മോദിയുടെ സന്ദർശനം, ബിജെപിയുടെ ‘മഹാ’ തന്ത്രം: ആ ചിഹ്നം പാർട്ടി മാറി: ഒരൊറ്റ സീറ്റിന് എന്തിനിത്ര പോര്?
Mail This Article
2024 ജനുവരി ആദ്യവാരം. അപ്രതീക്ഷിതമായി ലക്ഷദ്വീപിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. കടൽക്കാറ്റേറ്റ് ഇരിക്കുന്ന ഒരു ചിത്രത്തിനൊപ്പം അദ്ദേഹം ഏതാനും വരികളും സമൂഹമാധ്യമത്തിൽ കുറിച്ചു: ‘എന്തു മനോഹരമാണ് ഈ ദ്വീപസമൂഹം’! ലക്ഷദ്വീപിന്റെ മനോഹാരിതയിൽ മയങ്ങിയിരിക്കുന്ന മോദിയുടെ ചിത്രത്തിനു പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെട്ടത് അങ്ങ് മാലദ്വീപിലായിരുന്നു. നയതന്ത്ര ബന്ധം ഉലഞ്ഞതോടെ ‘ഇനിയാരും മാലദ്വീപിലേക്കു പോകരുത് പകരം ലക്ഷദ്വീപിലേക്ക് വരൂ’ എന്ന് മോദി ഇന്ത്യക്കാരോട് പറയാതെ പറഞ്ഞതായിരുന്നു ആ പോസ്റ്റ് എന്ന അഭിപ്രായവും ഉയർന്നു. മോദിയെ വിമർശിച്ച മാലദ്വീപ് മന്ത്രിമാരുടെ സ്ഥാനം വരെ തെറിച്ചു. ഇത്തരത്തിൽ ലക്ഷദ്വീപിൽനിന്നുയര്‍ന്ന ‘തിര’ ആഞ്ഞടിച്ചത് മാലദ്വീപിലായിരുന്നെങ്കില്‍, മറ്റൊരു സൂനാമി ഈ ദ്വീപസമൂഹത്തിലെ ഒരു വിഭാഗത്തിനെ കാത്തിരിപ്പുണ്ടായിരുന്നു. ആ സൂനാമിയുടെ പ്രഭവ കേന്ദ്രം മഹാരാഷ്ട്രയായിരുന്നു. അതിനു ചുക്കാൻ പിടിച്ചതാകട്ടെ ബിജെപിയും. അവിടെ എന്‍സിപിയെ ബിജെപി പിളർത്തി ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങളാക്കിയപ്പോൾ ഞെട്ടിയത് ലക്ഷദ്വീപിലെ എൻസിപി പ്രവർത്തകരായിരുന്നു. അവിടുത്തെ എൻസിപിയുടെ സിറ്റിങ് എംപിക്ക് സ്വന്തം ചിഹ്നം പോലും നഷ്ടമാകുന്ന വിധത്തിലായിരുന്നു മഹാരാഷ്ട്രയിലെ തിരിച്ചടി.