‘ഭാഷ’ പുകയുന്ന മണ്ണ്; രക്തം കൊണ്ട് കത്തെഴുതി ഗൗഡ; കോൺഗ്രസ് ആരെ പിണക്കും?
Mail This Article
കർണാടകയിൽ ശക്തമായ വേരോട്ടമുള്ള ഒരു സംഘടന പ്രാദേശിക വിഷയമുയർത്തി ‘ബോധവൽക്കരണ പരിപാടി’ നടത്താൻ തീരുമാനിക്കുന്നു. എന്നാൽ ബെംഗുളൂരുവിലും സമീപ പ്രദേശങ്ങളിലും തടിച്ചു കൂടിയ ഈ സംഘടനയുടെ പ്രവർത്തകർ പൊടുന്നനെ അക്രമാസക്തരായി. വലിയ കച്ചവട സ്ഥാപനങ്ങൾ ആക്രമിച്ചും ബോർഡുകളും മറ്റും തല്ലിപ്പൊട്ടിച്ചും കർണാടക രക്ഷണ വേദിക (കെആർവി) എന്ന ഈ സംഘടനയുടെ പ്രവർത്തകർ അഴിഞ്ഞാടിയപ്പോൾ പൊലീസ് നോക്കുകുത്തിയായി. അക്രമത്തെ എല്ലാവരും തന്നെ അപലപിച്ചെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയും കാര്യമായ വിമർശനമൊന്നും കെആർവിക്കെതിരെ ഉയർത്തിയില്ല എന്നും കാണാം. ഭാഷാ വിഷയത്തിൽ മുമ്പും തിളച്ചുമറിഞ്ഞിട്ടുള്ള നാടാണ് കർണാടക. ബെംഗളൂരുവിലെ കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകളിലെ എഴുത്തുകൾ 60% കന്നഡയിലായിരിക്കണമെന്ന വിഷയത്തിലായിരുന്നു ഇവരുടെ പ്രതിഷേധവും അക്രമവും. എന്താണ് ഈ നിയമം? ആരാണ് കെആർവിയും അതിന്റെ നേതാവായ ടി.എൻ.നാരായണ ഗൗഡയും?