എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അറസ്റ്റിലായതോടെ ബാക്കിയാകുന്ന ഒരു വലിയ ചോദ്യമുണ്ട്. ഇനി ആരു നയിക്കും ആം ആദ്മി പാർട്ടിയെ (എഎപി). പല പേരുകളും ഉയരുന്നുണ്ട്; അവരാരും കേജ്‌രിവാളിനോളമെത്തില്ലെങ്കിലും. എഎപിയുടെ ഓരോ പ്രവർത്തകനും അരവിന്ദ് കേജ്‌രിവാളാണെന്നു കരുതി പ്രവർത്തിക്കണമെന്നാണ് അറസ്റ്റിനു പിന്നാലെ നേതാക്കൾ അണികളെ ആശ്വസിപ്പിക്കുന്നത്. പക്ഷേ അന്തിമമായ ഒരുത്തരം ആരും നൽകുന്നില്ല. അതുകൊണ്ടുതന്നെയാകണം, അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ ‘ജയിലിൽ കിടന്ന് കേജ്‌രിവാൾ ഭരിക്കും’ എന്ന് എഎപി നേതാക്കൾക്കു പ്രഖ്യാപിക്കേണ്ടി വന്നതും. പക്ഷേ, ഭരണം മാത്രമല്ല കേജ്‌രിവാളിനു മുന്നിലുള്ളത്. എഎപിയുടെ താരപ്രചാരകനായി ജനങ്ങൾക്കിടയിലേക്ക് ഇനി അദ്ദേഹത്തിനു പകരം ആരിറങ്ങും? സജീവ രാഷ്ട്രീയത്തിലില്ലെങ്കിലും കേജ്‌രിവാളിന്റെ ഭാര്യ സുനിത, മന്ത്രിമാരായ അതിഷി സിങ്, സൗരഭ് ഭരദ്വാജ്, എഎപി വക്താവും രാജ്യസഭാംഗവുമായ രാഘവ് ചദ്ദ എന്നിവരുടെ പേരുകളാണ് ഏറ്റവും സാധ്യതയുള്ളതായി ഉയർന്നു കേൾക്കുന്നത്. വരുന്നത് ആരാണെങ്കിലും കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഒന്നാമത് ഡൽഹി ഭരണംതന്നെ, രണ്ടാമതായി, തൊട്ടടുത്തെത്തിയിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും. കോൺഗ്രസിനൊപ്പം സഖ്യമായാണ് ഇത്തവണ എഎപി ഡൽഹിയിൽ ബിജെപിയെ നേരിടുന്നത്. 2019ൽ ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളും ബിജെപി സ്വന്തമാക്കിയെങ്കിലും ഇത്തവണ ആഞ്ഞുപിടിച്ചാൽ ഡൽഹി സ്വന്തമാക്കാമെന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ കണക്കുകൂട്ടൽ കൂടിയാണ് കേജ്‌രിവാളിന്റെ അറസ്റ്റോടെ പാളം തെറ്റിയിരിക്കുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com