിയ ഖനികളുണ്ടാക്കി അവിടെനിന്ന് വേണ്ടതെല്ലാം കുഴിച്ചെടുത്തു. ഇനിയിപ്പോൾ നോട്ടം ആകാശത്താണ്. 2023 അതിന്റെ നാന്ദി കുറിച്ചിരിക്കുന്നു. ഭൂമിയിലെപ്പോലെ അത്ര എളുപ്പമുള്ളതല്ല ആകാശത്തെ ഖനനം. ചെലവേറിയ പ്രക്രിയയായതുകൊണ്ട് കിട്ടുന്ന വസ്തുക്കൾ അതിനനുസരിച്ച് വിലയേറിയതായിരിക്കണം. അത് സംസ്കരിച്ച് മികച്ച ഉൽപന്നമായി മാറ്റാനുള്ള സാങ്കേതികവിദ്യ വേണം. മാത്രമല്ല ഉൽപന്നം വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിയുകയും വേണം. ആകാശത്ത് ഖനനത്തിനായി ഇപ്പോൾ മനുഷ്യൻ ലക്ഷ്യമിടുന്നത് ഉൽക്കകളെയാണ്. ചന്ദ്രനിൽ ഉദ്ഖനനം നടത്താൻ കഴിയുമെങ്കിലും കാര്യമായൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല,ഏറെ നാൾ തങ്ങി ഖനനം നടത്താനുള്ള മേന്മയൊന്നും ചന്ദ്രനിൽ ഇതുവരെ നിർണയിച്ചിട്ടുമില്ല.