മോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രനൊപ്പമെത്തിയ 4 പാർട്ടിയിലെ 7 എംപിമാർ: എന്തിന് ഇവർക്ക് മാത്രം ആ സർപ്രൈസ്!

Mail This Article
സർപ്രൈസുകളുടെ മാസമാണ് ഫെബ്രുവരി. ഇഷ്ടമുള്ളവർക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കാൻ പറ്റിയ മാസം. രാഷ്ട്രീയത്തിലും സർപ്രൈസുകൾക്ക് പഞ്ഞമില്ല. ന്യൂഡൽഹിയിൽ ഒരു ‘സർപ്രൈസ് പാർട്ടി’യിൽ പങ്കെടുത്തതു പക്ഷേ, ഇത്രയും വലിയ വിഷയമാകുമെന്ന് കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രൻ ഓർത്തുകാണില്ല. ഉച്ചയൂണു നേരത്ത് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നൊരു ഫോൺവിളി; ഉടനെത്തണം. എത്തിയപ്പോൾ കൊല്ലം എംപിയെ പോലെ കാര്യമറിയാതെ എത്തിയ വിവിധ പാർട്ടികളിലെ മറ്റ് 7 എംപിമാർ. ഒടുവിൽ പ്രധാനമന്ത്രി എത്തി. ‘‘നിങ്ങളെ ശിക്ഷിക്കുവാൻ പോകുന്നു’’ എന്നുും പറഞ്ഞ് കൊണ്ടുപോയത് പാർലമെന്റിലെ കന്റീനിലേക്ക്. വിഭവസമൃദ്ധമായ ആഹാരത്തിനൊപ്പം മണിക്കൂറുകൾ നീണ്ട, രാഷ്ട്രീയം ഒഴിച്ചു നിർത്തിയ സംഭാഷണം. പ്രധാനമന്ത്രിയുടെ വിരുന്ന് കഴിഞ്ഞ് എംപിമാർ തിരികെ വസതിയിൽ എത്തുന്നതിന് മുൻപ് വിരുന്നിന്റെ ചിത്രങ്ങളും വിഡിയോയും നാട്ടിലാകെ പാട്ടായി. അതോടെ 'ശിക്ഷിക്കാൻ പോകുന്നു' എന്ന് പ്രധാനമന്ത്രി പറഞ്ഞ കളിവാക്ക് സത്യമായ അവസ്ഥയിലായിരുന്നു എൻ.കെ. പ്രേമചന്ദ്രൻ. എംപിയുടെ 'ബിജെപി' ബന്ധത്തിന്റെ തെളിവ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടാണ് രാഷ്ട്രീയ എതിരാളികൾ പ്രചാരണം കൊഴുപ്പിച്ചത്.