ഇസ്‌ലാമിക പൈതൃകത്തിന്റെയും സംസ്കൃതിയുടെയും പ്രതീകവൽക്കരണമാണ് ബലിപെരുന്നാൾ (ഈദുൽ അസ്ഹാ). ഹൃദയം തൊടുന്ന ആത്മീയാഘോഷം. അകലങ്ങളില്ലാത്ത സാമൂഹികഘടനയും വിവേചനങ്ങളില്ലാത്ത മാനവികതയുമാണ് ബലിപെരുന്നാൾ വിഭാവനം ചെയ്യുന്നത്. സഹനവും സഹിഷ്ണുതയുമാണു സന്ദേശം. കാപട്യവും പ്രകടനപരതയും ഏറിവരുന്ന കാലത്ത്, ആത്മാർഥതയും അർപ്പണവും വിളിച്ചോതുന്നു ബലിപെരുന്നാൾ.

സ്രഷ്ടാവിനെ വിസ്മരിക്കുന്നതോ ധർമത്തെ തിരസ്കരിക്കുന്നതോ ആയ ഒരു ആഘോഷവും ഇസ്‌ലാമിലില്ല. ഉലൂഹിയ്യത്ത് (ദൈവികം), ഇൻസാനിയ്യത്ത് (മാനുഷികം) എന്നിങ്ങനെ രണ്ടു വശങ്ങൾ പെരുന്നാളിനുണ്ട്. പെരുന്നാൾ നമസ്കാരം, അല്ലാഹുവിന്റെ മഹത്വം വിളിച്ചോതുന്ന തക്ബീർ, ബലിയർപ്പണം (ഉള്ഹിയ്യത്ത്) എന്നിവയെല്ലാം പെരുന്നാളിലെ ദൈവികവശങ്ങളുടെ ഭാഗമാണ്. പുതുവസ്ത്രം ധരിക്കൽ, ഭക്ഷണ വിശാലത, സൽക്കാരം, കുടുംബസന്ദർശനം, ബലിമാംസ വിതരണം തുടങ്ങിയവ മാനുഷികവശങ്ങളും. ഇവയെല്ലാം ചെയ്യുന്നത് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചാകണം. ഈ രണ്ടു വശവും സമന്വയിക്കുമ്പോഴാണ് ആഘോഷത്തിന്റെ സമ്പൂർണത.

സഹസ്രാബ്ദങ്ങൾക്കപ്പുറം, മാതൃകാജീവിതം തീർത്ത കുടുംബമാണ് പ്രവാചകൻ ഇബ്രാഹീം നബി(അ)യുടേത്. ഇസ്‌ലാം മതത്തിലെന്നപോലെ ക്രിസ്ത്യൻ, ജൂത മതങ്ങളിലും ഇബ്രാഹീം നബി(അ)യെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഇബ്രാഹീം നബിയുടെ കുടുംബം അനേകം പരീക്ഷണങ്ങളിലൂടെയാണു കടന്നുപോയത്. ആ ത്യാഗഭരിതമായ ജീവിതയോർമകൾ ബലിപെരുന്നാൾ ഉൾക്കൊള്ളുന്നു.

ഹജ് തീർഥാടനത്തിലെ അനുഷ്ഠാനങ്ങളും ചടങ്ങുകളും ഇബ്രാഹീം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഏകദൈവാരാധനയ്ക്കായി ഭൂമിയിൽ നിർമിക്കപ്പെട്ട ആദ്യ ദേവാലയമാണു മക്കയിലെ കഅബ. ഇബ്രാഹീം നബിയും മകൻ ഇസ്മാഈൽ നബിയുമാണ് ഇതു പടുത്തുയർത്തിയത്. തുടർന്ന് ഇരുവരും അല്ലാഹുവിന്റെ കൽപനപ്രകാരം അവിടേക്കു തീർഥാടനവിളംബരം ചെയ്തു. ആ വിളി കേട്ടാണു ലോകത്തിന്റെ സകലദിക്കിൽനിന്നും ദശലക്ഷക്കണക്കിനു വിശ്വാസികൾ മക്കയിലെത്തുന്നത്.

വല്ലപ്പുഴ കാള പറമ്പ് മഹല്ല് ഖാസിയായി സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ കെ.ആലിക്കുട്ടി മുസല്യാർ ചുമതല ഏറ്റെടുക്കുന്നു.
പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ

സൗഹാർദത്തിന്റെയും സമത്വത്തിന്റെയും സഹകരണത്തിന്റെയും പ്രകടരൂപമാണ് ഹജ്. വിവിധ ജനതയും സംസ്കാരങ്ങളും ഒന്നായിച്ചേരുമ്പോൾ ദേശത്തിന്റെയും വേഷത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ അലിഞ്ഞില്ലാതാകുന്നു. ഒരേ സ്രഷ്ടാവിന്റെ മുന്നിൽ ഒരേ ലക്ഷ്യത്തിന് ഒറ്റ മനസ്സോടെ അവർ സംഗമിക്കുന്നു. രാജാവും പ്രജയും ധനികനും ദരിദ്രനും ഒന്നാകുന്നു. ലോകത്ത് ഏറ്റവും വൈവിധ്യങ്ങൾ സംഗമിക്കുകയും ഏകത്വം ഉദ്ഘോഷിക്കുകയും ചെയ്യുന്നത് അറഫയിലാണ്. സ്വന്തത്തിനു വേണ്ടി മാത്രമല്ല, മനുഷ്യനന്മയ്ക്കും ലോക സമാധാനത്തിനും വേണ്ടി അവർ അല്ലാഹുവിനോട് തേടുന്നു.

ഹജ് തീർഥാടനത്തിന്റെ മർമഭാഗമായ അറഫ സംഗമത്തിലാണു പ്രവാചകൻ മുഹമ്മദ് നബി (സ) ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നിർവഹിച്ചത്. ‘നിങ്ങൾക്കൊപ്പം ഇനി ഞാനുണ്ടാകുമോ എന്നു നിശ്ചയമില്ല’ എന്ന മുഖവുരയോടെ പ്രവാചകൻ അനുചരരോടു നടത്തിയ പ്രസംഗം വിശ്വപ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനമാണ്. ഭാഷ, ദേശം, വർണം, കുടുംബമഹിമ, സ്വത്ത് തുടങ്ങിയവയൊന്നും മാനദണ്ഡമാക്കി മനുഷ്യരെ വേർതിരിക്കരുതെന്നായിരുന്നു ആഹ്വാനം. സ്ത്രീകളോടും മർദിതരോടും അനീതി കാണിക്കരുതെന്ന് ഓർമിപ്പിച്ചു. രക്തം, ധനം, അഭിമാനം എന്നിവ പവിത്രമാണെന്നും പലിശ വിഡ്ഢിത്തവും അക്രമവുമാണെന്നും വ്യക്തമാക്കി. പരസ്പരം ഭിന്നിക്കരുതെന്നും മറ്റുള്ളവരെ ഉപദ്രവിക്കരുതെന്നും വർഗീയത പാടില്ലെന്നും വരുംതലമുറകളിലേക്ക് ഈ സന്ദേശം കൈമാറണമെന്നും ആഹ്വാനം നൽകി.

ഹജ് മാത്രമല്ല, പെരുന്നാളിന് പൊതുവിൽത്തന്നെ വിശാലമായ സാമൂഹിക - സാംസ്കാരിക സ്വാധീനമുണ്ട്. സ്വാർഥതയിൽ ബന്ധിക്കപ്പെട്ടു കിടക്കാതെ സാമൂഹികതയുടെ വിശാലതയിലേക്കു വാതിൽ തുറക്കുന്നു പെരുന്നാൾ ദിനങ്ങൾ. മാനുഷികബന്ധങ്ങൾ തുന്നിച്ചേർക്കുന്നു. ആഘോഷവേളയിലെ അഭിവാദ്യങ്ങളും ആശംസകളും വരെ പുണ്യകർമമായി ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ)യുടെ അനുചരന്മാർ പെരുന്നാൾ ദിനത്തിൽ പരസ്പരം അഭിവാദ്യം ചെയ്യുകയും ആശംസ അർപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നു ചരിത്രത്തിലുണ്ട്.

സന്തോഷദിനങ്ങളാണു പെരുന്നാൾ. പുതുവസ്ത്രം ധരിച്ചും സുഭിക്ഷമായി ഭക്ഷണംകഴിച്ചും മറ്റുള്ളവരെ വിരുന്നൂട്ടിയും വിശ്വാസികൾ ഈ ദിനങ്ങൾ വർണാഭമാക്കുന്നു. നിരാലംബരെയും ദുർബലരെയും ചേർത്തുപിടിക്കുന്നു. വിവിധ മതങ്ങളും സംസ്കാരങ്ങളും സംഗമിക്കുന്ന നമ്മുടെ രാജ്യത്തു മാനവിക സൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണു പെരുന്നാൾ. ഏവർക്കും ബലിപെരുന്നാൾ ആശംസകൾ.

(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

English Summary: A heart touching spiritual celebration "EID UL ADHA" 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com