ഈ സംസ്ഥാനത്ത് ആദായനികുതി ഇല്ല, പാൻ കാർഡും വേണ്ട; ഇന്ത്യയുടെ ‘ടാക്സ് ഹേവൻ’
Mail This Article
ഏപ്രിൽ ഫൂളിന്റെ പേരിൽ ഏപ്രിൽ മാസത്തെ ചെറുതാക്കാൻ പറ്റുമോ? കണക്കറിയുന്നവർ സമ്മതിക്കില്ല. സാമ്പത്തിക വർഷത്തിന്റെ തുടക്കമാണ് ഏപ്രിൽ. ഓരോ വർഷവും ഏപ്രിൽ മുതൽ എത്ര രൂപ അധികം നഷ്ടം? ഇതാണ് നികുതിദായകരുടെ മനസ്സിലെ ആധി. ബജറ്റുകളിൽ പ്രഖ്യാപിക്കുന്ന നികുതിയും സാമ്പത്തിക രംഗത്തെ മറ്റു മാറ്റങ്ങളും പ്രാബല്യത്തിൽ വരുന്നതും ഏപ്രിൽ ഒന്നു മുതൽ. ബജറ്റിൽ ആദായ നികുതിക്ക് എന്തു മാറ്റം? ഇതാണ് നികുതിദായകരുടെ ചോദ്യം. എന്നാൽ ഇതൊന്നും കൊച്ചു സംസ്ഥാനമായ സിക്കിന് പ്രശ്നമല്ല. കാരണം സിക്കിംകാർക്ക് ആദായ നികുതി നൽകേണ്ട. അവിടെയുള്ളവർക്ക് ആദായം ഇല്ലാത്തതല്ല കാരണം. വലുപ്പം കുറവാണെങ്കിലും സിക്കിമിന് ചില പ്രത്യേക അവകാശങ്ങളുണ്ട്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള തീയതിയും ഇവിടെ പ്രശ്നമില്ല. അവർക്ക് പാൻ കാർഡും വേണ്ട. ജനങ്ങൾ സർക്കാരിന് ആദായനികുതി കൊടുക്കേണ്ടതില്ലാത്ത, നിക്ഷേപങ്ങള്‍ക്കും മറ്റ് ഇടപാടുകൾക്കും പാൻ കാർഡ് വിവരങ്ങൾ ആവശ്യമില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് സിക്കിം. പല വിധത്തിലും സിക്കിമിനെ രാജ്യത്തെ നികുതി ഘടനയിലേക്ക് ഉൾപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടെങ്കിലും മാറിമാറി വന്ന സർക്കാരുകൾ നിലവിലുള്ള സാഹചര്യം തുടർന്നു പോകാനാണ് തീരുമാനിച്ചത്. സിക്കിമിന്റെ തന്ത്രപരമായ സ്ഥാനവും അതിലൊരു കാരണമാണ്.