പല്ലില്ലാത്ത ‘ഭീകരന്’ ആദ്യം ‘സ്ക്യൂസ് കേജിൽ’; വയ‘നാടിളക്കിയ’ കടുവയ്ക്ക് ഇനി തൃശൂരിൽ സുഖവാസം

Mail This Article
നാടിളക്കിയ കടുവയ്ക്ക് ഇനി മൃഗശാലയിൽ സുഖവാസം. വയനാട് ജില്ലയിലെ ജനവാസ മേഖലയിൽ ഇറങ്ങുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്യ്ത കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായെങ്കിലും ആരോഗ്യ സ്ഥിതി അത്ര മികച്ചതായിരുന്നില്ല. അതിനാൽ, രണ്ടു ദിവസമായി കടുവ സുൽത്താൻ ബത്തേരി കുപ്പാടിക്കു സമീപമുള്ള വനം വകുപ്പിന്റെ അനിമൽ പാലിയേറ്റീവ് കെയർ യൂണിറ്റിലായിരുന്നു. പരിപാലന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണു തൃശൂരിലെത്തിച്ചത്. ആദ്യം ‘സ്ക്യൂസ് കേജിൽ’ പാർപ്പിച്ച കടുവയെ പിന്നീട് അനിമൽ ഹൗസിലേക്കു മാറ്റി. പിടികൂടുന്ന കടുവകളെയും പുലികളെയും പ്രാഥമിക ചികിത്സയ്ക്കായി ആദ്യം പാർപ്പിക്കുന്നതു സ്ക്യൂസ് കേജ് എന്നറിയപ്പെടുന്ന പ്രത്യേക തരം കൂടുകളിലാണ്. പല്ലുകൾ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു വയനാട്ടിലെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശരീരത്തിൽ മുറിവുകളുണ്ടെങ്കിലും ഇവ സാരമുള്ളതല്ല. കടുവയെ തിരികെ കാട്ടിലേക്കു വിട്ടാലും ഇരപിടിക്കാൻ സമയമെടുക്കുമെന്നാണു കണ്ടെത്തൽ. എന്നാൽ നൽകുന്ന ഭക്ഷണം കഴിക്കുന്നതിനു ബുദ്ധിമുട്ടില്ല. ആറിനും എട്ടിനും ഇടയിലാണ് ആൺ കടുവയുടെ ഏകദേശ പ്രായം കണക്കാക്കിയിരിക്കുന്നത്. പേര് തീരുമാനിച്ചിട്ടില്ല. വയനാട്ടിൽ നിന്നു തൃശൂരിലെത്തിക്കുന്ന മൂന്നാമത്തെ കടുവയാണിത്.